കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ ക്രിക്കറ്റ് മതിയാക്കി. രാജ്യാന്തര ടി 20 മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നുളള മലിംഗയുടെ വിരമിക്കല്‍ പൂര്‍ത്തിയായി. ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നിന്ന് നേരത്തെ തന്നെ വിരിമിച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മലിങ്ക വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്റെ ഷൂസ് ഇനി വിശ്രമിക്കും. ക്രിക്കറ്റിനോടുള്ള എന്റെ സ്നേഹം എന്നെന്നും നിലനില്‍ക്കുമെന്ന് മലിംഗ പോസ്റ്റ് ചെയ്തു. ഈ സന്ദേശത്തിനൊപ്പം ടി 20 യിലെ വിക്കറ്റ് നേട്ടങ്ങളുടെ ഒരു വീഡിയോ കൂടി പോസ്റ്റ്് ചെയ്തിട്ടുണ്ട്. 2014 ല്‍ ശ്രീലങ്കയ്ക്ക് ടി 20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മലിംഗ. 2020 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരെയാണ് ശ്രീലങ്കയ്ക്കുവേണ്ടി അവസാന ടി 20 മത്സരം കളിച്ചത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു. ഐപിഎല്ലില്‍ നിന്ന്് വിരമിക്കുകയാണെന്ന് ഈ വര്‍ഷമാദ്യം അറിയിച്ചതിനാല്‍ മലിംഗയെ പതിനാലാം സീസണിനുള്ള മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തിയില്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ഈ പേസ് ബൗളര്‍. 170 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. രാജ്യാന്തര ടി 20 യിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് (107) എടുത്ത താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ചു ഹാട്രിക്ക് നേടി. രണ്ട് തവണ തുടര്‍ച്ചയായി നാലു പന്തുകളില്‍ നാലു വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: