തൃശൂര്‍: ജില്ലയില്‍ വിവിധകേന്ദ്രങ്ങളില്‍ വന്‍ വ്യാജ ഡീസല്‍ വേട്ട. കാട്ടുക്കാരന് ജങ്ഷനിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനില്‍ നിന്നും വ്യാജമായി നിര്‍മ്മിച്ച 500 ലിറ്റര്‍ ഡീസല്‍ ഈസ്റ്റ് പോലീസ് പിടികൂടി. 20 ലിറ്റര്‍ കൊള്ളുന്ന 40 കന്നാസുകളിലായാണ് വ്യാജ ഡീസല്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 20 കന്നാസുകളില്‍ ഡീസല്‍ നിറച്ച നിലയിലും 15 എണ്ണം ഒഴിഞ്ഞ നിലയിലുമായിരുന്നു. വട്ടണാത്രയിലെ ഗോഡൗണില്‍ നിന്ന് രണ്ടായിരത്തിലേറെ ലിറ്റര്‍ വ്യാജ ഡീസലും പിടികൂടി.
നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി എസിപി വി.കെ രാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ഡീസല്‍ വില്‍പ്പന നടത്തുന്ന വിവരം കണ്ടെത്തിയത്. പോലീസുദ്യോഗസ്ഥരെ കണ്ടപ്പോഴേക്കും വാഹനത്തിലെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.
ഡീസല്‍ വില്‍പ്പന നടത്തി ലഭിച്ചതെന്ന് കരുതുന്ന 23,500 രൂപ വാഹനത്തിനകത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശി തൈവളപ്പില്‍ സജീവ് എന്നയാളുടെ ഉടമസ്തതയിലുള്ളതാണ് വാഹനം. മണ്ണംപേട്ട വട്ടണാത്രയില്‍ നടത്തിയ പരിശോധനയില്‍ 2000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി. വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സൂക്ഷിച്ച ഡീസലാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. അനധികൃതമായി നിര്‍മ്മിച്ച ഡീസല്‍ ബസ്സുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഇന്ധനം കൊണ്ടുവന്ന പിക്ക് അപ്പ് വാഹനത്തിനു സമീപത്ത് രണ്ട് ബസ്സുകള്‍ സംശയാസ്പദമായി കിടന്നിരുന്നതായി പോലീസ് പറഞ്ഞു.
പെട്രോള്‍ പമ്പുകളില്‍ വില്‍പ്പന ചെയ്യുന്ന ഒറിജിനല്‍ ഡീസലിന് 100 രൂപയോളം വിലയുള്ളപ്പോള്‍ 75 രൂപ നിരക്കിലാണ് വ്യാജ ഡീസല്‍ വില്‍പ്പന നടത്തിയിരുന്നത്. ബസ്സുകളിലാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്. വ്യാജമായി ഡീസല്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതിന് അവശ്യവസ്തു നിയമപ്രകാരവും ഡീസല്‍ ഇന്ധനം അനധികൃതമായി കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര ഗവണ്മെന്റിന്റെ 2005 ലെ ഉത്തരവു പ്രകാരവുമാണ് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി വ്യാജ ഡീസലിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക് അയക്കും. അതിനുശേഷം മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ച് വിശദാംശങ്ങള്‍ വെളിവാകുകയുള്ളൂവെന്നും പോലീസ പറഞ്ഞു. അവശ്യവസ്തു നിയമപ്രകാരം പിടിച്ചെടുക്കുന്ന വസ്തുക്കളുടെ സീഷ്വര്‍ മഹസര്‍ തയ്യാറാക്കുന്നത് അസി. കമ്മീഷണറോ അകിനു മുകളിലോ റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന വ്യവസ്ഥ പ്രകാരം ഡീസലിന്റെ സീഷ്വര്‍ മഹസ്സര്‍ തയ്യാറാക്കിയത് അസി. കമ്മീഷണര്‍ വി.കെ. രാജുവാണ്.
അന്വേഷണ സംഘാംഗത്തില്‍ എസിപി വി.കെ രാജു, ഈസ്റ്റ് എസ്എച്ച്ഓ പി. ലാല്‍കുമാര്‍, ഈസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ എസ്. സിനോജ്, ഗോപിനാഥന്, അസി.സബ് ഇന്‍സ്പെക്ടര്‍മാരായ വില്ലിമോന്‍, സുദീപ്, സന്തോഷ്, ജയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷനോജ്, കൃഷ്ണകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: