ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്റെ കൊച്ചുമകന് ഇന്ദര്‍ജീത് സിങ്ങ് ബിജെപിയില്‍ ചേര്‍ന്നു. മുത്തച്ഛന്റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജീത് പ്രതികരിച്ചു. കോണ്‍ഗ്രസ് തന്റെ മുത്തച്ഛനോട് മര്യാദ കാണിച്ചില്ലെന്ന് ഇന്ദര്‍ജീത്ത് ആരോപിച്ചു. മദന്‍ലാല്‍ ഖുറാനയുടെ കാലത്ത് ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ബിജെപിയില്‍ ചേരണമെന്ന് മുത്തച്ഛന് ആഗ്രഹിച്ചിരുന്നു. എ.ബി. വാജ്പേയിയെയും എല്‍.കെ. അദ്വാനിയെയും തനിക്ക് പരിചയപ്പെടുത്തി തന്നത് മുത്തച്ഛന് ആണെന്നും ഇന്ദര്‍ജീത് പറഞ്ഞു.
ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ദര്‍ജീത്തിന്റെ ബിജെപി പ്രവേശം. പഞ്ചാബ് ബിജെപിയുടെ ചുമതല വഹിക്കുന്ന ദുഷ്യന്ത് ഗൗതം ഇന്ദര്‍ജീത്തിനെ സ്വാഗതം ചെയ്തു. പഞ്ചാബിലെ ജനങ്ങളുടെ മനസ്സില്‍ ബിജെപിക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ദര്‍ജീത്തിന്റെ വരവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാറും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ദല്‍ഹി ബിജെപി ഓഫീസില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹവും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബിജെപി സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇവരെ എന്നും ആശ്രിതരാക്കി നിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് ശ്രമം. ബിജെപി അംഗത്വം സ്വീകരിച്ച തനിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാജ്കുമാര് പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടുത്തവര്‍ഷം ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്കുമാറിന്റെ ബിജെപി പ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: