ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അസ്വസ്ഥത വര്‍ധിക്കുന്നതോടെ കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ‘ഓപ്പറേഷന് ദേവി ശക്തി’ എന്ന പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തില്‍ ഇക്കുറി 300 പേരെയെങ്കിലും ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
കഴിഞ്ഞ ദിവസം യുഎസ് യാത്രക്കാര്‍ ഉള്‍പ്പെട്ട ആറ് വിമാനങ്ങള്‍ കാബൂളില്‍ നിന്നും പുറപ്പെടുന്നത് താലിബാന് തീവ്രവാദികള്‍ തടഞ്ഞിരുന്നു. പാകിസ്ഥാന് സര്‍ക്കാര്‍ പഞ്ച്ശീര്‍ ആക്രമിക്കാന്‍ താലിബാനെ സഹായിച്ചതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ കാബൂളില്‍ ചൊവ്വാഴ്ച പ്രകടനം നടത്തിയിരുന്നു. ഇതിന് പുറമെ ഇസ്ലാമിക് സ്റ്റേറ്റ് ഇടയ്ക്കിടെ ബോംബ്സ്ഫോടനങ്ങളും നടത്തുകയാണ്. പുതിയ സര്‍ക്കാര്‍ രൂപീകരണമാകട്ടെ താലിബാനിലെ വിവിധ സംഘങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് വൈകുകയാണ്. ഇതിനിടയിലാണ് ഇന്ത്യക്കാരെയുള്‍പ്പെടെ ഒഴിപ്പിക്കാനുള്ള അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ രക്ഷാദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
രാജ്യാന്തര വിമാനസര്‍വീസ് തുടങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ദൗത്യം പുനരാരംഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുളള രക്ഷാ ദൗത്യം ഇന്ത്യ നിര്‍ത്തിവച്ചത്. അഫ്ഗാനില്‍ നിന്ന് എത്തിക്കുന്നവര്‍ക്കുളള ക്വാറന്റൈന് സൗകര്യമടക്കം ഒരുക്കണമെന്ന് ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസിനോട് (ഐടിബിപി) നിര്‍ദ്ദേശിച്ചിട്ടുണ്ട്.
300-ഓളം പേരെയാണ് നിലവില്‍ ഇന്ത്യയിലേക്ക് എത്തിക്കാനുളളത്. അമേരിക്കന്‍ സൈന്യം കാബൂള്‍ വിമാനത്താവളം വിട്ട് മടങ്ങിയതോടെ താലിബാന് നിയന്ത്രണത്തിലായ ഇവിടെ നിന്നും ഇന്ത്യക്കാരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാണ്. ഇങ്ങിനെ കുടുങ്ങിയവരെ രക്ഷപ്പെടുത്താനാണ് പുതിയ ഓപ്പറേഷന് ദേവീ ശക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: