തൃശ്ശൂര്‍: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പ് ആവശ്യപ്പെട്ടാല്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി എം.പി. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികളുണ്ടെങ്കില്‍ പരിഹരിക്കുക എന്നത് പാര്‍ലമെന്റംഗം എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തില്‍ വരുംകാലങ്ങളില്‍ ഒരു കോടി തെങ്ങില്‍ തൈ നടാന്‍ പദ്ധതിയുണ്ടാക്കുമെന്ന് അദേഹം വ്യക്തമാക്കി. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ നാലില്‍ ഒരാള്‍ ഒരു തൈ വച്ച് നട്ടാല്‍ ഇത് സാധ്യമാകുമെന്നും അതിനുള്ള എല്ലാ പിന്തുണയും നല്‍കാന്‍ കൂടെയുണ്ടാകുമെന്നും സുരേഷ്ഗോപി പറഞ്ഞു.
നാളികേര വികസന കോര്‍പ്പറേഷന്‍ അംഗമായ ശേഷം, തൃശൂര്‍ തിരുവില്വാമലയില്‍ സാഹിത്യകാരന്‍ വി.കെ.എന്നിന്റെ വീട്ടില്‍ തെങ്ങിന്‍തൈ നട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തില്‍ 1001 തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് തെങ്ങിന്‍ തൈ നട്ടത്.
ജനിതക മാറ്റം വരുത്തിയ സങ്കരയിനം തെങ്ങിനങ്ങളേക്കാള്‍ നാടന്‍ തൈകള്‍ക്കാണ് താന്‍ പരിഗണന നല്‍കുന്നത്. ഇത്തരം തൈകള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ കായ്ഫലത്തിന് കാലതാമസം നേരിടുമെങ്കിലും അതിന്റെ ഗുണനിലവാരം ഏറെയാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. നാളികേരം കൂടാതെ തെങ്ങില്‍ നിന്ന് ലഭിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി കയറ്റുമതി ചെയ്യുകവഴി കൂടുതല്‍ വിദേശനാണ്യം നേടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ കൂടാതെ, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും പദ്ധതി പ്രായോഗികമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, ചേലക്കര മണ്ഡലം പ്രസിഡന്റ് പി.ആര്‍. രാജ്കുമാര്‍, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരന്‍, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, വി.സി. പ്രകാശന്‍, പി.എസ്. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: