ന്യൂദല്‍ഹി:സ്വതന്ത്ര വ്യപാരക്കരാര്‍ (Free trade Agreement – FTA) സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നവംബര്‍ ഒന്നോടെ തുടക്കമിടാന്‍ ഇന്ത്യയും ബ്രിട്ടനും. താല്‍ക്കാലിക കരാറിന് മുന്‍ഗണന നല്‍കുകയും പിന്നീട് ഒരു സമഗ്ര ഉടമ്പടി തയ്യാറാക്കാനുമാണ് ലക്ഷ്യമിടുന്നത്. പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശ വ്യാപാര കാര്യ സെക്രട്ടറി എലിസബത്ത് ട്രസും, സ്വതന്ത്ര വ്യപാരക്കരാറിനെയും മറ്റ് വ്യാപാര കാര്യങ്ങളെയും സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.
ഇന്ത്യയും യുകെയും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യപാരക്കരാര്‍ അധിക വാണിജ്യ അവസരങ്ങള്‍ തുറക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും പുതുക്കി.
സ്വതന്ത്ര വ്യപാരക്കരാര്‍ സംബന്ധിച്ച് ഇന്ത്യയിലെയും യുകെയിലെയും ബിസിനസ്സ് സമൂഹം ഉത്സുകരാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ, ടെക്സ്റ്റൈല്‍സ്, ഉപഭോക്തൃകാര്യ,പൊതുവിതരണ വകുപ്പുകളുടെ ചുമുതലയുള്ള മന്ത്രി ശ്രീ പീയുഷ് ഗോയല്‍ പറഞ്ഞു. 2021 മേയ് 4 ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള ‘പ്രഖ്യാപനം’ നടത്തിയത് മുതല്‍, പങ്കാളിത്തത്തിന്റെ വിവിധ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഗോയല്‍ പറഞ്ഞു.
ഇരുരാജ്യങ്ങളിലുമുള്ള ബിസിനസുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ ദ്രുതവും സുഗമവുമായ ലഭ്യതയ്ക്കായി ചര്‍ച്ചകള്‍ നേരത്തേ പൂര്‍ത്തിയാക്കാന്‍ താല്പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ / ബിസിനസ് അസോസിയേഷനുകള്‍, കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകള്‍, ഉപഭോക്തൃ /വ്യാപാര അസോസിയേഷനുകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ (Regulatory Bodies), മന്ത്രാലയങ്ങള്‍ /വകുപ്പുകള്‍, പൊതു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നതായും ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വിപുലമായ പങ്കാളിത്തത്തിനുള്ള കണ്സള്ട്ടേഷന് പേപ്പറും പ്രസിദ്ധീകരിച്ചു.
ചര്‍ച്ചയില്‍ ധൃതഗതിയിലുള്ള പുരോഗതി സുഗമമാക്കുന്നതിനും ഉഭയകക്ഷി താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും സംവേദനക്ഷമതയും മനസ്സിലാക്കുന്നതിനായി വ്യത്യസ്ത BWG- കള്‍ (Bilateral Working Groups) രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. BWG – യോഗങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 2021 സെപ്റ്റംബറോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്
BWGചര്‍ച്ചകള്‍ ഇരുപക്ഷത്തെയും നയങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവംബറില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള TOR (terms of reference) അന്തിമമാക്കുന്നതിന് 2021 ഒക്ടോബര്‍ 1 ന് ആരംഭിക്കുന്ന സംയുക്ത സ്കോപ്പിംഗ് ചര്‍ച്ചകള്‍ (Joint Scoping discussion) മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: