തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ്സില്‍ ഗോള്‍വാള്‍ക്കറും സവര്‍ക്കറും ഉള്‍പ്പെടുന്നതില്‍ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
ഒരു യൂണിവേഴ്സിറ്റിക്കകത്ത് കയറിക്കഴിഞ്ഞാല്‍ പല അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ ഒരു പുസ്തകം ഒരു സര്‍വകലാശാലയില്‍ ഉണ്ടാകരുതെന്ന് പറയാന്‍ സാധിക്കില്ല. ആ പുസ്തകം മാത്രമായിരുന്നു സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ അത് ശരിയല്ലായിരുന്നു.
എന്നാല്‍ പല പുസ്തകങ്ങള്‍ക്കിടയില്‍ ഗാന്ധിജി നെഹ്റു തുടങ്ങിയവരുടെ പുസ്തകങ്ങളും ഉണ്ട്. അതിനൊപ്പമാണ് ഈ പുസ്തകങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വായിക്കാം, എല്ലാം ചര്‍ച്ച ചെയ്യാം എന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്ന് തരൂര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ വിമര്‍ശനാത്മകമായി വിഷയങ്ങളെ മനസ്സിലാക്കണം. എല്ലാ അഭിപ്രായങ്ങളും വായിക്കണം. തന്റെ നിലപാട് ഒരു രാഷ്ട്രീയക്കാരന് എന്ന നിലയിലല്ല, അക്കാഡമീഷ്യന്‍ എന്ന നിലയിലാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രതികരണം. ബിജെപി സിപിഎം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിലബസില്‍ തെറ്റില്ല. ഇത് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്. അധ്യാപകന് എന്ന നിലയില്‍ ചില പോരായ്മകളുണ്ട്. വിശദമായ വിവരണം കൂടി ഉള്പ്പെടുത്തണമായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടംഗ പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: