കണ്ണൂര്‍: വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ചുമതലപ്പെട്ട സര്‍വ്വകലാശാല വിസി, വിദ്യാര്‍ഥികളോട് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ ആഹ്വാന പ്രസംഗം വിവാദമായി. പ്രസംഗത്തിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതികളും നല്‍കിക്കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടക്കുന്നുവെന്നും ഇതിനെതിരെ പ്രമേയം കൊണ്ടുമാത്രം കാര്യമില്ലെന്നും വിദ്യാര്‍ഥികള്‍ ശക്തമായ ചോദ്യം ഉന്നയിക്കണമെന്നുമാണ് യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസില്‍ സര്‍വ്വകലാശാല യൂണിയന് ഉദ്ഘാടനം ചെയ്ത് ഗോപിനാഥ് രവീന്ദ്രന് പ്രസംഗിച്ചത്. രാജ്യത്ത് മറ്റിടങ്ങളിലെല്ലാം കാവിവത്കരണമായി, കേരളത്തില്‍ ഇടതുപക്ഷമുള്ളതിനാല്‍ വലിയ പ്രശ്നമില്ല, അദ്ദേഹം പറഞ്ഞു. വിസി തന്നെ വിദ്യാര്‍ഥികളില്‍ വര്‍ഗീയത വളര്‍ത്തി, പ്രക്ഷോഭം നടത്താന്‍ ആഹ്വാനം ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പുതിയ ദേശീയവിദ്യാഭ്യാസ നയത്തിനെതിരെ, കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകലാശാല സെനറ്റ് പാസാക്കിയ പ്രമേയത്തോടും പ്രതിഷേധം ശക്തമായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസുകളില്‍ ഹിന്ദുദേശീയവാദികളുടെ ജീവചരിത്രം പഠിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണകൂടങ്ങളും പിന്മാറണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അംഗം പ്രമേയം അവതരിപ്പിക്കുകയും സെനറ്റ് പാസാക്കുകയുമായിരുന്നു. പ്രമേയം നിരുത്തരവാദപരവും വസ്തുതാവിരുദ്ധവുമാണെന്ന് ഭാരതീയവിചാരകേന്ദ്രം ഉള്‍പ്പെടെയുളള വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
സര്‍വ്വകലാശാലയിലെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സിലബസില്‍ സവര്‍ക്കറുടേയും ഗുരുജി ഗോള്‍വള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമാക്കാനുളള നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇരുവരുടേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് എസ്എഫ്ഐ നേതാവായ യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എം.കെ. ഹസന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: