കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹരിത നേതാക്കള്‍. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞ പോലെ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിതിരിഞ്ഞ് നടക്കുന്നവരല്ല ഞങ്ങളെന്നും ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പരാതി നല്‍കിയതെന്നും ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ കോഴിക്കോട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹരിതയുടെ പെണ്‍കുട്ടികളെ നിയന്ത്രിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന്നും അയാളുടെ കൈയില്‍ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഉണ്ടെന്നും അത് പുറത്ത് വിട്ടാല്‍ പല ഹരിതക്കാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊക്കെയാണ് പ്രചരിപ്പിച്ചത്. ഇതില്‍ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷെ നീതി നിഷേധമാണുണ്ടായത്. ഞങ്ങള്‍ ചാടി കളിക്കുന്ന കുരങ്ങന്മാരല്ല, ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാന്‍. ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനല്‍ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും നജ്മ തബ്ഷീറ പറഞ്ഞു. പെണ്‍കുട്ടി എന്ന നിലയില്‍ സഹിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോയത്. സ്വഭാവദൂഷ്യമുണ്ടെന്നും പ്രചരിപ്പിച്ചു. സഹിക്കാഞ്ഞിട്ടാണ് അഞ്ചു പേജുള്ള പരാതി നല്‍കിയത്. പക്ഷെ നേതൃത്വം അത് കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് മുന്‍ ഭാരവാഹി മുഫീത തസ്നി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: