തൃശ്ശൂര്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും വിവാദമായ പട്ടണം-മതിലകം ഉത്ഖനനവുമായി മുന്നോട്ടുപോകാന്‍ സ്വകാര്യ ഏജന്‍സിയായ പാമ. ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് സപ്തംബര്‍ മൂന്നിന് പാമയുടെ പറവൂരിലെ ഓഫീസില്‍ ലഭിച്ചുവെങ്കിലും ഇക്കാര്യം രഹസ്യമാക്കിവച്ച് പ്രവൃത്തി തുടരുകയായിരുന്നു.
എഎസ്ഐ ദല്‍ഹി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് തൃശ്ശൂരിലെ എഎസ്ഐ സൂപ്രണ്ടിങ് ഓഫീസിലും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഓഫീസിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ ഏജന്‍സി ഉത്ഖനനം തുടരുന്നതെന്നാണ് വിവരം.
ഗവേഷണത്തിലും ഏജന്‍സിയുടെ നടത്തിപ്പിലും ഗുരുതരമായ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പേരും മുദ്രയും അനധികൃതമായി ഉപയോഗിച്ച് പാമ അധികൃതര്‍ ചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പലരെയും തെറ്റിദ്ധരിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്.
ചരിത്ര ഗവേഷണത്തില്‍ പങ്കാളികളാക്കാമെന്ന വാഗ്ദാനം നല്കി പലരില്‍ നിന്നും ഇന്റേണ്‍ഷിപ്പ് ഫീ എന്ന പേരില്‍ പണപ്പിരിവും നടത്തി. നിരവധി ആര്‍ക്കിയോളജി വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരകളായത്. എഎസ്ഐയുടെ ഗവേഷകരെ ഒഴിവാക്കി അക്കാദമിക് യോഗ്യതകളില്ലാത്തവരെ ഉപയോഗിച്ച് ഉത്ഖനനം നടത്തിയെന്ന പരാതിയുമുണ്ട്.
പ്രാദേശിക ചരിത്ര നിര്‍മാണം എന്ന പേരില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംഘടിപ്പിച്ച് ഉത്ഖനനം നടത്താനും ശ്രമം നടന്നു. ആര്‍ക്കിയോളജി വിദഗ്ധരെ അറിയിക്കാതെയും അനുവാദം വാങ്ങാതെയുമായിരുന്നു ഇത്. അശാസ്ത്രീയവും അവിദഗ്ധവുമായ ഇടപെടലും ഖനനവും ദോഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അതവഗണിച്ചു. ചരിത്ര വിവരങ്ങള്‍ പങ്കുവയ്ക്കാനെന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമും ഇവര്‍ തയ്യാറാക്കി. 200 രൂപ ഫീസ് വാങ്ങിയാണ് ഇതില്‍ അംഗങ്ങളാക്കിയിരുന്നത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ആര്‍ക്കും ഇതില്‍ അംഗങ്ങളാകുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാം. ആധികാരികതയില്ലാത്ത വിവരങ്ങള്‍ ചരിത്രമെന്ന പേരില്‍ പ്രചരിക്കുന്നതിന് ഇത് ഇടവരുത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: