അമ്പലവയല്‍: വയനാട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ കര്‍ശന പരിശോധനകളുളളപ്പോള്, തമിഴ്നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് വരാന്‍ ഊടുവഴികള്‍ ഏറെ. നീലഗിരി ജില്ലയിലെ മണല്‍വയല്‍ വഴി വടുവന്‍ചാലിലേക്ക് യാതൊരു പരിശോധനയുമില്ലാതെ ദിവസവും വരുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്.
കൊവിഡ് കേസുകള്‍ കൂടിയതോടെ അമ്പലവയല്‍ മൂപ്പൈനാട് പഞ്ചായത്തുകള്‍ പലതവണ ലോക്ഡൗണായപ്പോഴും ഇതുവഴി തമിഴ്നാട്ടില്‍ നിന്ന് ആളുകള്‍ വന്നു പോയിരുന്നു. മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാലില്‍ നിന്ന് വട്ടച്ചോലവഴി നീലഗിരി ജില്ലയിലെ മണല്വയലിലേക്കുളള പാതയാണിത് പുഴക്കപ്പുറം തമിഴ്നാടാണ്. പുഴകടന്നാല് കുറച്ചകലെ തമിഴ്നാടിന്റെ ചെക്പോസ്റ്റുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് അങ്ങോട്ടുളള പ്രവേശനം. വാക്സിന് സര്‍ട്ടിഫിക്കറ്റും, ആര്‍ടിപിസിആര്‍ പരിശോധനാഫലമൊക്കെ നല്‍കിയാലേ അതിര്‍ത്തികടക്കാന്‍ കഴിയൂ.
പക്ഷേ, തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് യാതൊരു പരിശോധനയും കൂടാതെ കേരളത്തിലേക്ക് വന്നുപോകുന്നത്. വടുവന്‍ചാല്‍ ഭാഗത്ത് ഇടക്ക് കേരള പോലീസിന്റെ പരിശോധനയുണ്ടാകാറുണ്ട്. എന്നാല്‍ അത് മറികടക്കാന്‍ മറ്റൊരുവഴി പാലത്തിനടുത്തുകൂടെയുണ്ട്. അമ്പലവയല്‍, മൂപ്പൈനാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലേക്കാണ് ഇതുവഴി ആളുകള്‍ ഇങ്ങനെ അനധികൃതമായി കടന്നുവരുന്നത്.
കൊവിഡ് രണ്ടാം തരംഗത്തില്‍ നൂറുദിവസത്തോളം അമ്പലവയല്‍ പഞ്ചായത്തും രണ്ടുതവണ മൂപ്പൈനാട് പഞ്ചായത്തും ലോക്ക് ഡൗണായിയിരുന്നു. നാട്ടില്‍ ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെയും കടകള്‍ തുറക്കാന്‍ സമ്മിക്കാതെയും കര്‍ശനമായിരുന്നു നിയന്ത്രണങ്ങള്‍. അപ്പോഴും ഈ അതിര്‍ത്തികടന്ന് തമിഴനാട്ടില്നിന്ന് വാഹനങ്ങള്‍ ഒരുതടസ്സവുമില്ലാതെ ഈ പഞ്ചായത്തുകളിലേക്കെത്തുന്നത്. ഇപ്പോഴും ഈ അതിര്‍ത്തി കടന്നെത്തുന്നവരോട് ചോദിക്കാനും പറയാനും ആരുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: