കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ കേസെടുത്ത് ഹൈക്കോടതി. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ വിവാഹത്തിനെത്തിയെന്ന് കോടതി നിരീക്ഷിച്ചു. മകന്റെ വിവാഹ നടപ്പന്തലിന് രൂപമാറ്റം വരുത്തും വിധത്തില്‍ അലങ്കാരങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന വിവാഹങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും എല്ലാ വിവാഹങ്ങളും ഒരു പോലെ നടത്താന്‍ സാഹചര്യമുണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് രവി പിള്ളയുടെ മകന്റെ വിവാഹം നടന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നടപന്തലിലെ അലങ്കാരങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.
നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് കോടതി പറഞ്ഞു. വിവാഹ സമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോയെന്ന് കോടതി ആരാഞ്ഞു. വലിയ ആള്‍ക്കൂട്ടം വിവാഹ ചടങ്ങില്‍ പങ്കെടുത്തുവെന്ന് വ്യക്തമാണെന്ന് വിലയിരുത്തിയ കോടതി നടപ്പന്തലിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്കി. തൃശൂര്‍ എസ്പി, ഗുരുവായൂര്‍ സിഐ, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കക്ഷി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: