കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികള്‍. നൂറ്റി അമ്പത്തിരണ്ടര ഏക്കര്‍ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനായി 137 ഏക്കറും കാര്‍ പാര്‍ക്കിംഗിനായി 15.25 ഏക്കറും വേണം. എന്നാല്‍ ഭൂമി ഇനിയും വിട്ട് നല്‍കാനാകില്ലെന്ന നിലപാടിലാണ് ഭൂമി ഏറ്റെടുക്കലിനെതിരെ രൂപീകരിച്ച സമര സമിതി.
പുതിയ ടെര്‍മിനല്‍, റണ്‍വേ വികസനം, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണ്‍ തുടങ്ങിയ പദ്ധതികള്‍ക്കായി നൂറേക്കറില്‍ താഴെ ഭൂമി ഏറ്റെടുത്ത് വികസനം നടത്താമെന്ന ബദല്‍ നിര്‍ദേശം സമര സമിതി ചൂണ്ടികാണിക്കുന്നു. അതോറിറ്റി ആവശ്യപ്പെട്ട ഭൂമി വേണമെങ്കില്‍ ചില പഞ്ചായത്തുകളിലെ ജനങ്ങള്‍ ഒഴിഞ്ഞ് പോകേണ്ട സ്ഥിതിയാകും.
പള്ളിക്കല്‍ പഞ്ചായത്തില്‍ മാത്രം 137 ഏക്കര്‍ ഭൂമി നല്‍കേണ്ടി വരും. ഇവിടുത്തെ മൂന്ന് വാര്‍ഡുകളിലായി 600 ഓളം കുടുംബങ്ങളുടെ കൈവശമുള്ള ഭൂമി ഇതോടെ നഷ്ടപ്പടും. നാട്ടുകാര്‍ വിമാനത്താവളത്തിനായി ഒന്നിലേറെ തവണ കിടപ്പാടം ഉപേക്ഷിച്ചവരാണ്. ഇനിയും വീട് വിട്ടിറങ്ങില്ല. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അനുകൂലമായില്ലെങ്കില്‍ പ്രത്യക്ഷ സമരം നടത്താനാണ് സമരസമിതി നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: