കോഴിക്കോട്: എല്‍ഡിഎഫിലെ ‘പാണക്കാട് തങ്ങളാക്കി’ കാന്തപുരത്തെ ഉയര്‍ത്താന്‍ സിപിഎം നീക്കം. ഇതിന്റെ ഭാഗമായാണ് ഐഎന്‍എല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചാല്‍ പോലും തീരാത്ത ഒരു പ്രശ്നമാണ് കാന്തപുരം തീര്‍ത്തത് എന്ന പ്രതീതിയാണുണ്ടാക്കിയിരിക്കുന്നത്. ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയ എല്ലാ നേതാക്കളെയും തിരിച്ചെടുക്കാനും സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എ.പി. അബ്ദുള്‍ വഹാബിനെത്തന്നെ നിയോഗിക്കാനുമാണ് കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.
മുസ്ലിം ലീഗില്‍ അവസാനവാക്ക് പാണക്കാട് തങ്ങളുടേതായിരുന്നു, ഐഎന്‍എല്ലിലെ പ്രശ്നങ്ങള്‍ കാന്തപുരം ‘സബൂറാ’ക്കിയപ്പോള്, എല്‍ഡിഎഫിലെ പാണക്കാട് തങ്ങളാണ് കാന്തപുരം ഉസ്താദ് എന്നെല്ലാമാണ് പ്രചാരണം. പരിഹസിച്ചും പ്രശംസിച്ചും ഇത് പ്രചരിപ്പിക്കുന്നത് മുസ്ലിം സമുദായത്തിനിടയില്‍ ‘ഉസ്താദിന്’ കൂടുതല്‍ പിന്തുണ നേടിക്കൊടുക്കാനാണെന്നും അഭിപ്രായമുണ്ട്. അതേ സമയം, എല്‍ഡിഎഫിനെയും മുഖ്യമന്ത്രിയെയും മറികടന്ന് ഭരണത്തിലുള്ള ഇസ്ലാമിക സംഘടനയുടെ ആഭ്യന്തര പ്രശ്നം പരിഹരിക്കാന്‍ കാന്തപുരം ഇടപെട്ടതാണെന്നും അഭിപ്രായമുണ്ട്.
വിഭാഗീയത മൂലം ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് കാന്തപുരം ഇടപെട്ടത്. രണ്ടുതവണ ഇരുവിഭാഗങ്ങളെയും വെവ്വേറെ ചര്‍ച്ചയ്ക്ക് വിളിച്ചു. പിന്നീട് ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തി. കാന്തപുരത്തിന്റെ മകനും എസ്വൈഎസ് ജനറല്‍ സെക്രട്ടറിയുമായ ഡോ. അബ്ദുള്‍ ഹക്കീം അസ്ഹരി ആദ്യം മധ്യസ്ഥശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
അയോധ്യയിലെ തര്‍ക്കമന്ദിരം പൊളിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ നിലപാടിന് തീവ്രത പോര എന്നാരോപിച്ചാണ് ലീഗിനെ പിളര്‍ത്തി ഐഎന്‍എല്‍ ഉണ്ടായത്. സിപിഎം കൈക്കൊള്ളുന്ന മുസ്ലിം മതമൗലികവാദ നിലപാടുകള്‍ കാന്തപുരത്തെ എല്‍ഡിഎഫിനോട് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: