തിരുവനന്തപുരം : പോലീസിന്റേതിന് സമാനമായ കാക്കി നിറത്തിലുള്ള യൂണിഫോമിട്ട് മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. മറ്റ് ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കുന്നത് നിര്‍ത്തണം. അല്ലെങ്കില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി ഡിജിപി. പോലീസ് ആക്ട് പ്രകാരം പോലീസ് യൂണിഫോമിന് സമാനമായുള്ള വസ്ത്രം ധരിക്കുന്നത് തെറ്റാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
നിലവില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കാക്കി യൂണിഫോം ധരിക്കുന്നത്. കൂടാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍സ് പോലീസിന്റെ ഭാഗമായ അധ്യാപകര്‍ എന്നിവരെല്ലാം കാക്കി യൂണിഫോമും തോളില്‍ സ്റ്റാറുമെല്ലാം വയ്‌ക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവില്‍ പരാതി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ കാക്കി യൂണിഫോം ഉപയോഗിക്കുന്നുണ്ടെങ്കിലും പോലീസിന്റേതിന് സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ ഉപയോഗിക്കാറില്ല.
സേനാംഗങ്ങളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാക്കി ധരിക്കുകയും തെററിദ്ധാരണപരുത്തുകയും ചെയ്യുകയാണെന്നാണ് എഡിജിപി പത്മകുമാര്‍ ഉന്നയിച്ച പരാതി. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെയ്‌ക്കുന്ന ഫോട്ടോകള്‍ പോലീസുകാര്‍ എന്ന നിലയില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും പത്മകുമാറിന്റെ പരാതിയില്‍ പറയുന്നുണ്ട്. എഡിജിപി മനോജ് ഏബ്രഹാമാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: