കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും നടത്താനിരുന്ന മാര്‍ച്ച് മാറ്റി. ഇന്നു രാവിലെ 11ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു ഡിവൈഎഫ്ഐ പ്രഖ്യാപിച്ചത്. എന്നാല്‍ ശക്തമായ ബഹുജനപ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് മാര്‍ച്ച് റദ്ദാക്കുകയായിരുന്നു. പകരം കിലോമീറ്ററുകള്‍ക്കപ്പുറം ചീക്കിലോട് അങ്ങാടിയില്‍ പൊതുയോഗം നടത്തി പിരിയുകയായിരുന്നു പന്ത്രണ്ടോളം വരുന്ന ഡിവൈഎഫ്ഐക്കാര്‍.
ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ആശ്രമവുമായി ബന്ധമില്ലാത്ത സംഭവത്തിന്റെ പേരില്‍ അദ്വൈതാശ്രമത്തേയും സ്വാമിചിദാനന്ദപുരിയെയും ആസൂത്രിതമായി അവഹേളിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.
മാര്‍ച്ചിനെതിരെ ഇന്ന് ഹിന്ദുഐക്യവേദി കൊളത്തൂരില്‍ സനാതനസംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്നാണ് സിപിഎം-ഡിവൈഎഫ്ഐ സംഘം പിന്മാറിയത്. കൊളത്തൂര്‍ കണ്ടെയ്ന്മെന്റ് സോണായതിനാലാണ് മാര്‍ച്ച് പിന്‍വലിച്ചതെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍, മാര്‍ച്ച് പ്രഖ്യാപിക്കുമ്പോഴും ഈ പ്രദേശം കണ്ടെയ്ന്മെന്റ് സോണായിരുന്നു.
കൊളത്തൂരിലെ ശിവശക്തി കളരിസംഘം ഗുരുക്കള്‍ മജീന്ദ്രന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവത്തിലാണ് സിപിഎം ആശ്രമത്തിനെതിരെ തിരിഞ്ഞത്. ആശ്രമം കളരി നടത്തുന്നില്ലെന്ന് അറിഞ്ഞിട്ടും സംഭവം ആശ്രമത്തിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു ശ്രമം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സംരക്ഷിക്കാന്‍ പേരാമ്പ്രയിലെ സിപിഎം നേതാക്കളടക്കം രംഗത്തുള്ളപ്പോഴാണ് ആശ്രമത്തിനെതിരെ പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്ഐ രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: