സമസ്ത മേഘലയിലും മഹാമാരി പിടിമുറുക്കിയപ്പോഴും കല തപസ്യയാക്കി മാറ്റിയ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയില്‍ പിറന്ന ‘കാപ്പുകോല്‍’ എന്ന ഹ്രസ്വചിത്രം 10 മാസത്തിനുള്ളില്‍ നേടിയത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ 15 ഓളം അംഗീകാരങ്ങള്‍. പ്രതിസന്ധികളില്‍ തളരാതെ മണ്ണിലേക്ക് മടങ്ങുകയെന്ന സന്ദേശമാണ് കാപ്പുകോലിന്റെ പ്രമേയം.
കതിരിന്റെയും കനിയുടെയും കാവലാളായ കല്ലളന് മൂപ്പനിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആധുനികതയുടെ പുറംമോടിയില്‍ ഭ്രമിക്കാതെ, പ്രകൃതിയെ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പുതു തലമുറയ്ക്ക് കാട്ടിക്കൊടുക്കുക കൂടിയാണ് കാപ്പുകോലിലൂടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. വൈകിയാണെങ്കിലും സ്വന്തം ജില്ലയില്‍ നിന്നുള്ള അംഗീകാരവും കാപ്പുകോലിനെ തേടിയെത്തി.
മാക്ക് ഫ്രയിം സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ആശയ സമ്പുഷ്ടമായ സ്ക്രിപ്റ്റ്, മികച്ച കലാ സംവിധാനം, മുപ്പത് മിനുട്ടില്‍ താഴെയുള്ള ജനപ്രീയ ചിത്രം ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകളാണ് കാപ്പുകോല്‍ സ്വന്തമാക്കിയത്. കുവൈറ്റ് മെഹഫില്‍ ഇന്റര്‍നാഷണല്‍ ഹ്രസ്വചിത്രമേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദ് തെലുങ്ക് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മീഡിയാ സിറ്റി ഫിലിം ഫെസ്റ്റിവല്‍, യു.എ.ഇ ജ്വാല ഫിലിം ഫെസ്റ്റിവല്‍, തുടങ്ങിയവയിലൊക്കെയും പ്രദര്‍ശിപ്പിച്ചതോടൊപ്പം പുരസ്കാരങ്ങളും നേടി.
ശ്രീ ക്രിയേഷന്റെ ബാനറില്‍ പ്രമുഖ സിനിമ നാടക സംവിധായകനും അറിയപ്പെടുന്ന നാടക നടനുമായ വിനു നാരായണനാണ് സംവിധാനം. പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനുമായ സുഭാഷ് വനശ്രീയുടെ കഥയ്ക്ക് രാമചന്ദ്രന് പി.എം തിരക്കഥയൊരുക്കിയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയത്. ദേലമ്പാടി ഗ്രാമ പഞ്ചായത്തിലെ ചാപ്പക്കല്‍, പയറടുക്ക, ചെന്നംകുണ്ട് എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: