തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോടികള്‍ പാഴാക്കിയതിന് പിന്നാലെ വീണ്ടും ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ കമ്പനിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും വാടകയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്.
ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്ത വകയില്‍ 22 കോടിയാണ് പാഴാക്കിയത്. മാവോയിസ്റ്റ് ഭീഷണി, പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് എന്നിവ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്തത്. എന്നാല്‍ അവയവങ്ങള്‍ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാനും മാത്രമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പോലീസ് ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള പണവും വകയിരുത്തിയിരുന്നത്.
അതേസമയം ഹെലിക്കോപ്ടര്‍ വാടകയ്ക്ക എടുത്തതിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. വാടക കുറച്ച് ഹെലിക്കോപ്ടറുകള്‍ നല്‍കാമെന്ന് പല കമ്പനികളും വാഗ്ദാനം ചെയ്തെങ്കിലും ഇതെല്ലാം അവഗണിച്ച് പവന് ഹാന്‍സ് എന്ന കമ്പനിയുടെ ഹെലിക്കോപ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു.
ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു സര്‍ക്കാര്‍ പവന്ഡ ഹാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത്. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000യുമായിരുന്നു കരാര്‍. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് നല്‍കിയതെന്നായിരുന്നു ഇത് വിവാദമായതോടെ സര്‍ക്കാര്‍ മറുപടി നല്‍കിയത്.
മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് അഭികാമ്യം. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പവന് ഹാന്‍സുമായുള്ള കരാറിനെ ന്യായീകരിച്ചെങ്കിലും മാവോയിസ്റ്റ് ഏറ്റുമുട്ടലിനായി ഇത് ഉപയോഗിച്ചപ്പോള്‍ പരാജയപ്പെടുകയായിരുന്നു. ഇത് കൂടാതെ പെട്ടിമുടിയില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായും ഹെലികോപ്പ്റ്റര്‍ ഉപയോഗിക്കാനായില്ല.
അതിനിടെ വിവാദങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ടെന്‍ഡര്‍ ക്ഷണിച്ചാണ് ഹെലിക്കോപ്ടറിനെ വാടകയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്. 22 കോടി രൂപ പാഴായെന്ന ആക്ഷേപങ്ങളെ തുടര്‍ന്ന് ഡിജിപി നിലപാട് മാറ്റുകയായിരുന്നു. ഇനി ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെങ്കില്‍ ടെണ്ടര്‍ വഴിവേണമെന്നും അതാണ് സര്‍ക്കാറിന് ലാഭമെന്നും കാണിച്ച് ജനുവരിയില്‍ ഡിജിപി സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: