കോഴിക്കോട്: കുത്തഴിഞ്ഞ സംസ്ഥാന വൈദ്യുതി ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തെത്തുര്‍ന്ന്, നേരേചൊവ്വേ ആകുന്നു. ഇതിന്റെ ഭാഗമായി, വര്‍ഷങ്ങളായി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയിരുന്ന ഇടതുപക്ഷ ജീവനക്കാരിലെ വമ്പന്‍മാര്‍ക്കും സ്ഥലം മാറ്റം. സ്ഥലംമാറ്റം റദ്ദാക്കാന്‍ ചര്‍ച്ചയ്‌ക്കുചെന്ന ഇടതുപക്ഷ യൂണിയന്‍ നേതാക്കളെ വൈദ്യുതിവകുപ്പുമന്ത്രി അതിവേഗം ഒഴിവാക്കി. ഇപ്പോള്‍ യൂണിയന്‍ അംഗങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍, മന്ത്രിയെ മാറ്റുമെന്ന വ്യാജപ്രചാരണം നടത്തി മാനം കാക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
സിപിഎം ഇത്തവണ വൈദ്യുതി വകുപ്പ് ജനതാദളിന് നല്കി. വകുപ്പുന്ത്രിയായി കെ. കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചു. എന്തുകൊണ്ട്? എന്ന ചോദ്യം പലരും ഉയര്‍ത്തി. അതിന് ഉത്തരമാണ് വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തൊഴിലാക്കിയവരുടെ സ്ഥലം മാറ്റവും വിഷയം ചര്‍ച്ചചെയ്യാന്‍ ചെന്നവര്‍ക്ക് കിട്ടിയ ദുരനുഭവവും. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഊര്‍ജ്ജ വിതരണ മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പദ്ധതികളും പരിഷ്‌കാരങ്ങളും ഈ മേഖലയില്‍ മുമ്പില്ലാഞ്ഞ കര്‍ക്കശമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുന്നതാണ്. അത് നടപ്പാക്കുന്നതോടെ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആസ്വദിക്കുന്ന പണിയെടുക്കാതെ ശമ്പളം പറ്റുന്ന പ്രവര്‍ത്തനം പറ്റാതാകും. ജീവനക്കാരെ കക്ഷിരാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് വിനിയോഗിച്ച സിപിഎമ്മിന് അണികളെ നിലയ്‌ക്കുനിര്‍ത്താനുമാവില്ല. അത് പാര്‍ട്ടിക്ക് പ്രശ്നമാകുമെന്നറിഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് എന്തും ചെയ്യാനുമുള്ള അധികാരം നല്കിയിരിക്കുകയാണ്.
സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശീര്‍വാദത്തോടെയാണ് മന്ത്രി ശുദ്ധീകരണം തുടങ്ങിയത്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിലും 60-40 അനുപാതത്തിലുമാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഊര്‍ജ്ജരംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം. ഇതിന്റെ തുടര്‍ച്ചയ്‌ക്ക് മോദി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ പുനസ്സംഘടനയുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അതിലുണ്ട്. ഇപ്പോഴത്തെ വൈദ്യുതി നിരക്കില്‍ യൂണിറ്റൊന്നിന് 40 ശതമാനം കുറവുവരാന്‍ പോകുന്ന പദ്ധതികളാണ് മോദി സര്‍ക്കാരിന്റേത്.
ഈ സാഹചര്യത്തിലാണ് ‘വോട്ടുരാഷ്‌ട്രീയ ഉപകരണങ്ങളായ’ പാര്‍ട്ടി ജീവനക്കാരെ കൈവിടാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ ഡയറക്ടര്‍മാരുടെ നിയമനം, അവരുടെ വകുപ്പുകളുടെ വിഭജനം, സി ഇ, ഡെപ്യൂട്ടി സി ഇ തസ്തികളില്‍ ഉണ്ടായ മാറ്റം, എന്നീ കാര്യങ്ങളില്‍ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി യൂണിയന്‍ അംഗങ്ങള്‍ക്ക് വിശദമായ പ്രസ്താവന നല്കിയത് ഫലിച്ചിട്ടില്ല. ബോര്‍ഡ് സിഎംഡിയെ കണ്ട്, ഈ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഓഫീസര്‍മാരുടെ സ്ഥലംമാറ്റമടക്കമുള്ള കാര്യങ്ങളില്‍ സംഘടനയുമായി കൂടിയാലോചിക്കുന്ന സമീപനമാണ് യുഡിഎഫ് കാലത്തുപോലും നടന്നിട്ടുള്ളതെന്നും ഇപ്പോഴത്തെ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഉത്തരവുകള്‍ വൈദ്യുതി മന്ത്രി രേഖാമൂലം നല്കിയ നിര്‍ദേശ പ്രകാരമാണെന്നും മന്ത്രിക്കേ മാറ്റാനാകൂ എന്നുമായിരുന്നു മറുപടി. തുടര്‍ന്ന് മന്ത്രിയെക്കാണാന്‍ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. മന്ത്രിയുടെ ഓഫീസില്‍ പ്രതിഷേധം അറിയിച്ച് മടങ്ങേണ്ടിവന്നു.
സപ്തംബര്‍ എട്ടിന് രാവിലെ വീട്ടില്‍ പോയി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മധുലാല്‍, മുഹമ്മദാലി എന്നിവരടങ്ങിയ സംഘടനാപ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ചു. എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ‘സര്‍ക്കാര്‍ വിരുദ്ധ സമീപന’ത്തിന് തെളിവുകള്‍ സഹിതം നിവേദനം തയ്യാറാക്കിനല്കി. എച്ച്ആര്‍എം വിഭാഗത്തില്‍ സര്‍ക്കാര്‍ വിരുദ്ധ സംഘടനയുടെ ആളുകള്‍ പിടിമുറുക്കുന്നവെന്നും ‘നമ്മുടെ സംഘടന’യെ മനപ്പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുന്നുവെന്നും വാദിച്ചു. പക്ഷേ, പത്തുമണിക്ക് മന്ത്രിസഭാ യോഗമുണ്ടെന്നറിയിച്ച് മന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചുവെന്നും അണികള്‍ക്ക് നേതാക്കള്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു. വര്‍ക്കേര്‍സ് അസോസിയേഷന്‍ നേതാക്കന്‍മാരും അന്നുതന്നെ് വൈദ്യുതി മന്ത്രിയെ സന്ദര്‍ശിച്ചു.
പക്ഷേ, ഈ കൂടിക്കാഴ്ചകള്‍ ഒരാഴ്ചകഴിഞ്ഞിട്ടും അനുകൂലമായ നടപടി ഇല്ല. ഈ സാഹചര്യത്തില്‍ അണികളുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്കാനാവാതെ നേതാക്കള്‍ കുഴങ്ങുകയാണ്. പകരം, മന്ത്രിയെ ഉടന്‍ മാറ്റും, വകുപ്പ് സിപിഎം തിരിച്ചെടുക്കും, തുടങ്ങിയ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: