കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടുകാരന് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്നുള്ള പരാതിയില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നാണ് കമ്മിഷന് നിര്‍ദ്ദേശം. അന്വേഷണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ ചുമതലയുള്ള ജില്ല കളക്ടര്‍ക്കുമാണ് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
പനി ബാധിച്ച് ചികിത്സയിലിരിക്കെ സെപ്തംബര്‍ അഞ്ചിനാണ് കുട്ടി നിപ ബാധിച്ച് മരിച്ചത്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഉള്‍പ്പെടെ അഞ്ച് ആശുപത്രികളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. മസ്തിഷ്ക ജ്വരം ഉള്‍പ്പെടെ നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും രോഗം കണ്ടെത്താന്‍ സാധിക്കാത്തത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കുട്ടികള്‍ക്കുള്ള വെന്റിലേറ്റര്‍ മെഡിക്കല്‍ കോളേജില്‍ ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഈ സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞത്. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള 251 പേരെ കണ്ടെത്തി ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ലഭ്യമായ 68 പേരുടെ ഫലവും നെഗറ്റീവാണെന്നതും ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: