ന്യൂദല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന് പുതിയ രണ്ട് ഓഫീസ് കോംപ്ലക്സുകള്‍ ഒരുങ്ങുന്നു. മന്ത്രാലയത്തിന്റെ വിവിധ യൂണിറ്റുകളിലെ ഏകദേശം 7,000 ഉദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും സായുധ സേനയും ഇവിടേക്ക് മാറും. ദല്‍ഹിയിലെ രണ്ട് സമുച്ചയങ്ങളില്‍ ഒന്ന്, ആഫ്രിക്ക അവന്യൂവിലും മറ്റൊന്ന് കസ്തൂര്‍ബാ ഗാന്ധി മാര്ഗിലുമാണ്. 775 കോടി രൂപ ചെലവിലാണ് 9.6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഈ പുതിയ ഓഫീസ് കോംപ്ലക്സുകളുടെ നിര്‍മ്മാണം. പുതിയ ഓഫീസ് സമുച്ചയങ്ങള്‍ക്കായി പ്രതിരോധ മന്ത്രാലയം പണം നല്കിയപ്പോള്, അവരുടെ കേന്ദ്ര വിസ്ത പദ്ധതിയുടെ ഭാഗമായി ഭവന നിര്‍മ്മാണവും നഗരവികസന മന്ത്രാലയവുമാണ് പ്രവൃത്തി നിര്‍വഹിച്ചത്.
ഉദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം ഉടന്‍ ആരംഭിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം കൂടിയാണിത്. മന്ത്രാലയത്തിന് പൂര്‍ണ്ണമായി, വിശാലമായ ഓഫീസ് സമുച്ചയം ഉണ്ടാകുന്നത് ഇതാദ്യമാണ്. തിങ്ങി ഞെരുങ്ങി ജോലി ചെയ്യുന്ന അവസ്ഥക്ക് മാറ്റമാകും. മന്ത്രാലയ ആസ്ഥാനം സ്ഥിതിചെയ്യുന്ന ‘സൗത്ത് ബ്ലോക്കിന് പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സ്പേസ്’ ആയിരിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ‘ഈ ചിതറിക്കിടക്കുന്ന ഓഫീസുകള്‍ ഒരിടത്തേക്ക് വരുന്നു, ഇത് വിവിധ വകുപ്പുകളും സംഘടനകളും തമ്മിലുള്ള കാര്യക്ഷമതയും യോജിപ്പും മെച്ചപ്പെടുത്തും,’ ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: