ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടക്കൊല്ലി വനഗ്രാമത്തിലെ 20 ഓളം കാട്ടുനായ്ക്ക കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ദുരിതത്തില്‍ കഴിയുന്നത്. ഇവിടേക്ക് എത്തിപ്പെടാന്‍ സൗകര്യപ്രദമായ വഴിയോ, കുടിവെള്ളസൗകര്യമോ ഇല്ല. പുറംലോകത്തുനിന്നും ഒറ്റപ്പെട്ട് കഴിയുന്ന ഈ വനഗ്രാമത്തിലേക്ക് എത്തണമെങ്കില്‍ ആനയും, കടുവയും, പന്നിയുമൊക്കെ വിഹരിക്കുന്ന കാനനപാത താണ്ടണം.
അസുഖമായവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും അത്യാവശ്യകാര്യങ്ങള്‍ക്കും വീട്ടുസാധനങ്ങള്‍ വാങ്ങണമെങ്കിലും ബത്തേരി ടൗണിലോ മറ്റോ എത്തണമെങ്കിലും ഇവര്‍ രണ്ട് കിലോമീറ്റര്‍ ദൂരം കാട്ടിലൂടെ നടന്ന് വാഹനസൗകര്യമുള്ള ബത്തേരി പാട്ടവയല്‍ റോഡിലെ മുണ്ടകൊല്ലിയില്‍ എത്തിവേണം വാഹനം കയറാന്‍.
പകല്‍ സമയങ്ങളില്‍ കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോകുമെങ്കിലും രാത്രിസമയങ്ങളില്‍ ആശുപത്രിസംബന്ധമായ കാര്യങ്ങള്‍ വന്നാല്‍ നേരം പുലരുവോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഈ കുടുബങ്ങള്‍. ഇതിനുപുറമെ കുടിവെളളമില്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. കോളനിയില്‍ ഒരു കിണറുണ്ടങ്കിലും വെള്ളം ഉപയോഗ്യയോഗ്യമല്ല. അതിനാല്‍ സമീപത്തെ കേണിയിലെ വെള്ളമാണ് ഇവര്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത്. എന്നാല്‍ മഴ പെയ്താല്‍ വെള്ളംകുത്തിയൊലിച്ച് കേണിയിലെ വെള്ളം മലിനമാകും. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാലാണ് വെള്ളം ഉപയോഗിക്കാനാകു. അതുവരെ കലങ്ങിയ വെളളം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍.
ഓരോ തെരഞ്ഞെടുപ്പിലും ആളുകളെത്തി എല്ലാം ശരിയാക്കിതരാമെന്ന് പറഞ്ഞ് പോകുമെന്നല്ലാതെ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാറി്ല്ലന്നാണ് കോളനിക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: