കൊല്‍ക്കൊത്ത: ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മമതയ്ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ടിബ്രെവാളിനെ പ്രഖ്യാപിച്ചു.
ഇക്കുറി ഭവാനിപൂര്‍ മറ്റൊരു നന്ദിഗ്രാമായി മാറുമെന്നാണ് ബിജെപിയുടെ താക്കീത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ശിഷ്യന് സുവേന്ദു അധികാരിയോട് മമത തോല്‍ക്കുകയായിരുന്നു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റെങ്കിലും മമതയെ മുഖ്യമന്ത്രിയാക്കി. എവിടെയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്തി ആറുമാസത്തിനുള്ളില്‍ വിജയിച്ചെങ്കില്‍ മാത്രമേ മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ സാധിക്കൂ. അതുകൊണ്ട് ഭവാനിപൂരിലെ തെരഞ്ഞെടുപ്പ് മമതയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.
എന്നാല്‍ നന്ദിഗ്രാമില്‍ സുവേന്ദുവിനോട് തോറ്റതുപോലെ ഭവാനിപൂരിലും മമതയെ തോല്പിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ‘തോറ്റ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് ഭവാനിപൂരില്‍ മത്സരം. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍ എന്റലി സീറ്റിലാണ് തോറ്റത്. മമത നന്ദിഗ്രാമിലും. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ നടത്തിയ നരനായാട്ടിനെതിരെ നീതി തേടിയായിരിക്കും അഡ്വക്കേറ്റായ പ്രിയങ്കയുടെ പോരാട്ടം,’ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
സെപ്തംബര്‍ 30നാണ് ഭവാനിപൂര്‍, സംസെര്ഗഞ്ജ്, ജംഗിപൂര്‍ നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ്. ‘മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമ്പോള്‍ എല്ലാവരും കരുതിയത് അവര്‍ വിജയിക്കുമെന്നാണ്. എന്നാല്‍ തോറ്റു. രാഷ്ട്രീയത്തില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. പ്രിയങ്ക തൃണമൂലിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ നീതിക്കായി പൊരുതും,’ ദിലീപ് ഘോഷ് പറഞ്ഞു.
തിങ്കളാഴ്ച പ്രിയങ്ക നാമനിര്‍ദേശപത്രിക നല്‍കും. ‘ഞങ്ങള്‍ തോറ്റ സ്ഥാനാര്‍ത്ഥിയെയാണ് മറ്റൊരു തോറ്റ സ്ഥാനാര്‍ത്ഥിക്കെതിരെ നിര്‍ത്തുന്നത്. ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത തോറ്റു. 1984ല്‍ മമത സോമനാഥ് ചാറ്റര്‍ജിയെ തോല്‍പ്പിച്ചു. അതിന് മുന്‍പ് ആര്‍ക്കാണ് മമതയെ അറിയുക? ‘ ദിലീപ് ഘോഷ് ചോദിച്ചു.
‘ബംഗാളിലെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശം മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അവരില്‍ നിന്നും അപഹരിച്ചു. ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ യുദ്ധം ചെയ്യുന്നത്.,’ പ്രിയങ്ക ടിബ്രെവാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഭവാനിപൂരിലെ ഒരു ചുമരില്‍ ദിലീപ് ഘോഷും സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാളും താമര വരച്ചു. ഈ ചിത്രം ട്വിറ്ററില്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: