ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍വിജയം ഉണ്ടായെങ്കിലും വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകാത്തത് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാത്തതിനാലാണെന്ന വിലയിരുത്തലില്‍ സിപിഎം. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയോട് അടുത്തുവരുന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
2006ല്‍ വിഎസ് നയിച്ച തെരഞ്ഞെടുപ്പിലാണ് വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റം ഉണ്ടായത്. 48.81 ശതമാനം. മുന്നണിക്ക് 50 ശതമാനം വോട്ട് കിട്ടണമെങ്കില്‍ മുസ്ലിം മതവിഭാഗത്തില്‍ സ്വാധീനം ഉണ്ടാക്കണമെന്നാണ് വിലയിരുത്തല്‍. നിരവധി വര്‍ഷങ്ങളായി കാന്തപുരം വിഭാഗവുമായി ചേര്‍ന്ന് സിപിഎം നടത്തുന്ന അടവുനയം ഇതിന്റെ ഭാഗമാണ്.
എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയ്ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിക്കുമെങ്കിലും, എല്ലാ തെരഞ്ഞെടുപ്പുകളിലും രഹസ്യധാരണയിലൂടെ പിന്തുണ ഉറപ്പിക്കാന്‍ സിപിഎമ്മിന് സാധിക്കാറുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ഇവരുടെ പിന്തുണയില്‍ ഭരണം നടത്താനും സിപിഎം തയ്യാറാകുന്നു. എന്നാല്‍ മുസ്ലിം മതവിഭാഗത്തില്‍ കാര്യമായ സ്വാധീനം നേടണമെങ്കില്‍ കാന്തപുരത്തെയും അനുയായികളെയും ഒപ്പം കൂട്ടിയാലേ സാധിക്കൂ എന്ന നിലപാടിലാണ് സിപിഎമ്മിലെ പ്രബല വിഭാഗം. ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുകയും, മന്ത്രിസ്ഥാനം അടക്കം നല്കി മാന്യതയുടെ മുഖംമൂടി അണിയിച്ചതും കാന്തപുരത്തെ പ്രീണിപ്പിക്കാനാണ്
ലീഗുമായി തെറ്റിപ്പിരിഞ്ഞ് സിപിഎമ്മിലെത്തിയ മുന്‍ സിമി നേതാവ് കെ.ടി. ജലീലിന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേക്കാള്‍ പ്രാധാന്യം പിണറായി വിജയന് നല്‍കുന്നതിന് പിന്നിലും മറ്റൊന്നല്ല. പാലൊളി മുഹമ്മദ് കുട്ടിയടക്കമുള്ളവര്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് നേതൃത്വത്തിലെത്തിയതെങ്കില് ഇന്ന് കാന്തപുരം ഉസ്താദിന്റെ അനുഗ്രഹാശിസുകളാണ് പലരുടെയും സ്ഥാനമാനങ്ങള്‍ക്ക് പിന്നിലെന്നാണ് വിമര്‍ശനം. യുഡിഎഫില്‍ മുസ്ലിം ലീഗാണ് അവസാന വാക്കെങ്കില്‍, ഇടതുപക്ഷത്ത് അത് കാന്തപുരമാണ് എന്നതാണ് അവസ്ഥ. ഐഎന്‍എല്ലിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പോലും മുന്നണിക്ക് പുറത്തുള്ള സംഘടിത മതനേതൃത്വം തീരുമാനിക്കുന്ന ഗതികേടില്‍ മുന്നണിയെ എത്തിച്ചതും പിണറായി വിഭാഗത്തിന്റെ പ്രീണന നയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: