കാബൂള്‍ : താലിബാന്കാര്ക്കിടയിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്നുണ്ടായി വെടിവെപ്പില്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുല്ല അബ്ദുള്‍ ഗനി ബരാദര്‍. താലിബാന് വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ഈ ശബ്ദ സന്ദേശം പുറത്തുവിട്ടത്. തനിക്ക് വെടിയേറ്റിട്ടില്ല. താന്‍ ജീവനോടെയുണ്ടെന്നും പറയുന്നതാണ് സന്ദേശം. നിലവില്‍ അഫ്ഗാന് ഉപ പ്രധാനമന്ത്രിയാണ് ബരാദര്‍.
കഴിഞ്ഞ കുറച്ചുദിവസമായി താനൊരു യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും ബരാദര്‍ ശബ്ദസന്ദേശത്തിലൂടെ പറഞ്ഞു. മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബരാദര്‍ പറഞ്ഞു.
താലിബാന് ഭരണം കയ്യേറിയതിന് പിന്നാലെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറി. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും താലിബാന് നേതാക്കള്‍ക്കിടയില്‍ അധികാര മോഹം ഉടലെടുക്കുകയും ഇതിനായി രംഗത്ത് വരികയും ചെയ്തു. ഇത് സര്‍ക്കാര്‍ രൂപീകരണവും വൈകിച്ചു.
ഇതിനിടെ അഫ്ഗാന് പാര്‍ലമെന്റ് കൊട്ടാരത്തില്‍ നടന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ ബരാദറിന് നേരെ വെടിയുതിര്‍ത്തു, തുടര്‍ന്ന് ബരാദറിന് ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെന്നണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് താലിബാന് ബരാദറിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: