എസ്. ശ്രീനിവാസ് അയ്യര്‍
ബ്രഹ്മാവിന് ഒരിക്കല്‍ വിശപ്പും കോപവുമുണ്ടായത്രെ! ആ കോപത്തില്‍ നിന്നും ഉത്ഭവിച്ചവരാണ് രാക്ഷസന്മാര്‍ എന്നാണ് കഥ. രാക്ഷസവംശത്തിലെ ഏറ്റവും പ്രശസ്തന്‍ രാവണനാണ്.
കശ്യപപ്രജാപതിക്ക് ദനുവെന്ന പത്‌നിയില്‍ ദാനവന്മാരും ദിതിയെന്ന പത്‌നിയില്‍ ദൈത്യന്മാരും പിറന്നു. ഈ രണ്ടുകൂട്ടരെയും ചേര്‍ത്താണ് അസുരന്മാര്‍ എന്നു പറയുന്നത്. മഹാബലിയും ശംബരനും വിപ്രചിത്തിയും ബാണനുമൊക്കെ അസുരവംശത്തിലെ പ്രതാപശാലികള്‍. രാക്ഷസന്മാരെയും അസുരന്മാരെയും ഒന്നായാണ് കരുതുക. ദേവലോകത്തിന്റെ നിത്യശത്രുക്കളാണിവര്‍. രാഷ്‌ട്രീയഭാഷയില്‍ വിളിച്ചാല്‍ ദേവലോകത്തിലെ പ്രതിപക്ഷം.
ഈ കഥയ്‌ക്ക് ജ്യോതിഷത്തില്‍ എന്തു പ്രസക്തിയെന്നാവും ചോദ്യം. ഒരു പ്രസക്തിയുമില്ല, സത്യത്തില്‍. ദേവഗണം, മനുഷ്യഗണം, രാക്ഷസഗണം അഥവാ അസുരഗണം എന്നിങ്ങനെ പ്രാധാന്യമുള്ള ഒരു നക്ഷത്ര വര്‍ഗീകരണമുണ്ട്. അതിനുള്ള ഒരു ചവുട്ടുപടി എന്ന നിലയ്‌ക്ക് എഴുതിയതുമാത്രമാണ്.
അസുരഗണത്തില്‍ അഥവാ രാക്ഷസ ഗണത്തില്‍ വരുന്നത് ഒമ്പത് നക്ഷത്രങ്ങളാണ്. ഓരോ ഗണത്തിലും ഒമ്പത് നക്ഷത്രങ്ങളുണ്ട്. കാര്‍ത്തിക, ആയില്യം, മകം, ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നിവയാണ് അസുര/രാക്ഷസ ഗണത്തിലെ ഒമ്പത് നക്ഷത്രങ്ങള്‍. ഇവയില്‍ മറ്റ് വര്‍ഗങ്ങളില്‍/വിഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുമുണ്ട്. അക്കാര്യം ഓടിച്ചുനോക്കാം.
പുരുഷ/സ്ത്രീ എന്ന വിഭജനമുണ്ട് നക്ഷത്രങ്ങളില്‍. കാര്‍ത്തിക, ചിത്തിര, അവിട്ടം, ചതയം എന്നിവ നാലും സ്ത്രീ നക്ഷത്രങ്ങള്‍. ശേഷിക്കുന്നവ അഞ്ചും പുരുഷ നക്ഷത്രങ്ങള്‍. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തരംതിരിവുകള്‍ പ്രകാരം മകം, വിശാഖം, മൂലം എന്നിവ മൂന്നും സൃഷ്ടി നക്ഷത്രങ്ങള്‍. ചിത്തിര, അവിട്ടം എന്നിവ രണ്ടും സ്ഥിതി നക്ഷത്രങ്ങള്‍. കാര്‍ത്തിക, ആയില്യം, തൃക്കേട്ട, ചതയം എന്നിവ നാലും സംഹാര നക്ഷത്രങ്ങളും. ഇനിയുമുണ്ടേറേ വര്‍ഗീകരണങ്ങള്‍. ഒരു രാശിയില്‍ നാലുപാദങ്ങളും വരുന്ന നക്ഷത്രങ്ങളെ ‘മുഴു നാളുകള്‍’ എന്നുപറയുന്നു. നാലു പാദങ്ങള്‍ രണ്ടു രാശികളിലായി വരുന്നവയെ ‘മുറിനാളുകള്‍’ എന്നും വിളിക്കുന്നു. അസുരഗണ നക്ഷത്രങ്ങളില്‍ കാര്‍ത്തിക, ചിത്തിര, വിശാഖം, അവിട്ടം എന്നിവ നാലും മാത്രമാണ് ഇരുരാശികളില്‍ വരുന്നവ. ശേഷിക്കുന്നവയഞ്ചും ഒരു രാശിയില്‍ തന്നെ വരുന്നവയാണ്.
ഇത്തരം വര്‍ഗീകരണങ്ങളും വിഭജനങ്ങളും ജ്യോതിഷത്തിന്റെ സവിശേഷതകളാണ്. ലളിതമായ കണക്കുകൂട്ടലുകളും ഋജുവായ പരികല്പനകളും കൊണ്ട് ജ്യോതിഷത്തില്‍ ഒന്നും നേടാനാവില്ല. മുത്തെടുക്കാന്‍ ജ്യോതിഷം എന്ന ആഴക്കടലില്‍ ഒന്നല്ല, ഒരായിരം തവണ മുങ്ങേണ്ടി വന്നേക്കും.
അസുരഗണ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ കഠിനാധ്വാനത്തിലൂടെ, ഉയര്‍ന്ന ലക്ഷ്യത്തിലെത്തിച്ചേരുന്നു. ജീവിതമാകുന്ന പുഴയുടെ ഗതിതടയുന്ന കുന്നുകളെ തകര്‍ത്തെറിയുന്നു. ഏട്ടിലെ പശുവാകാന്‍ അവര്‍ക്ക് താല്‍പര്യമില്ല. കറകളഞ്ഞ പ്രായോഗികവാദികളാണവര്‍. മഹാകവി ഇടശ്ശേരിയുടെ ചുവടെ ചേര്‍ക്കുന്ന വരികള്‍ അസുരഗണനക്ഷത്രക്കാരുടെ ജീവിതദര്‍ശനം ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കുന്നു. ‘കുഴിവെട്ടി മൂടുക വേദനകള്‍/കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍’.
അസുരഗണ നക്ഷത്രങ്ങളുടെ തുടര്‍ പഠനങ്ങളും വിശദീകരണങ്ങളും മറ്റൊരിക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: