ദിപിന്‍ ദാമോദരന്‍
128 വര്‍ഷം മുമ്പുള്ളൊരു സെപ്റ്റംബര്‍ 11…കാവിയുടുത്ത ആ യുവാവില്‍ നിന്നും പ്രവഹിച്ച വാക്കുകള്‍ക്ക് അഗ്‌നിപ്രഭാവമുണ്ടായിരുന്നു, ഇന്നും ജ്വലിക്കുന്നു അത്. ധിഷണയുടെ ഉജ്ജ്വലത കൊണ്ടോ വാക്ചാതുരിയുടെ അനാദൃശ്യതകൊണ്ടോ പടിഞ്ഞാറിലെ ഒരു നേതാവിനും അടുക്കാന്‍ പോലും വയ്യാത്ത മഹായശസ്‌കന്റെ വരവ് അടയാളപ്പെടുത്തുകയായിരുന്നു അന്നവിടെ, ചിക്കാഗോയിലെ ആര്‍ട്ട് മ്യൂസിയത്തില്‍. ഭാരതീയതയുടെ അടിവേരുകള്‍ പിഴുതെറിയാന്‍ കണ്ണുനട്ടിരിക്കുന്നവര്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത കാലത്താണ് ലോകത്തിന് ‘അഗ്നി’ വഴികാട്ടിയ ദിനം വീണ്ടും ഓര്‍മിക്കപ്പെടുന്നത്
വൈദികസംസ്‌കൃതിയില്‍ നിന്നും കടഞ്ഞെടുത്ത ഭാരതമെന്ന വികാരം ധന്യമാക്കിയത് അറിഞ്ഞും അറിയപ്പെടാതെയും ആഘോഷിച്ചും ആഘോഷിക്കപ്പെടാതെയും പോയ അസംഖ്യം ഋഷിമാരുടെ ജീവിതങ്ങളാണ്. ഹിമാലയ പര്‍വത നിരകളിലെന്ന പോലെ ജനക്കൂട്ടത്തിനിടയിലും ജീവിതസത്യം തേടിയലഞ്ഞ അവരിലൂടെയാണ് ഈ രാഷ്‌ട്രം നിര്‍വചിക്കപ്പെട്ടത്. സമാജത്തിനായി സര്‍വവും സമര്‍പ്പിച്ചായിരുന്നു അവര്‍ തങ്ങളുടെ ജീവിതയജ്ഞം പൂര്‍ത്തിയാക്കിയത്. നരേന്ദ്രനായി ജനിച്ച് രണ്ടാം അവതാരത്തില്‍ വിവേകാനന്ദനായി രൂപാന്തരം കൊണ്ട്, ആയിരം സൂര്യന്‍മാരുടെ തേജസില്‍ ജ്വലിച്ച സ്വാമി വിവേകാനന്ദന്‍ അവരില്‍ കാലാതീതനായി നിലകൊള്ളുമെന്ന് കാലം തന്നെ കുറിച്ചുവെച്ചിരുന്നു.
സര്‍വതരത്തിലുള്ള മാതൃകാ മാനദണ്ഡങ്ങളെയും ആദര്‍ശങ്ങളെയും അതിവര്‍ത്തിക്കുന്ന മഹാപുരുഷന്മാരുടെ കൂടെയാണ് എക്കാലവും വിവേകാനന്ദ സ്വാമികളുടെ ഇരിപ്പിടം. സ്വാതന്ത്ര്യത്തിന്റെ കൊടുങ്കാറ്റായി വര്‍ത്തിച്ച അദ്ദേഹത്തിന്റെ വരവ് അടയാളപ്പെടുത്തിയത് 1893 സെപ്റ്റംബര്‍ 11നായിരുന്നു, ഒരു തിങ്കളാഴ്‌ച്ച. വൈദിക സംസ്‌കൃതി പ്രകാരം, വഴികാട്ടുന്നതെന്തോ അതാണ് അഗ്നി. ആ അര്‍ത്ഥത്തില്‍ അഗ്നി തന്നെയായിരുന്നു അദ്ദേഹം. വിവേകാനന്ദ സ്വാമികളുടെ ധൈഷണിക സ്ഫുലിംഗത്തിന്റെ അടയാളപ്പെടുത്തലിനൊപ്പം ഒരു രാഷ്‌ട്രത്തിന്റെയാകെ സ്വാതന്ത്ര്യ പോരാട്ടത്തിന് വഴികാട്ടിയാകാനും വിശ്വവിഖ്യാതമായ ചിക്കാഗോ പ്രസംഗം നിമിത്തമായി.
അമേരിക്കയിലെ സോദരി സോദരന്മാരെ എന്നു തുടങ്ങിയ പ്രഭാഷണം സനാതനധര്‍മ്മത്തെ ലോകത്തിന് മുന്നില്‍ ഏറ്റവും മികവുറ്റ രീതിയില്‍ തേജസുറ്റ ഭാവത്തോടെ അവതരിപ്പിച്ചു. ഹിന്ദുത്വ വിപ്ലവത്തേയും സോഷ്യലിസ്റ്റ് മുന്നേറ്റത്തെയും മിതവാദി പ്രസ്ഥാനങ്ങളെയുമെല്ലാം ഒരുപോലെ സ്വാധീനിച്ച വിവേകവാണികള്‍ക്ക് ഇന്നും പ്രസക്തിയേറെയാണ്. അധിനിവേശക്കാരില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കാന്‍ യത്‌നിച്ച ധീരയോദ്ധാക്കള്‍ക്ക് ഊര്‍ജത്തിന്റെ വറ്റാത്ത സ്രോതസായിരുന്നു സ്വാമി വിവേകാനന്ദന്‍. ഭാരത സ്വതന്ത്ര സമരത്തിന്റെ നായകനായി നേതാജി സുഭാഷ് ചന്ദ്രബോസിനെ പരുവപ്പെടുത്തിയെടുത്തതും ബ്രിട്ടനെ നാടുകടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളമിട്ടത്തും വിവേകാനന്ദ ദര്‍ശനങ്ങളായിരുന്നു. ഭാരതസംസ്‌കൃതിയുടെ അടിവേരുകള്‍ പിഴുതെടുക്കാന്‍ ഉന്നമിട്ടുള്ള ഇന്നിന്റെ ബൗദ്ധിക-സാംസ്‌കാരിക യുദ്ധങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ യുവതയ്‌ക്ക് ശക്തിപകരുന്നതും വിവേകചിന്തകള്‍ തന്നെ.
1893 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയില്‍ വെച്ചുനടന്ന ലോകമത മഹാസമ്മേളനത്തിലാണ് വിവേകാനന്ദനിലൂടെ സനാതന ധര്‍മത്തിന്റെ ശംഖൊലി ആദ്യമായി ആധുനിക ലോകം കേട്ടത്. വേദങ്ങളുടെ പൈതൃകം പേറി, കാവിയണിഞ്ഞ്, ചുണ്ടില്‍ ഓംകാര മന്ത്രവുമായെത്തിയ കിഴക്കിന്റെ പുത്രന് മുന്നില്‍ അന്ന് ലോകം തലകുനിച്ചു. സാഹോദര്യവും ഭാരതമെന്ന അഭിമാനവും തുളുമ്പി നിന്ന പ്രസംഗത്തിന് ഈ സെപ്റ്റംബര്‍ 11ന് 128 വയസ് തികയുകയാണ്.
ആദ്യമായിട്ടായിരുന്നു സ്വാമിജി ഒരു സദസിനെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ പ്രസംഗത്തിന് മുമ്പ് അദ്ദേഹത്തില്‍ ഒരു അസ്വസ്ഥത നിഴലിച്ചിരുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സരസ്വതി ദേവിയെ വണങ്ങിത്തുടങ്ങിയ പ്രഭാഷണം എന്നാല്‍ ഒരു തുടക്കക്കാരന്റേതാണെന്ന് ലവലേശം തോന്നിയില്ല. ലോകത്തെ ഏറ്റവും മഹത്തായ പ്രസംഗങ്ങളില്‍ ഒന്നായി അത് കുറിക്കപ്പെട്ടു. സ്വാമിജി അപ്പോഴുണ്ടായ അനുഭവം ഒരിക്കല്‍ പറഞ്ഞു, ”പെട്ടെന്ന് അസ്വസ്ഥത തോന്നി ആദ്യം. പക്ഷേ, ഭാരതത്തിന്റെ ആത്മാവ് എന്റെയുള്ളില്‍ കയറി. ഇവിടത്തെ ഋഷിമാരുടെ ലോകമന്ത്രങ്ങള്‍ എന്റെ കാതുകളില്‍ മുഴങ്ങി, രാമകൃഷ്ണന്റെ ശബ്ദം എന്നെ ഉണര്‍ത്തി ഉത്തേജനം നല്‍കി.”
അമേരിക്കയിലെ ‘എന്റെ സഹോദരി, സഹോദരന്‍മാരെ’ എന്ന് പറഞ്ഞായിരുന്നു തുടക്കം…അതിലെ മൂന്ന് വാക്കുകള്‍ കേട്ട് ഏഴായിരത്തിലധികം വരുന്ന ശ്രോതാക്കള്‍ എണീറ്റുനിന്ന് കൈയടിച്ചു. രണ്ട് മിനുറ്റോളം നീണ്ടുനിന്നു കരഘോഷം. ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്നു മാത്രം കേട്ട് ശീലിച്ച അവര്‍ക്ക് സാഹോദര്യത്തിന്റെ പുതിയ അനുഭവം പകര്‍ന്നു നല്‍കുന്നതായി വിവേക വാണികള്‍. പ്രകൃതിയിലെ സര്‍വതിനോടും താദാത്മ്യം പ്രാപിക്കാന്‍ പഠിപ്പിച്ച ദര്‍ശനമാണ് ഭാരതത്തിന്റേതെന്ന സന്ദേശമായിരുന്നു ആ വാക്കുകളില്‍. ”ലോകത്തിലെ അതിപ്രാചീന സന്യാസി പരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. സര്‍വ വര്‍ഗവിഭാഗങ്ങളിലും പെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു,” സ്വാമിജി പറഞ്ഞു. സഹിഷ്ണുതയും സാര്‍വലൗകിക സ്വീകാര്യതയും ലോകത്തിനുപദേശിച്ച ധര്‍മത്തിന്റെ അനുയായി എന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് ആ യുവയോഗി പറഞ്ഞത്. പുതിയൊരു യജ്ഞത്തിന്റെ തുടക്കമായിരുന്നു അത്. വിവേകചിന്തകള്‍ക്ക് ഒരു നാടിനെ മുഴുവന്‍ പ്രകമ്പനം കൊള്ളിക്കാനുള്ള ശേഷിയുണ്ടായിരുന്നു.
ഭാരതമെന്ന വിചാരധാര
വൈദേശികാക്രമണത്തില്‍ സ്വന്തം ഭൂതംകാലം മറന്നപ്പോള്‍ അധ:പതനമായിരുന്നു ഭാരതത്തെ കാത്തിരുന്നത്. വേദമെന്ന സ്വത്തും വൈദികനെന്ന സ്വത്വവും സമൂഹത്തിന് നഷ്ടമായി. അറിവില്‍ അഭിരമിച്ചിരുന്ന ഒരു രാഷ്‌ട്രത്തിന്റെ പിന്‍തലമുറയാണ് അറിവില്ലായ്മയുടെ പടുകുഴിയില്‍ വീണതെന്ന് സ്വാമി വിവേകാനന്ദന്‍ തുടര്‍ പ്രസംഗങ്ങളിലൂടെ ബോധ്യപ്പെടുത്തി. ഏതോ പ്രാകൃത സംസ്‌കൃതിയുടെ വൃത്തികെട്ട ശേഷിപ്പുകളായി ഭാരതത്തിന് വ്യാഖ്യാനം ചമയ്‌ക്കപ്പെട്ട കാലത്തായിരുന്നു സ്വാമിജിയുടെ വരവ്. സ്വാതന്ത്ര്യത്തിന്റെ ബലിപീഠങ്ങള്‍ തേടിയുള്ള യാത്രയാരംഭിച്ച ആ സന്ന്യാസിയുടെ നിയോഗമായിരുന്നു രാഷ്‌ട്രത്തിന്റെ സ്വത്വവും സ്വത്തും വീണ്ടെടുക്കുകയെന്നത്. ബ്രീട്ടീഷ് ആധിപത്യത്തിനുകീഴില്‍ ആലസ്യം പൂണ്ടുകിടന്നിരുന്ന ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നതിലും ദേശീയ വിപ്ലവത്തിന് ഊര്‍ജം പകരുന്നതിലും സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങളും വിചാരധാരകളും വഹിച്ച പങ്ക് വാക്കുകളിലൊതുങ്ങില്ല.
ഭൂതകാലത്തില്‍ നന്നാണ് ഭാവി രൂപപ്പെടുത്തേണ്ടതെന്ന് അദ്ദേഹം യുവതയെ ഓര്‍മ്മിപ്പിച്ചു. ഇപ്പോഴും ഓര്‍മിപ്പിക്കുന്നു. ഭൂതമാണ് ഭാവിയാവുക-സ്വാമിജി പറഞ്ഞു. ഭാരതീയര്‍ അവരുടെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്തോറും രാഷ്‌ട്രത്തിന്റെ ഭാവി ശോഭനമായിത്തീരുമെന്നായിരുന്നു അദ്ദേഹം ഉദ്‌ഘോഷിച്ചത്. ഓരോരുത്തന്റെയും മുമ്പില്‍ ഭൂതകാലത്തെ എത്തിക്കാന്‍ ശ്രമിക്കുന്നവരെല്ലാം വലിയ നന്മയാണ് സ്വന്തം ജനതയ്‌ക്കു ചെയ്യുന്നത്. പ്രാചീനരുടെ നിയമങ്ങളും ആചാരങ്ങളും ചീത്തയായതു കൊണ്ടല്ല ഭാരതം അധ:പതിച്ചതെന്ന് സ്വാമി തറപ്പിച്ചു പറഞ്ഞു. ”പിന്നെയോ ഈ നിയമ, ആചാരങ്ങളെ അവയുടെ ന്യായമായ നിഗമനങ്ങളില്‍ അല്ലെങ്കില്‍ യഥാര്‍ത്ഥ വസ്തുതയില്‍ എത്തിച്ചേരാന്‍ അനുവദിക്കാഞ്ഞതുകൊണ്ടാണ്.”
അതതുകാലങ്ങളിലെ പരിണാമങ്ങള്‍ക്ക് വിധേയപ്പെടുന്നതാണ്, അല്ലെങ്കില്‍ കാലപ്രവാഹത്തില്‍ സ്വയം ശുദ്ധീകരിക്കപ്പെടുന്നതാണ് ഭാരതത്തിലെ സാമുദായിക നിയമങ്ങളെന്ന ഉറച്ച ബോധ്യം വിവേകാനന്ദസ്വാമികള്‍ക്കുണ്ടായിരുന്നു. ”പ്രാരംഭത്തില്‍ ഈ നിയമങ്ങള്‍ രൂപം നല്‍കിയത് വമ്പിച്ചൊരു പദ്ധതിക്കാണ്. ക്രമേണ ആ പദ്ധതി കാലത്തിലൂടെ ആവിഷ്‌കരിക്കപ്പെടുമായിരുന്നു. പ്രാചീനഭാരതത്തിലെ വന്‍കിട ഋഷിമാര്‍ ഭാവിയിലേക്ക് വളരെയേറെ കണ്ണോടിച്ചവരായിരുന്നു. പല ശതകങ്ങള്‍ കഴിഞ്ഞിട്ടേ ലോകര്‍ക്ക് അവരുടെ പ്രാജ്ഞത ബോധ്യപ്പെടുകയുള്ളൂ. ഭാരതത്തിന്റെ അധപതനത്തിന്റെ ഒരേ ഒരു കാരണം അവരുടെ പിന്‍ഗാമികള്‍ക്ക് ആ അല്‍ഭുത പദ്ധതിയുടെ പൂര്‍ണമായ പ്രാപ്തി ഗ്രഹിക്കാന്‍ സാധിക്കാത്തതാണ്,” ഭാരതം മതത്തിന്റെ നാടാണ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്വാമിജിയെഴുതി.
ധന്യമായ സ്വന്തം പൈതൃകത്തെ മറന്ന് വൈദേശിക പ്രത്യയശാസ്ത്രങ്ങളെ അതേപടി പുല്‍കുന്ന പ്രവണതയ്‌ക്ക് നിലനില്‍പ്പുണ്ടാകില്ലെന്ന് സ്വാമിജി കരുതി. അതേസമയം ഇരുളടഞ്ഞ ആശയങ്ങളെ പുല്‍കുന്നതുമായിരുന്നില്ല അദ്ദേഹത്തിന്റെ സങ്കല്‍പ്പം. മതവാദികളുടെ വേഷമണിഞ്ഞ് സ്ത്രീ വിരുദ്ധത പടര്‍ത്തുന്ന അല്‍പ്പജ്ഞരുടേതുമല്ല വിവേകഭാരതം. മതവെറിയന്‍മാരുടേതും അഭിനവ വിപ്ലവകാരികളുടേതുമല്ല. മറ്റൊരു രാഷ്‌ട്രമാകാനും അവള്‍ക്ക് കഴിയില്ല. ഭൂമിയും വെള്ളവും വായുവും പോലെ വേദമെന്ന അറിവും സര്‍വര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്ന് പഠിപ്പിച്ച ഒരു സംസ്‌കാരം തഴച്ചുവളര്‍ന്ന ഇടമായിരുന്നു സ്വാമിജിക്ക് ഭാരതം.
സാമൂഹ്യ, സാമ്പത്തിക വികസനമാതൃകകളിലും നാം ഉള്‍ക്കൊള്ളേണ്ടത് സ്വാമിജി മുന്നോട്ടുവച്ച സ്വദേശിയിലധിഷ്ഠിതമായ ആഗോള ദര്‍ശനമാണ്. ഭാരതീയതയില്‍ അടിയുറച്ച് നിന്ന് മാറ്റങ്ങളെ പുല്‍കാനായിരുന്നു അദ്ദേഹം പറഞ്ഞത്. യുക്തിയില്ലാതെ പടിഞ്ഞാറിനെ അനുകരിക്കാന്‍ വെമ്പല്‍ കാണിക്കുന്നവരോട് സ്വാമികള്‍ക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു, ”ഹേ ഭാരതമേ, ഇതാണ് നിനക്കുള്ള ഏറ്റവും വലിയ ഭീഷണി. പാശ്ചാത്യരെ അനുകരിക്കാനുള്ള ഭ്രമം വളര്‍ന്ന് നന്മ-തിന്മകള്‍ നിര്‍ണയിക്കുന്നതു യുക്തിശാസ്ത്രം, വിവേകം, വിദ്വദ് വിധി എന്നിവകൊണ്ടോ ശാസ്ത്രപരാമര്‍ശം കൊണ്ടോ അല്ലെന്നായിരിക്കുന്നു. വെള്ളക്കാര്‍ സ്തുതിക്കുന്ന ചിന്തകളും ആചാരങ്ങളും നല്ലത്. അവര്‍ നിന്ദിക്കുന്നതു ചീത്തയും, കഷ്ടം! വിഡ്ഢിത്തത്തിനു ഇതിലും വലിയ തെളിവു വേണമോ. ഈ ഏറ്റുചൊല്ലല്‍, ഈ കുരങ്ങുകളി, ഈ പരാശ്രയത്വം, അടിമകളുടേതായ ഈ കഴിവുകേട്, അറപ്പുളവാക്കുന്ന ഈ മനക്കട്ടി-ഇത്രയും കൊണ്ടാണോ നീ വലിയ പദവിയിലെത്താന്‍ പോകുന്നത്? ലജ്ജാവഹമായ ഈ കാപരുഷത്വം കൊണ്ടാണോ നീ വീരഭാഗ്യമായ സ്വാതന്ത്ര്യം നേടാന്‍ പോകുന്നത്.”
മുഖ്യം യുക്തിയും സ്വാതന്ത്ര്യവും
വളരെ സ്പഷ്ടവും അചഞ്ചലവുമായിരുന്നു സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍. സ്വാതന്ത്ര്യവും യുക്തിയുമായിരുന്നു അതിന്റെ കാതല്‍. ഈ സുഭാഷിതത്തിലുണ്ട് അതിന്റെ പതിര്‍, ‘യുക്തിയുക്തം വചോഗ്രാഹ്യം ബാലാദപി ശുകാദപി, അയുക്തമപി ന ഗ്രാഹ്യം സാക്ഷാദപി ബൃഹസ്പതേ.’ യുക്തിപൂര്‍വമായ കാര്യങ്ങള്‍ ആരില്‍ നിന്നും, ഒരു കുട്ടിയില്‍ നിന്നോ ഒരു തത്തയില്‍ നിന്നു പോലുമോ സ്വീകരിക്കാം. എന്നാല്‍ നിങ്ങളുടെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ എത്ര മഹാന്‍ വന്നു പറഞ്ഞാലും സ്വീകരിക്കരുത്. അതുകൊണ്ടുതന്നെ സേച്ഛാധിപത്യത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രത്തിനും സ്വാമി വിവേകാനന്ദന്റെ പൈതൃകം അവകാശപ്പെടാന്‍ സാധിക്കില്ല. ഒറ്റബുദ്ധിയിലധിഷ്ഠിതമായ ഒരു ‘ഇസ’ത്തിനും അത് യോജ്യവുമല്ല. സ്വാതന്ത്ര്യമാണ് ഭാരതത്തിന്റെ ആത്മാവെന്ന് സ്വാമിജി വിശ്വസിച്ചു. അവളുടെ ആശ്രയത്വം അവള്‍ മാത്രമാണ്. പരാശ്രയത്വമുള്ള ഒരു ആശയസംഹിതയും ഇവിടെ തളിരിടില്ല. ഇതോര്‍ക്കണം, ഒരിക്കല്‍ വിവേകാനന്ദനെ അപഹസിച്ച്, ഇന്ന് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍.
ആധുനിക ലോകത്ത് നിര്‍ണായക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഭാരതത്തോട്, വിശിഷ്യാ രാഷ്‌ട്രത്തെ നയിക്കുന്നവരോടും യുവാക്കളോടും ഇന്ത്യന്‍ ദേശീയതയുടെ ആത്മീയ ആചാര്യന് പറയാനുള്ളത് മറ്റൊന്നുമല്ല: ”കാലചക്രം വീണ്ടും മേലോട്ട് തിരിയുകയാണ്. വിദൂരഭാവിയിലല്ലാതെതന്നെ ഭൂമിയുടെ അങ്ങേയറ്റം വരെ ചെന്നുപറ്റുന്ന തുടിപ്പുകള്‍ ഭാരതത്തില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പ്രതിദിനം കൂടുതല്‍ ശക്തിമത്തായി മുന്നോട്ടുനീങ്ങുന്ന മാറ്റൊലികളെ ഇളക്കി വിടുന്ന ഒരു ശബ്ദം മുഴങ്ങിയിരിക്കുന്നു. ഈ ശബ്ദം അതിനു മുമ്പായിട്ടുള്ളവയെപ്പോലും അപേക്ഷിച്ചു കൂടുതല്‍ കരുത്തുറ്റതാണിന്ന്. വീണ്ടും കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു. പ്രകാശത്തിന്റെ മണ്ഡപങ്ങളിലേക്കു കടന്നുവരുക-വീണ്ടും, ഒരിക്കല്‍ കൂടി കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു.”
വീണ്ടും വിശ്വഗുരു ആകാനുള്ള ഭാരതത്തിന്റെ യജ്ഞത്തിന് വഴികാട്ടിയാകുന്നത് വിവേകാനന്ദ ദര്‍ശനങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും അദ്ദേഹത്തെ മാതൃകാ പുരുഷനാക്കിയ ഒരു പ്രധാനമന്ത്രി രാഷ്‌ട്രത്തെ നയിക്കുമ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: