മാവേലിക്കര: തെക്കേക്കരയില്‍ സംസ്കരിക്കാനായി എടുത്ത വയോധികയുടെ മൃതദേഹം പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നിമേല്‍ പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ (80)യുടെ മരണമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒന്‍പതോടെ സംസ്കാര ചടങ്ങിനായി എടുക്കുവാന്‍ തുടങ്ങിയപ്പോഴാണ് കുറത്തികാട് പോലീസ് എത്തുകയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.
മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീപവാസികള്‍ കൊടുത്ത പരാതിയിലായിരുന്നു നടപടി. പ്രാഥമിക മൃതദേഹ പരിശോധനയില്‍ കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇവരുടെ തൈറോയിഡ് ഗ്രന്ഥിയ്ക്ക് പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞതുമാണ് മരണകാരണം.
മകന് സന്തോഷിന്റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകന് സുനിലും താമസിച്ചിരുന്നത്. സംഭവത്തില്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പോലീസ് പറഞ്ഞു. കുറത്തികാട് സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: