കോഴിക്കോട്: സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം ശബരിമലയില്‍ സ്ഥാപിക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ നീക്കം നടപ്പാക്കാന്‍ പ്രധാനമന്ത്രിയെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. നിയമസഭയിലും കോടതിയിലും വിവരങ്ങള്‍ മറച്ചുവയ്ക്കുകയേ ചെയ്തുള്ളൂ. എന്നാല്‍, വിമാനത്താവളത്തിന് സഹായ സഹകരണങ്ങള്‍ തേടിയുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കാനാണ് ശ്രമിച്ചത്.
അടിസ്ഥാന സൗകര്യ വികസനത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ വിവരങ്ങളില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാര്‍ വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി, സര്‍ക്കാരിന്റേതാണെന്നാണ് ധരിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങളോ കോടതിക്കേസുകളോ തര്‍ക്കങ്ങളോ ഒന്നും അറിയിച്ചില്ല. പദ്ധതിയെപ്പറ്റിയുള്ള കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനുള്ള തത്രപ്പാടിലാണ് നിയമവും ചട്ടവും ലംഘിച്ച് കേസ് പിന്‍വലിക്കല്‍ അടക്കം ധൃതിപിടിച്ച് നടത്തുന്നത്.
വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി പല കേസുകളിലാണ്. സിവില്‍ കേസും ക്രിമിനല്‍ കേസും ഇതിനു പിന്നിലുണ്ട്. വസ്തുവിന്റെ അടിയാധാരം പോലും വ്യാജ രേഖയുണ്ടാക്കിയതാണ്. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിവിധ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കൈയേറി അവകാശപ്പെടുത്തിയിരിക്കുകയാണ്. ഈ കൈയേറ്റങ്ങള്‍ അന്വേഷിച്ച എം.ജി. രാജമാണിക്യം, സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യമൊന്നും പ്രധാനമന്ത്രിക്ക് നല്കിയ പദ്ധതിയിലില്ല. മാത്രമല്ല, സര്‍ക്കാര്‍ ഭൂമിയാണെന്നാണ് വിശദീകരണം.
വിമാനത്താവളത്തിന് കണ്ടുവച്ചിട്ടുള്ള ഭൂമി സര്‍ക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് പിണറായി സര്‍ക്കാര്‍ തന്നെയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റുള്‍പ്പെടെ വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയതിനാണ് വിജിലന്‍സ് അന്വേഷണം നടന്നത്. ഇതിനു പുറമേയാണ്, സര്‍ക്കാരിനാണോ ഉടമസ്ഥതയെന്ന കാര്യത്തില്‍, ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൊടുത്ത സിവില്‍ കേസ് കോടതിയില്‍ നടക്കുന്നത്. ഇങ്ങനെ കേസുകളുടെയും നിയമ ലംഘനങ്ങളുടെയും അഴിയാക്കുരുക്കുകളില്‍ കിടക്കുന്ന ഭൂമിയില്‍ വിമാനത്താവളം പണിയാന്‍ പ്രധാനമന്ത്രി എല്ലാ പിന്തുണയും നല്‍കിയെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ഇത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: