കോഴിക്കോട്: സമുദായത്തിലെ പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ കെണിയില്‍ നിന്ന് രക്ഷിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ച് താമരശ്ശേരി അതിരൂപത കൈപ്പുസ്തകം പുറത്തിറക്കി. അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന കൈപ്പുസ്തകത്തിലാണ് ലൗ ജിഹാദിന്റെ കുരുക്കിലകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കുട്ടികള്‍ക്കുള്ള വേദപാഠ ക്ലാസിലൂടെയാണ് നാല് ഭാഗങ്ങളുള്ള കൈപ്പുസ്തകം വിതരണം ചെയ്യുന്നത്.
മൂന്നാം ഭാഗത്തിലെ മുപ്പതാം ചോദ്യമായ ‘എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം?’ എന്നതില്‍ തുടങ്ങി, നാലാം ഭാഗത്തിലെ ‘പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ?’, ‘പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തെല്ലാം’ എന്നീ ഉപ തലക്കെട്ടുകള്‍ക്ക് കീഴിലാണ് ലൗ ജിഹാദിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഞായറാഴ്ചകള്‍ തോറും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായാണ് പള്ളികള്‍ കേന്ദ്രീകരിച്ച് രൂപത വേദപാഠ ക്ലാസുകള്‍ നല്‍കുന്നത്. മതവ്യാപനം ലക്ഷ്യമാക്കി വിവിധതരം ജിഹാദുകള്‍ മുസ്ലിം തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലൗ ജിഹാദ് എന്നും പുസ്തകം പറയുന്നു. അമുസ്ലിങ്ങളായ സ്ത്രീകളെയും പെണ്‍കുട്ടികളേയും പ്രേമം നടിച്ച് വശീകരിച്ച് വിവാഹം കഴിക്കുന്ന തന്ത്രമാണിത്. ഇതിനായി മുസ്ലിം യുവാക്കളേയും യുവതികളേയും പ്രത്യേക പരിശീലനം നല്കി സജ്ജമാക്കുന്നു. മനഃശാസ്ത്രപരവും ബൗദ്ധികവും വൈകാരികവുമായ മാര്‍ഗത്തിലൂടെ പദ്ധതികള്‍ മെനയുന്നു. ഒമ്പത് ഘട്ടങ്ങളിലൂടെയാണ് ലൗ ജിഹാദ് എന്നും പറയുന്നു.
പെണ്‍കുട്ടിയെ തെരഞ്ഞെടുക്കല്‍, പരിചയപ്പെടല്‍, ബന്ധം ദൃഢമാക്കല്‍, വിവാഹത്തെക്കുറിച്ചുള്ള ധാരണകള്‍, വിവാഹ വാഗ്ദാനം, കൈവിഷം അഥവാ ഓതിക്കെട്ടല്‍, ലൈംഗികബന്ധം, ദുരുപയോഗം ചെയ്യല്‍ (ഇതിന് തയാറായില്ലെങ്കില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിക്കുന്നു, മോര്‍ഫിങ് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നു), കുടുംബത്തില്‍ നിന്ന് അകറ്റുന്നു, സമൂഹത്തിലെ വില കളയുന്നു, നിയമപരമായി സ്വന്തമാക്കുക, വിവാഹ ജീവിതം, മതം മാറ്റം എന്നിവയാണ് ഒമ്പതു ഘട്ടങ്ങള്‍. മതംമാറിയവരെ നല്ല ജോലിയും ഭാവിയും വാഗ്ദാനം ചെയ്ത് വിദേശത്ത് അയക്കുകയും ഐഎസ് പോലുള്ള തീവ്രവാദികള്‍ക്ക് ലൈംഗിക അടിമകളായി വില്ക്കുകയോ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യാനുള്ള സാധ്യതകളും സംബന്ധിച്ച സൂചനകളും കൈപ്പുസ്തകത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: