ആധുനികലോകക്രമത്തെ 9/11 മുന്‍പും പിന്‍പും എന്നാണ് വിളിച്ചു വരുന്നത്. അതിന് കാരണമായ ഇരട്ടഗോപുര തകര്‍ച്ചയുടെ ഇരുപതാം വാര്‍ഷികം വന്നെത്തിയിരിക്കയാണ്. 9/11 എന്നറിയപ്പെടുന്ന സപ്തംബര്‍ 11 അമേരിക്കന്‍ ജനതയ്ക്ക് നടുക്കുന്ന ഒരു ഓര്‍മ്മദിവസമാണ്. 2001ലെ ആ ശപിക്കപ്പെട്ട ദിവസം ലോകവ്യാപാര സംഘടനയുടെ ഇരട്ടഗോപുരം ഭീകരാക്രമണത്തില്‍ തകര്‍ത്ത ദിനത്തിന്റെ ഇരുപതാം വാര്‍ഷികമാണിപ്പോള്‍. 2001 സപ്തംബര്‍ 11നാണ് 19 അല്‍ഖ്വയ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചി ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കിയത്. അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായി കരുതിയ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ ആക്രമണത്തില്‍ നിലംപരിശായി. 2996 പേര് കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച 9/11 ഭീകരാക്രമണം. 20വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയെങ്കിലും ഇന്നലെ എന്ന പോലെ ഞെട്ടലോടെ ഓര്‍ക്കുന്ന ദിവസംകൂടിയാണ്. നല്ല തെളിഞ്ഞ ആകാശമുള്ള ഒരു സാധാരണ ചൊവ്വാഴ്ച പതിവ് പ്രഭാത തിരക്കുകളില്‍ മുഴുകിയ ന്യൂയോര്‍ക്ക് നഗരത്തെ കാത്തിരുന്നത് തീര്‍ത്തും അസാധാരണമായ സംഭവങ്ങളായിരുന്നു. അതിന്റെ തുടര്‍ചലനങ്ങളാവട്ടെ, ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മത സ്വഭാവങ്ങളെയും സമവാക്യങ്ങളേയും തീര്‍ത്തും മാറ്റിമറിച്ചവയും.
4 കൊമേഴ്ഷ്യല്‍ വിമാനങ്ങളാണ് അല്‍ഖ്വയ്ദ ഭീകരന്മാരാല് ഹൈജാക്ക് ചെയ്യപ്പെട്ടത്. അതിലാദ്യത്തേത്, രാവിലെ 8.46ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറില്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ അമ്പരന്നു പോയ ആളുകള്‍ പരക്കം പായുമ്പോള്‍ പുകപടലങ്ങളുയര്‍ന്ന ഇരട്ട ടവറിന്റെ തെക്കന്‍ ടവറില്‍ രണ്ടാമത്തെ വിമാനവും വന്നിടിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ സമയം രാവിലെ 9.03 മണി. ഇതേ സമയം 370 കിലോമീറ്ററുകള്‍ അകലെയുള്ള, ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നം വെച്ച് മൂന്നാമത്തെ വിമാനം പറത്തുകയായിരുന്ന ഭീകരര്‍ കൃത്യം 9.37ന് ലക്ഷ്യം കാണുന്നു. നാലാമത്തേത് 10.03 ഓടെ പെന്‍സ്വില്‍വാനിയക്കടുത്തു ഒരു പാടത്തു തകര്‍ന്നു വീഴുകയായിരുന്നു. സമയം 10.30 ആയപ്പോഴേക്കും അമേരിക്കയുടെ അഭിമാനസ്തംഭം ഡബ്ല്യുടിസി ഇരട്ട ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചീട്ട് കൊട്ടാരം കണക്കെ തകര്‍ന്നു വീണു. തീയും പുകയും പൊടിപടലങ്ങളും കൊണ്ട് മൂടിയ കെട്ടിടത്തില്‍ നിന്നും സ്വരക്ഷയോര്‍ത്തു എടുത്തു ചാടിയവരും അകത്തു പെട്ടുപോയവരുമായി മൂവ്വായിരത്തിനടുത്ത് ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
9/11 ന് ശേഷം ലോകത്ത് ചടുലമായ മാറ്റങ്ങളാണ് വന്നത്. ‘വാര് ഓണ്‍ ടെറര്‍’ അഥവാ ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരില്‍ അമേരിക്ക ചെലവാക്കിയത് നാലര ട്രില്യണ്‍ ഡോളറാണത്രേ. അന്നോളം കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള തീവ്രവാദ ആക്രമണത്തില്‍ പകച്ചു പോയ ലോകരാജ്യങ്ങളുടെ സമ്മതത്തോടെയും സഹായത്തോടെയും അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു അമേരിക്കയും സഖ്യ കക്ഷികളും. നിരപരാധികളായ രണ്ടു മില്യനോളം ആളുകളുടെ ജീവനപഹരിച്ചു, അവരുടെ രാജ്യത്തെ കൊള്ളയടിച്ചു. നേതാക്കളെ വേട്ടയാടി കൊല ചെയ്തു.
എന്തായാലും ഈ ആക്രമണത്തോടെ ഇസ്ലാമോഫോബിയ ലോകത്താകെ ഉടലെടുക്കുകയും പതിയെ പതിയെ സാധാരണമാവുകയും ചെയ്തു. മറുവശത്ത്, മതതീവ്രവാദത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ മുസ്ലീം മതനേതാക്കളുടെ ഇതരമത വിദ്വേഷവും പ്രാകൃത മതവാശികളും മറനീങ്ങി പുറത്തു വന്നു. ലോകത്തു പല നഗരങ്ങളിലും തീവ്രവാദി ആക്രമണങ്ങള്‍ തുടര്‍ക്കഥയായി മാറി. ചുരുക്കി പറഞ്ഞാല്‍, സ്റ്റാലിന്റെ സോവിയറ്റ് റഷ്യയെ തകര്‍ക്കാന്‍ അമേരിക്ക തന്നെ അഫ്ഗാനിസ്ഥാനില്‍ വിത്തിട്ട് വെള്ളമൊഴിച്ചു വളര്‍ത്തിയത്, പിന്നീട് സ്റ്റാലിനു ശേഷം ലോകത്തിനാകെ ഭീഷണിയായി വളരുകയായിരുന്നു എന്നത് ചരിത്രം. സോവിയറ്റ് റഷ്യക്കെതിരെ ലാദനെ അമേരിക്ക പൊക്കികൊണ്ടു വന്നു.സോവിയറ്റ് യൂണിയന് തകര്‍ന്നപ്പോള്‍ ലാദന് അമേരിക്കക്കെതിരെയായി. പിന്നെ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് മുസ്ലിംരാജ്യങ്ങളിലെ ജനങ്ങളെ കൂട്ടുപിടിച്ചു അമേരിക്കക്കെതിരെ ജിഹാദ് തുടങ്ങി. അന്നത്തെ സോവിയറ്റ് യൂണിയനെ തകര്‍ക്കുക, എന്നതുതന്നെയായിരുന്നു അമേരിക്ക അവിടങ്ങളിലെ വിഘടനവാദ ത്തിനായി ബിന്‍ലാദനെ പോലുള്ളവരെയും സദ്ദാമിനെ പോലുള്ള വരെയും വളര്‍ത്തിക്കൊണ്ടുവന്നത്. പക്ഷേ ഈ വളര്‍ന്നുവന്നവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടാവുകയും അത് അമേരിക്കയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുകയും അതിലൂടെ അവര്‍ അമേരിക്കയ്ക്കും അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും കണ്ണില്‍ കരടായി മാറുകയും ചെയ്യുകയായിരുന്നു. പാല് കൊടുത്ത കൈക്ക് തന്നെ കടിക്കുക എന്ന കലാപരിപാടി ബിന്‍ലാദനും അതുപോലെ വളര്‍ന്നുവന്ന വിഘടനവാദികളും ചെയ്തു. സ്വാഭാവികമായും അവരെ ഇല്ലാതാക്കേണ്ടത് അമേരിക്കയുടെ ആവശ്യമായി മാറി. ലോകത്തെവിടെയും നടക്കുന്ന സായുധ വിഘടനവാദങ്ങളില്‍ മറ്റേതെങ്കിലും രാഷ്ട്രങ്ങളുടെ പിന്‍ബലം ഉണ്ടായിരിക്കും. ഒരിടത്ത് അമേരിക്ക ആണെങ്കില്‍ മറുവശത്ത് മറു ചേരിയില്‍ ഉള്ളവരായിരിക്കും അത്രതന്നെ.ഇതില്‍ ആരാണ് കൂടുതല്‍ സാങ്കേതികതയിലും സമ്പന്നതയിലും മികച്ചു നില്‍ക്കുന്നത് അവര്‍ വിജയിക്കും.
2001 സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷികത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മൂന്ന് സ്മൃതിയിടം സന്ദര്‍ശിക്കും.ന്യൂയോര്‍ക്ക് നഗരത്തില്‍ ഭീകരാക്രമണം നടന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ടഗോപുരം നിന്ന സ്ഥലം, പെന്റഗണ്‍, അല്‍ ഖ്വയ്ദ റാഞ്ചിയ യാത്രാവിമാനം തകര്‍ന്നുവീണ പെന്‍സില്‍വാനിയയിലെ ഷാങ്ക്സ്വില്‍ എന്നീ പ്രദേശങ്ങളാണ് ബൈഡന് സന്ദര്‍ശിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പരിശോധിച്ച് സാധ്യമായവ ആറുമാസത്തിനുള്ളില്‍ പുറത്തുവിടാന്‍ ബൈഡന് ഇതിനിടെ നിര്‍ദേശം നല്‍കിയിരുന്നു. അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും സൗദി സര്‍ക്കാരിനെതിരെ നല്‍കിയിരിക്കുന്ന കേസില്‍ ഇത് നിര്‍ണായകമാകും. രേഖകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനം പറഞ്ഞില്ലെങ്കില്‍ ബൈഡനെ ഗ്രൗണ്ട് സീറോയിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.അബു ഗരീബ്, ഗ്വണ്ടാനമോ എന്നിവടങ്ങളിലെ വിചാരണ തടവുകാര്‍ നേരിടുന്ന പീഡനങ്ങള്‍ ഏറെ വിവാദമായിരുന്നു. സമാനതകളില്ലാത്ത പീഡനങ്ങളാണ് 2001 സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ തടവുകാര്‍ നേരിട്ടത്. ബുഷ് സിദ്ധാന്തവും ഭീകരതക്കെതിരെയുള്ള യുദ്ധവും എംബെഡ്ഡ്ഡ് പത്രപ്രവര്‍ത്തനവും എല്ലാം 2001 സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ബാക്കി പത്രങ്ങളാണ്. ബുഷ് ജൂനിയര്‍ പറഞ്ഞത് പോലെ ഒന്നെങ്കില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ഭീകരര്‍ക്കൊപ്പം എന്ന നിലപാടെടുക്കാന്‍ ലോകരാജ്യങ്ങള്‍ നിര്‍ബന്ധിതമായി. തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന് പകരം അവിടെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതിലൊന്ന് അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. പഴയ ഇരട്ട ടവറിന്റെ സ്ഥാനത്ത് രണ്ടു കുളങ്ങള്‍ ഉള്‍പ്പെടുന്ന ‘സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ & മ്യൂസിയ’മാണ് സ്ഥിതി ചെയ്യുന്നത്. ന്യൂയോര്‍ക്കുകാര്‍ക്ക് മാത്രമല്ല ലോകത്തുള്ള എല്ലാവര്ക്കും ഒരു നടുക്കത്തോടെയുള്ള ഓര്‍മ്മ സമ്മാനിക്കുന്നയിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: