ന്യൂയോര്‍ക്ക്: തന്റെ പിതാവ് ഒസാമ ബിന്‍ലാദനെ തള്ളിപ്പറഞ്ഞ് മകന് ഒമര്‍. തന്റെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ അദേഹം ശത്രുക്കളെ വെറുത്തിരുന്നു. അച്ഛന് ചെയ്ത കുറ്റകൃത്യങ്ങള്‍ ഭയപ്പെടുത്തുകയും ലജ്ജിപ്പിക്കുന്നുവെന്നും ഒമര്‍ ബിന്‍ ലാദന് പറഞ്ഞു.
പിതാവിന്റെ പ്രവൃത്തികള്‍ക്ക് താന്‍ മാപ്പ് അപേക്ഷിക്കുന്നു. പാഴായ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ദുഖിക്കുന്നു. തനിക്ക് അവര്‍ക്കൊപ്പം യോജിച്ച് പോകാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. കൂട്ടംവിട്ട് പുറത്തുവരുമെന്ന് താന്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നതായും ഒമര്‍ ഇസ്രയേല്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ഭാര്യയ്ക്കൊപ്പം ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ബിന്‍ ലാദന് ശേഷം അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഒമര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒസാമയുടെ സന്തത സഹചാരി എന്ന നിലയിലാണ് ഒമറിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ അദേഹം സംഘടനയുമായി ബന്ധം ഉപേക്ഷിക്കുകയാണ് ചെയ്തത്. നിലവില്‍ ഭാര്യയ്ക്കൊപ്പം ഫ്രാന്‍സിലാണ് ഒമര്‍ ബിന്‍ ലാദന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: