എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആശംസകള്‍ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്താകട്ടെ ആഘോഷത്തിമിര്‍പ്പില്‍. ജന്മനാടായ വടനഗറില്നിന്ന് ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ഐതിഹാസിക യാത്ര നാടന്‍ പാട്ടിന്റെയും നൃത്തത്തിന്റെയുമൊക്കെ രൂപത്തില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് സൂറത്തില്‍ നടന്നത്. ഫേസ്ബുക്കിലൂടെ തത്സമയം കാണിച്ച് നമോത്സവ് എന്ന പേരിലുള്ള ഈ പരിപാടി പത്ത് ലക്ഷത്തിലേറെപ്പേര്‍ കണ്ടതായാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം മണ്ഡലമായ വാരാണസിയില്‍ എഴുപത്തിയോരായിരം ദീപങ്ങള്‍ തെളിയിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം അവിടുത്തെ ജനങ്ങള്‍ ആഘോഷിച്ചത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ബ്ലോക്കുകള്‍ തോറും നമോ ഗാര്‍ഡനുകള്‍ക്ക് തുടക്കം കുറിച്ച് ജന്മദിനത്തില് പ്രധാനമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. മറ്റ് പല സംസ്ഥാനങ്ങളും നൂതനമായ പരിപാടികള്‍ നടത്തുകയുണ്ടായി. കേന്ദ്ര ഭരണത്തിന് നേതൃത്വം നല്കുന്ന ബിജെപി ഒക്ടോബോര്‍ ഏഴുവരെ നീണ്ടുനില്‍ക്കുന്ന സേവാസമര്പ്പണ പരിപാടിക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ ആദരിക്കല്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചാണ് കേരളത്തില്‍ ബിജെപി പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നത്. രാജ്യത്ത് ഇത്രയേറെ ജനപിന്തുണ ആര്‍ജിക്കാനും, ആഗോളതലത്തില്‍ അംഗീകാരം നേടാനും ഇതിനു മുന്‍പ് ഇന്ത്യ ഭരിച്ച മറ്റൊരു നേതാവിനും കഴിഞ്ഞിട്ടില്ല. ഈ സ്വീകാര്യതയാണ് എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലെ പ്രതികരണങ്ങള്‍ അടിവരയിട്ടു കാണിക്കുന്നത്.
നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയല്ല ബിജെപി ചെയ്തത്. കൊവിഡ് മഹാമാരിയില്‍ വലയുന്ന ജനങ്ങളെ സഹായിക്കാന്‍ ഈ അവസരം പാര്‍ട്ടി ഉപയോഗിച്ചു. കൊവിഡ് അനാഥമാക്കിയ കുട്ടികളുടെ ക്ഷേമം ഉറപ്പുനല്‍കുന്ന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പാര്‍ട്ടി അന്ന് ആവശ്യപ്പെട്ടത്. ഇതേ പാത പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിലും പാര്‍ട്ടി പിന്തുടരുന്നതായി കാണാം. എട്ടാമത്തെ വയസ്സില്‍ ഗുജറാത്തിലെ വടനഗറില്‍ ആര്‍എസ്എസ് സ്വയംസേവകനായി തുടങ്ങിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദി പിന്നീടൊരിക്കലും ആദര്‍ശം കയ്യൊഴിഞ്ഞില്ല. പതിനേഴാമത്തെ വയസ്സില്‍ വീടു വിട്ടിറങ്ങിയ യാത്രക്കിടെ ആര്‍എസ്എസ് പ്രചാരകനും ബിജെപി നേതാവുമൊക്കെയായി. കേശുഭായ് പട്ടേലിന്റെ പിന്‍ഗാമിയായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുന്നതുവരെ ആ യാത്ര തുടര്‍ന്നു. പതിമൂന്ന് വര്‍ഷം ഗുജറാത്തിന്റെ ഭരണാധികാരിയായ മോദി പല നിലകളിലും സംസ്ഥാനത്തെ വികസനത്തിലേക്ക് നയിച്ചു. ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ ശില്പിയെ രാജ്യം കാത്തിരിക്കുകയായിരുന്നു. അഴിമതിയുടെ മറുപേരായിരുന്ന പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തിന് അന്ത്യംകുറിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ അതൊരു പുതുയുഗപ്പിറവി തന്നെയായിരുന്നു. അഴിമതി തൊട്ടുതീണ്ടാതെ അധികാരം കയ്യാളാനാവുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ദിനങ്ങളായിരുന്നു പിന്നീടുണ്ടായത്. ആ ജൈത്ര യാത്ര തുടരുകതന്നെയാണ്.
ഇച്ഛാശക്തിയുടെ പ്രതിരൂപമാണ് നരേന്ദ്രമോദി. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഇതാണ് കൈമുതല്‍. ലളിതമായ ചുറ്റുപാടുകളില്‍നിന്ന് ഒരു രാജ്യത്തിന്റെ നായകനാവുകയും, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത ഇതുപോലൊരു ഭരണാധികാരിയെ ചരിത്രം അധികമൊന്നും കണ്ടിട്ടില്ല. പ്രധാനമന്ത്രിപദം വഹിക്കുന്ന ഓരോ നിമിഷവും താന്‍ ജനങ്ങളുടെ പ്രധാന സേവകനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞ മറ്റൊരു പ്രധാനമന്ത്രിയും ഭാരതത്തിലുണ്ടായിട്ടില്ല. സുഖത്തിലും സന്തോഷത്തിലും, പുരോഗതിയിലും പ്രതിസന്ധിയിലും രാഷ്ട്രത്തിന്റെ നേതൃത്വം തന്റെ കയ്യില്‍ ശക്തവും ഭദ്രവുമാണെന്ന് മോദി ആവര്‍ത്തിച്ച് തെളിയിച്ചു കഴിഞ്ഞു. ആന്തരിക ഭീഷണിയായാലും, അയല്‍ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളായാലും, പ്രകൃതി ദുരന്തങ്ങളായാലും മഹാമാരിയായാലും നേരിടാന്‍ താനുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. അധികാര മോഹത്താല്‍ ചുരമാന്തുന്ന പ്രതിപക്ഷം എത്രയൊക്കെ ശ്രമിച്ചിട്ടും മോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടുന്ന ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇതാണ് കാണിക്കുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലത്തിനിടെ അധികാരമേറ്റ പ്രധാനമന്ത്രിമാരില്‍ മോദിയെപ്പോലെ ഇത്രയേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ മറ്റൊരാളില്ലെന്ന് തീര്‍ത്തു പറയാം. കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ഉത്സാഹത്തോടെയും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഈ മഹാമനുഷ്യന് അനുകൂലിക്കുന്നവര്‍ക്കും എതിരാളികള്‍ക്കും ഒന്നുപോലെ വിസ്മയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: