ന്യൂദല്‍ഹി: പുതിയ താലിബാന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ ഭാവി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സി ഐഎ മേധാവിയും റഷ്യയുടെ ദേശീയ സുരക്ഷാ മേധാവിയും ദല്‍ഹിയില്‍.
സി ഐഎ മേധാവി വില്യം ബേണ്‍സ് ന്യൂദല്‍ഹിയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചൊവ്വാഴ്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബുധനാഴ്ച റഷ്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അജിത് ഡോവലുമായി ചര്‍ച്ചകള്‍ നടത്തും. റഷ്യയുടെ നിക്കോളായ് പട്രൂഷേവുമായാണ് അജിത് ഡോവര്‍ ചര്‍ച്ചകള്‍ നടത്തുക.
അഫ്ഗാന് പ്രതിസന്ധിയില്‍ ഇന്ത്യയുടെ പ്രധാന്യവും പങ്കാളിത്തവുമാണ് ഈ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നത്. നിക്കോളായ് പട്രൂഷെവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചര്‍ച്ചനടത്തും. ആഗസ്ത് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനിലെ പ്രതിസന്ധിയായിരുന്നു ചര്‍ച്ചാ വിഷയം.
അഫഗാന് വിഷയത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ സഹകരിക്കാന്‍ വിശാലമായ അവസരമുണ്ടെന്ന് റഷ്യയുടെ നയതന്ത്ര പ്രതിനിധി നിക്കോളായ് കുഡാഷേവ് പറഞ്ഞു.
അതേ സമയം ചൈനയ്ക്ക് താലിബാനുമായി യഥാര്‍ത്ഥ പ്രശ്നമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. താലിബാന് പണം നല്കി ചൈന സഹായിക്കുമോ എന്ന ചോദ്യത്തിനുത്തരമായാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്. റഷ്യയ്ക്കും ഇറാനും പാകിസ്ഥാനും ഇതേ പ്രശ്നങ്ങളുണ്ടെന്നും ബൈഡന് വ്യക്തമാക്കി. യുഎസ് ഇപ്പോഴും കാത്തിരുന്ന് കാണാം എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നം ബൈഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: