കൊച്ചി: ലക്ഷദ്വീപിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കടല്‍പായല്‍ കൃഷി തുടങ്ങി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ദ്വീപില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടല്‍പായല്‍ കൃഷി വന്‍ വിജയമായതിനെത്തുടര്‍ന്നാണിത്. ജനവാസമുള്ള ഒമ്പത് ദ്വീപുകളില്‍ വ്യാപകമായ തോതില്‍ കൃഷി നടത്തും. ഇതിന്റെ ഭാഗമായി, വിവിധ ദ്വീപുകളിലായി രണ്ടായിരത്തോളം മുളച്ചങ്ങാടങ്ങള്‍ ഉപയോഗിച്ച് പായല്‍ കൃഷി ആരംഭിച്ചു. തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടല്‍പായലാണ് കൃഷി ചെയ്യുന്നത്. 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഗുണഫലം ലഭിക്കുക.
മരുന്ന്-ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഗുണകരമാകുന്ന മികച്ച കടല്‍പായലുകള്‍ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയും. ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 75 കോടി രൂപയുടെ കടല്‍പായല്‍ ഉത്പാദിപ്പിക്കാമെന്ന് സിഎംഎഫ്ആര്‍ഐയിലെ സയന്റിസ്റ്റ് ഡോ. മുഹമ്മദ് കോയ പറഞ്ഞു. വിവിധ ദ്വീപുകളിലെ 21,290 ഹെക്ടര്‍ വിസ്തൃതിയിലുള്ള ലഗൂണുകളുടെ (തീരക്കടല്‍) ഒരു ശതമാനം മാത്രം (200 ഹെക്ടര്‍) ഉപയോഗിച്ചാണിത്. മുപ്പതിനായിരം ടണ്‍ ഉണങ്ങിയ പായല്‍ ഓരോ വര്‍ഷവും വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്ന് 150 ടണ്‍ വരെ ഉത്പാദനം
നേടാമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും കടല്‍പായല്‍ കൃഷി അനുയോജ്യമാണ്. വന്‍തോതില്‍ കാര്‍ബണ്‍ഡയോക്സൈഡിനെ ആഗിരണം ചെയ്ത് പിടിച്ചുവയ്‌ക്കാന്‍ കടല്‍പായലുകള്‍ക്ക് ശേഷിയുണ്ട്. പ്രതിദിനം 6500 ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് ഇത്തരത്തില്‍ പായലുകള്‍ക്ക് സംഭരിച്ചുവയ്‌ക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: