കൃഷ്ണവിഭൂതിയുടെ പീലിക്കണ്ണുകള്‍ നേദിക്കാത്ത ഭാരതീയ കവികളില്ല. ഉണ്ണിക്കണ്ണന് മുതല്‍ യോഗേശ്വരനായ കൃഷ്ണന് വരെയുള്ള ഭഗവത്ചരിതത്തിലെ ഐതിഹാസിക നിമിഷങ്ങള്‍ വേദാന്തം മുതല്‍ ആധുനിക കവി വരെ പങ്കിടുന്നു. ഭക്തിജ്ഞാനകര്മ്മയോഗ വിചാരങ്ങള്‍ക്കപ്പുറം കൃഷ്ണലീലയുടെ ചന്തങ്ങളും ചാമരങ്ങളും ചാര്‍ത്തുകയാണ് കൃഷ്ണജീവന ഗാഥകള്‍. ഭാഗവതപുരാണത്തിന്റെ പരമ രുചികരമായ ഏടുകള്‍ ഉണ്ണികണ്ണന്റെ തൃക്കൈവെണ്ണ പോലെ നേദിക്കുന്ന കാവ്യമാണ് സുകുമാരകവിയുടെ ‘ശ്രീകൃഷ്ണ വിലാസം’.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചോളദേശീയനാണ് സുകുമാരന്‍ എന്ന് ഗവേഷക മതമുണ്ട്. കേരളത്തില്‍ സംസ്കൃത ഭാഷയും സാഹിത്യവും പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ‘ശ്രീരാമോദന്ത’ത്തിനു ശേഷം പാഠ്യപുസ്തകമായി നിര്‍ദേശിക്കപ്പെട്ടിരുന്നത് ‘ശ്രീകൃഷ്ണവിലാസ’മാണ്.
സരള മധുരമായ ഈ കാവ്യത്തില്‍ പ്രസാദാത്മകതയും സുകുമാര ഗുണങ്ങളും നിറഞ്ഞു തുളുമ്പുന്നു. കേരളത്തില്‍ പ്രചുര പ്രചാരം നേടിയതിനാലാവണം കവി കേരളീയനാണെന്ന് കരുതിയവരുണ്ട.് ഗവേഷകര്‍ ഈ വാദമുഖം അംഗീകരിക്കുന്നില്ല.
കൃഷ്ണാവതാര പുണ്യം പ്രകീര്‍ത്തിക്കുന്ന പുരാണത്തിന്റെ ഉള്ളില്‍ ഉജ്ജ്വലിക്കുന്ന ഉണ്മയെ സുതാര്യ ശൈലിയില്‍ അനാവരണം ചെയ്യുകയാണ് സുകുമാരകവി. കൃഷ്ണലീലകളുടെ അമൃതാനന്ദം വഴിഞ്ഞൊഴുകുന്ന സൂക്ഷ്മ വര്‍ണ്ണനകള്‍ വിഭൂതി സമ്പുഷ്ടമാണ്. ഭാഗവതത്തിലെ ചില സംഭവങ്ങളും സന്ദര്‍ഭങ്ങളും കവി ഒഴിവാക്കുന്നുണ്ട.് ധേനുകാരാസുര വധവും, കാലയവന കഥയും ബലരാമന്റെ യമുനാലീലയും ഈ ഗണത്തിലാണ്.
ദ്വാരക, മഥുര വര്‍ണ്ണനകള്‍ പദവിന്യാസത്തിലും സങ്കല്പമാധുരിയിലും കണ്ണന്റെ നൂപുരധ്വനി പോലെ ചേതോഹരമാണ.് സൂര്യോദയവും ചന്ദ്രോദയവും സൂക്ഷ്മ ചിത്രണത്തില്‍ കാര്‍വര്‍ണന്റെ മൃദുമന്ദസ്മേരമായി മാറുന്നു. മഹാമേരു പര്‍വ്വതത്തിന്റെ വര്‍ണ്ണനയോട് കൂടിയ കാവ്യാരംഭം തന്നെ കൃഷ്ണലീലാ വിലാസത്തിലെ ഭാവാത്മകതയാഗ്രഹിക്കുന്നുണ്ട.്
ആ മഹാശൈലത്തിനു മുകളിലിരിക്കുന്നത് ബ്രഹ്മാവാണ്. പര്വ്വതത്തിന് ചുറ്റും സൂര്യനും ചന്ദ്രനും രണ്ടു കുട്ടികളെപ്പോലെ ഒളിച്ചുകളിയിലാണ്. ലളിതവും ഹൃദ്യവുമായ ഈ കല്‍പ്പനാ ചാതുരി യിലാണ് ആ സുകുമാര കാവ്യകേളി. കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം, വൃഷഭാസുരവധം,
ഋതുപരിവര്‍ത്തനം തുടങ്ങി പ്രതിപാദ്യത്തിനിണങ്ങുന്ന വര്ണനാവഴികളെല്ലാം വനമാല പോലെ കാവ്യലാവണ്യത്തിന് തിളക്കമിയറ്റുന്നു.
അറുപത്തിയേഴ് ശ്ലോകങ്ങളില്‍ പര്യവസാനിക്കുന്ന ശ്രീകൃഷ്ണവിലാസകാവ്യം അപൂര്ണ്ണമാണ.് അപൂര്‍ണ്ണതയുടെ ഭാവാത്മക പൂര്‍ണ്ണിമയാണ് കൃതിയുടെ അനുഗ്രഹ സിദ്ധി. കൃഷ്ണന്റെ ശൈശവ ലീലകളുടെ മൂര്‍ത്ത ചിത്രംപോലെ അനുഭൂതിരസം തുളുമ്പുന്ന ഈ കാവ്യം സാര്‍വത്രികമായ അംഗീകാരം നേടിയെടുക്കുകയായിരുന്നു.
മധുരവും സൗമ്യവും ദീപ്തവുമായ കൃതി സരസരുചിരമായ രസരൂപങ്ങളില് കൃഷ്ണന്റെ ലൗകികവും അലൗകികവുമായ വിഭൂതി പ്രത്യയങ്ങളാണ് പ്രത്യക്ഷീകരിക്കുന്നത.് ലളിതസുഭഗമായ ഭാഷയും ശൈലിയും ഭാവനാവിലാസവും അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണവിലാസത്തെ സുകുമാര കാവ്യമായി രൂപപ്പെടുത്തുന്നു.
കണ്ണന്റെ കഥ പാടിപ്പാടിയാണ് ഭാരതീയ സംസ്കൃതിസമുദ്രം നീലനിറം
പൂണ്ടത.് അത് കേട്ടു കേട്ടാണ് കാവ്യാകാശം നീലിമയായത.് കാവ്യപൈതൃകപ്പൊലിമയുടെ കൃഷ്ണചേതനയില് സുകുമാരകവി തിരുകിയ മയില്‍പ്പീലിയാണ് ശ്രീകൃഷ്ണവിലാസം. ആ ലാവണ്യത്തിളക്കങ്ങള് കാലത്തിനു മുന്നില്‍ മയൂര നടനമാടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: