കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരായ സഹോദരന്‍മാരുടെ കാരവാനാക്കി മാറ്റിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിനാണ് നടപടി. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.
വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിലപാട്. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. ഇബുള്‍ ജെറ്റിനെതിരായ കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്‍റ് നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എം.വി.ഡി നിയമവും കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു നിരവധി പരാതികൾ അടുത്തിടെ ലഭിച്ചിരുന്നു. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഇവര്‍ റോഡില്‍ വാഹനമോടുക്കുന്നത് അപകടകരമാംവിധമാണെന്നു കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പരാതികളും ഒപ്പം ചേര്‍ത്തിരുന്നു. അതില്‍ പലരും ഇവര്‍ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തില്‍ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: