കാബൂള്‍: പാകിസ്ഥാന്റെ എല്ലാ പിടിവാശികളും അംഗീകരിക്കപ്പെട്ടില്ലെങ്കിലും താലിബാന് സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് ഹഖാനി ഭീകരസംഘത്തിന് നല്‍കണമെന്ന വാദം വിജയിച്ചേക്കും. ആയുധങ്ങളുടെ ചുതമലയുള്ള ഈ വകുപ്പ് കിട്ടിയാല്‍ അഫ്ഗാന് മണ്ണില്‍ പാകിസ്ഥാന്റെ അജണ്ട ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന ഭീകരസംഘത്തെക്കൊണ്ട് നടപ്പാക്കാനാണ് പാകിസ്ഥാന്റെ നീക്കം. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായേക്കും.
ഹഖാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നേതാവ് സിറാജുദ്ദീന് ഹഖാനിയായിരിക്കും ആഭ്യന്തരമമന്ത്രി. ഹഖാനി ശൃംഖയുടെ ഇപ്പോഴത്തെ തലമൂത്ത നേതാവാണ് സിറാജുദ്ദീന് ഹഖാനി. താലിബാന്റെ തീവ്രമുഖമാണ് ഹഖാനി ശൃംഖല. സുന്നി പഷ്തൂണ്‍ സമുദായക്കാരുടെ തീവ്രവാദസംഘടന. സിറാജുദ്ദീന് ഹഖാനി പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്. താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്റേത്. പണ്ട് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന് നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന് ഹഖാനി. ഇദ്ദേഹത്തിന്റ സഹോദരന് അനസ് ഹഖാനിയാണ് ഹഖാനി ശൃംഖലയുടെ രണ്ടാമന്. അതിതീവ്ര ഗ്രൂപ്പാണ് ഹഖാനി ശൃംഖല. ചാവേര്‍ പോരാളികളെ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ചാവേറായി ഡ്രൈവര്‍മാരെ ഉപയോഗിക്കുകയാണ് ഈ ഗ്രൂപ്പിന്റെ പതിവ്. സൈനിക കേന്ദ്രങ്ങളിലും എംബസികളിലും ഒട്ടേറെ ആള്‍നാശങ്ങള്‍ ഉണ്ടാക്കിയി്ട്ടുള്ള തീവ്രഗ്രൂപ്പാണിത്. 2013ല്‍ ഹഖാനി ട്രക്ക് അഫ്ഗാന് സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 61,500 പൗണ്ട് സ്ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, 2008ല്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയെ വധിക്കാന്‍ ശ്രമിക്കുക, എന്നിങ്ങനെ ഒട്ടേറെ ആക്രമണപദ്ധതികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യാന്‍ പാകിസ്ഥാന് ഹഖാനി ശൃംഖലയെ ഉപയോഗിച്ചിരുന്നു.
അതേ സമയം ശുദ്ധ പഷ്തൂണ്‍ വംശജരുടെ മാത്രം സര്‍ക്കാരായിരിക്കണം പുതുതായി ഉണ്ടാകേണ്ടതെന്ന ഹഖാനി സംഘത്തിന്റെ വാദം അംഗീകരിക്കപ്പെട്ടിട്ടില്ല. അധികാരത്തിന് വേണ്ടി വാദിക്കുന്ന മൂന്ന് ഗ്രൂപ്പുകള്‍ക്കും വിവിധ വംശജര്‍ക്കും പ്രാതിനിധ്യം നല്‍കിയേക്കും. ഇക്കാര്യത്തില്‍ ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും ഒരേ അഭിപ്രായമാണ്. എല്ലാതരം താല്പര്യങ്ങളേയും ഉള്പ്പെടുത്തിയുള്ളതായിരിക്കണം താലിബാന് സര്‍ക്കാരെന്നാണ് ഇവരുടെ വാദം. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ അജണ്ട ഈ മൂന്ന് രാഷ്ട്രങ്ങളും തള്ളിയിരിക്കുകയാണ്.
മുല്ല അബ്ദുള്‍ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാന് ദോഹ ഗ്രൂപ്പ്, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖല, കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താലിബാന് സംഘം എന്നിവരാണ് പുതിയ സര്‍ക്കാരില്‍ അധികാരത്തിനായി തമ്മില്‍ത്തല്ലുന്നത്. തല്ക്കാലം ഒരു പുതുമുഖത്തെ അഫ്ഗാന് പ്രധാനമന്ത്രിയായി അവരോധിക്കാന്‍ ധാരണയായതായി അറിയുന്നു. മുല്ല മുഹമ്മദ് ഹസന് അഖുന്ദിനെയാണ് അഫ്ഗാന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ഇപ്പോള്‍ താലിബാന് നയരൂപീകരണ സമിതിയുടെ അധ്യക്ഷനാണ് ഹസന് അഖുന്ദ്.
1996-2001 കാലത്തെ താലിബാന് സര്‍ക്കാരില്‍ ഇദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നു. താലിബാന് സര്‍ക്കാരിന്റെ പരമോന്നത നേതൃപദവി ഹിബാത്തുള്ള അഖുന്ഡസാദയ്ക്ക് തന്നെ. രണ്ട് ഉപപ്രധാനമന്ത്രി പദവികളും രൂപീകരിച്ചേക്കും. മുല്ല ബറാദരും പഴയ താലിബാന് നേതാവ് മുല്ല ഒമറിന്റെ മകന് മുല്ല യാക്കൂബും ഉപപ്രധാനമന്ത്രിമാരായേക്കൂം. പാക് ചാരസംഘടനയായ ഐഎസ് ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എന്നറിയുന്നു.
കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന് നേതൃത്വം മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ള എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും ഇവരെ മന്ത്രിസഭയില്‍ എടുക്കാന്‍ സാധ്യതയില്ല. എന്തായാലും താലിബാന് സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: