ന്യുയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന് ചരിത്രനേട്ടം ഒരു ജയം അരികെ. അലക്സാണ്ടര്‍ സ്വരേവിനെ ആവേശപ്പോരില്‍ തകര്‍ത്ത് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയ ദ്യോക്കോവിച്ചിന് ഒരുജയം കൂടി നേടിയാല്‍ കിരീടവും രണ്ട് റിക്കാര്‍ഡുകളും പോക്കറ്റിലാകും. 21 ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ പുരുഷ താരമെന്ന റിക്കാര്‍ഡും 52 വര്‍ഷത്തിനുശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റിക്കാര്ഡുമാണ് സ്വന്തമാകുക.
അഞ്ചു സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിലാണ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച്് ജര്‍മ്മനിയുടെ അലെക്സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയത്. സെമിയില്‍ ആദ്യ സെറ്റ് നഷ്ടമായ ദ്യോക്കോവിച്ച് ഫൈനലിലേക്ക്് പൊരുതിക്കയറുകയായിരുന്നു. സ്കോര്‍: 4-6, 6-2, 6-4, 4-6, 6-2.
രണ്ടാം സീഡ് ഡാനില്‍ മെദ്വെദേവാണ് ഫൈനലില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. ഫെലിക്സ്് ആഗര്‍- അലിയാസിമിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്വെദേവ് ഫൈനലില്‍ കടന്നത്. സ്്കോര്‍: 6-4, 7-5, 6-2. ഇത് മൂന്നാം തവണയാണ് ഈ റഷ്യന്‍ താരം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.
കലാശക്കളിയില്‍ മെദ്വദെവിനെ തോല്‍പ്പിച്ചാല്‍ ദ്യോക്കോ ചരിത്രം കുറിക്കും. 1969 നുശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യപുരുഷ താരമാകും. കൂടാതെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന പുരുഷ താരമെന്ന റിക്കാര്‍ഡും ലഭിക്കും. നിലവില്‍ ദ്യോക്കോവിച്ച് റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 1969ല്‍ ഓസ്ട്രലിയയുടെ റോഡ് ലേവറാണ് നാലു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി ചരിത്രം കുറിച്ച പുരുഷ താരം.
വനിതാ ഫൈനല്‍
വനിതകളുടെ ഫൈനലില്‍ ഇന്ന് കൗമാര താരങ്ങളായ ലെയ്ല ഫെര്‍ണാണ്ടസും എമ്മ റാഡുകാനുവും ഏറ്റുമുട്ടും. 1999 നുശേഷം യുഎസ് ഓപ്പണില്‍ നടക്കുന്ന കൗമാരതാരങ്ങളുടെ ആദ്യ ഫൈനലാണ്. 1999 ലെ കൗമാരതാര ഫൈനലില്‍ സെറീന വില്യംസും മാര്‍ട്ടിന ഹിങ്ങിസുമാണ് ഏറ്റുമുട്ടിയത്. അന്ന് സെറീന വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: