ന്യൂയോര്‍ക്ക്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന് ഇന്ന് ഇരുപതാണ്ട്. അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന് അധികാരം പിടിച്ചെടുത്ത വേളയിലെ സപ്തംബര്‍ 11 ദിനാചരണം ലോകം ഏറെ കരുതലോടെയാണ് വീക്ഷിക്കുന്നത്. ഇസ്ലാമിക ഭീകരര്‍ റാഞ്ചിയത് നാല് വിമാനങ്ങള്‍, മൂന്ന് ആക്രമണങ്ങള്‍. വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറില്‍ ആദ്യവിമാനവും 17 മിനിറ്റിനകം സൗത്ത് ടവറിലേക്ക് രണ്ടാമത്തെ വിമാനവും ഇടിച്ചു കയറ്റി. തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രതിരോധത്തിന്റെ സിരാകേന്ദ്രമായ പെന്റഗണിലും ആക്രമണം. നാലാമത്തെ വിമാനം ലക്ഷ്യമിട്ടത് വൈറ്റ്ഹൗസോ ക്യാപ്പിറ്റോള്‍ മന്ദിരമോ… അത് പക്ഷേ നടന്നില്ല. 2750 പേര് ന്യൂയോര്‍ക്കിലും 184 പേര് പെന്റഗണിലും 40 പേര് പെന്‍സില്‍വേനിയയിലും ആക്രമണത്തിനിരയായി മരിച്ചു. 19 ഭീകരരും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിന്ലാദനെത്തേടി അമേരിക്കന്‍ സേന അഫ്ഗാനിലേക്ക് എത്തുന്നതിന്റെ തുടക്കം അതായിരുന്നു. ഇരുപതാണ്ട് പിന്നിടുമ്പോള്‍ താലിബാന് വീണ്ടും അഫ്ഗാന് പിടിച്ചെടുത്തിരിക്കുന്നു. ജാഗ്രതയോടെ ലോകം ഇന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ന്യൂയോര്‍ക്കിലെ സപ്തംബര്‍ 11 മ്യൂസിയത്തില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: