അപഹരണസംഘങ്ങള്‍ എന്നൊരു ദുഷ്പേര് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കുണ്ട്. സഹകരണ മേഖലയുടെ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കിയതല്ല ഈ ദുഷ്പേര്. ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ അടക്കം പറയുന്നതാണിത്. ഈ അടക്കം പറച്ചില് അണപൊട്ടിയൊഴുകിയതാണ് 5 വര്‍ഷം മുന്‍പ് കൊച്ചിയില്‍ അന്തര്‍ദേശീയ സഹകരണ ദിനാചരണത്തിന്റെ ഉദ്ഘാടന വേളയില്‍ കണ്ടത്.ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സംഘം ഭരണസമിതി അംഗങ്ങളും സംഘം ജീവനക്കാരുമടങ്ങിയ സദസ്സിനെ ഓര്‍മ്മിപ്പിച്ചത്, സഹകരണ സംഘങ്ങള്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുളളതല്ലെന്നും ജനങ്ങള്‍ക്കു വേണ്ടിയുളളതാണെന്നുമാണ്. സഹകരണ മേഖലയെ സ്നേഹിക്കുകയും സഹകരണ സംഘങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയുളളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഈ പ്രഖ്യാപനത്തെ കണ്ടത് പുതിയ ഗവണ്മെന്റിന്റെ നയപ്രഖ്യാപനമെന്ന നിലയിലാണ്. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്ന നടപടികളാണ് തുടര്‍ന്ന് ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല, അധികകാലം കഴിയുന്നതിന് മുന്‍പ് എ.സി മൊയ്തീന് സഹകരണ മന്ത്രിയല്ലാതാവുകയും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയായി ഒന്നാം പിണറായി വിജയന് മന്ത്രിസഭയില്‍ തുടരുകയും ചെയ്തു.
മന്ത്രിയെ മാറ്റാന്‍ മാത്രമല്ല ഭരണഘടനയെത്തന്നെ അട്ടിമറിച്ചുകൊണ്ട് സഹകരണ മേഖലയില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും തങ്ങള്‍ക്ക് കക്കാനും കയ്യിട്ടു വാരാനുമുളള ശര്ക്കരക്കുടമായി ഈ മേഖലയെ നിലനിര്‍ത്താനും ശക്തമാണ് സഹകരണ മേഖലയിലെ കൂട്ടുകെട്ട്. കേരള സഹകരണ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 20000 ല്‍ അധികം സഹകരണ സംഘങ്ങളുണ്ട് കേരളത്തില്‍. ഈ സഹകരണസംഘങ്ങളില്‍ ഒന്നിലെങ്കിലുംഅംഗമല്ലാത്തവരെ കേരളത്തില്‍ വിരളമാണ്. നല്ല ഉദ്ദേശത്തോടെയും ദുരുദ്ദേശത്തോടെയും ഒന്നിലധികം സഹകരണ സംഘങ്ങളില്‍ അംഗത്വമെടുത്തിട്ടുളളവരും കേരളത്തില്‍ വിരളമല്ല. മേല്‍പ്പറഞ്ഞ ജനകീയതയോടൊപ്പം ശ്രദ്ധേയമാണ് ഈ മേഖലയിലെ വൈവിധ്യം. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുളള കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഇന്ത്യയ്ക്ക് തന്നെ മാത്യകയാകാന്‍ കഴിഞ്ഞിട്ടുളളത് നിക്ഷേപസമാഹരണവും വായ്പാവിതരണവുമുള്പ്പടുന്ന ക്രെഡിറ്റ് മേഖലയിലാണ്. രണ്ടര ലക്ഷം കോടിയിലധികം വരുന്ന നിക്ഷേപവും അതിനനുസൃതമായ വായ്പയും അടങ്ങുന്നതാണ് കേരളത്തിലെ സഹകരണ ക്രെഡിറ്റ് മേഖല. അതുകൊണ്ട് തന്നെ ഈ മേഖലയെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിട്ടുളളതും വര്‍ഷങ്ങളായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതും.
സഹകരണ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്നിട്ടുളള എല്ലാ പരിഷ്ക്കാരങ്ങളെയും അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് സഹകാരികളും യു.ഡി.എഫ് സഹകാരികളും മാത്രമല്ല ഇടത്-വലത് അനുകൂല സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും, സഹകരണ സംഘം ജീവനക്കാരും കാലങ്ങളായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. യു.പി.എ ഗവണ്മെന്റ് അംഗീകരിച്ച വൈദ്യനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് ഇടതു വലതു പാര്‍ട്ടികളും സഹകരണ മേഖലയിലെ അവരുടെ പോഷക സംഘടനകളും ചേര്‍ന്ന് കേരളത്തില്‍ അട്ടിമറിച്ചു. ഡോ.മന്‍മോഹന്‍സിംഗിന്റെ നേത്യത്വത്തിലുണ്ടായിരുന്ന കേന്ദ്ര ഗവണ്മെന്റ് പാര്‍ലമെന്റില്‍ പാസാക്കിയ 97 ാം- ഭരണഘടനാ ഭേദഗതി കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അട്ടിമറിക്കപ്പെട്ടു. ഇത് മാത്രമല്ല കേന്ദ്ര സഹകരണ മന്ത്രാലയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ കെ.പി.സി.സി പ്രസിഡണ്ടും മുന്‍ പ്രതിപക്ഷ നേതാവുമായ രമേഷ് ചെന്നിത്തലയും ഒരേ സ്വരത്തില്‍ സംസാരിക്കുന്നതുമൊക്കെ വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന അപകടകരമായ ഇടതു-വലതു കൂട്ടുകെട്ടിലേയ്ക്കാണ്. രണ്ടുവിധത്തിലുളള തട്ടിപ്പുകളാണ് കേരളത്തിലെ സഹകരണ മേഖലയില്‍ ഇന്ന് അരങ്ങേറുന്നത്. ഒന്ന് നിയമവിരുദ്ധമായ തട്ടിപ്പ,് മറ്റൊന്ന് നിയമവിധേയമായ തട്ടിപ്പ്. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പുകളാണ് നിയമവിരുദ്ധമായ തട്ടിപ്പുകള്‍.ഇത്തരത്തിലുളള തട്ടിപ്പുകളിലൂടെ കേരളത്തിലെ സഹകാരികള്‍ കേരളത്തിലെ ജനങ്ങളില്‍ നിന്നും തട്ടിയെടുത്തിട്ടുളളത് എത്ര ശതകോടികള്‍ ആണെന്നറിയണമെങ്കില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്.ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരന്വേഷണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
ഇന്ത്യയില്‍ ഭരണമാറ്റത്തിനും കോണ്‍ഗ്രസ്സിന്റെ പതനത്തിനും വഴിയൊരുക്കിയ ബോഫേഴ്സ് ഇടപാടില്‍ ആരോപിക്കപ്പെട്ട കോഴ 70 കോടി രൂപയില്‍ താഴെയായിരുന്നുവെങ്കില്‍ രണ്ടര വില്ലേജുകള്‍ മാത്രം പ്രവര്ത്തനപരിധിയുളള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. ഈ ബാങ്കില്‍ നടന്ന തട്ടിപ്പ് കേരളത്തിലെ സഹകരണ മേഖലയില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് അറിയുമ്പോഴാണ് കേരളത്തിലെ സഹകാരികള്‍ നടത്തുന്ന അപഹരണത്തിന്റെ ആഴവും പരപ്പും നമ്മെ ഞെട്ടിപ്പിക്കുന്നത് .
നിയമവിരുദ്ധമായ അപഹരണത്തേക്കാള് വ്യാപകവും ജനദ്രോഹകരവുമാണ് കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്ന നിയമവിധേയമായ പകല്‍ക്കൊളള. കേരള സഹകരണ ക്ഷേമനിധി ബോര്‍ഡ് നടത്തുന്ന സഹകരണ റിസ്ക്ക് ഫണ്ട് പദ്ധതി മുതല്‍ സഹകരണ സംഘങ്ങള്‍ ഈടാക്കുന്ന അമിത സര്‍വ്വീസ് ചാര്‍ജ്ജും അന്യായ പലിശയും വരെ നീളുന്നതാണ് കേരളത്തില്‍ സഹകരണ മേഖലയിലെ പകല്‍ക്കൊളള .
സഹകരണ റിസ്ക്ക് ഫണ്ട് പദ്ധതിയിലെ ഏറ്റവും വലിയ തട്ടിപ്പ് ഈ പദ്ധതിയിലെ ഗുണഭോക്താവ് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗുണഭോക്താവ് അടച്ച പൈസ പോലും റിസ്ക്ക് ഫണ്ട് പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സഹകരണ ക്ഷേമനിധി ബോര്‍ഡ് തിരിച്ചുനല്കേണ്ടതില്ലെന്നാണ്. സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നവരില്‍ ഏറെയും തിരിച്ചടവില്‍ വീഴ്ചവരുത്തുന്നവരാണെന്നതുകൊണ്ട് കോടികളാണ് ഓരോ വര്‍ഷവും കേരള സഹകരണ ക്ഷേമനിധി ബോര്‍ഡിന് ലഭിക്കുന്നത്. ഈ പദ്ധതിയുടെ വരവ് ചെലവ് പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്. ഈ പദ്ധതിയിലെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഭീമമായ വിഹിതമടച്ച് പദ്ധതിയില്‍ ചേരുന്നവരോ സഹകരണ സംഘങ്ങളോ അല്ലെന്നും പദ്ധതി നടത്തിപ്പുകാരാണെന്നതുമാണ് ആ വസ്തുത.
സാധാരണക്കാരായ ജനങ്ങളാണ് വായ്പകള്‍ക്കായി സഹകരണ സംഘങ്ങളെ ആശ്രയിക്കുന്നത്. സംഘങ്ങള്‍ ഈടാക്കുന്ന അന്യായ പലിശയുടെയും അമിത സര്‍വ്വീസ് ചാര്‍ജ്ജിന്റെയും ഭാരം പേറേണ്ടിവരുന്നത് ഇവരാണ്.സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളും വിവിധ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയും സര്‍വ്വീസ് ചാര്‍ജ്ജും കൊമേഴസ്യല്‍ ബാങ്കുകള്‍ ഈടാക്കുന്ന പലിശയും സര്‍വ്വീസ് ചാര്‍ജ്ജുമായി താരതമ്യം ചെയ്താല്‍ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും നടത്തുന്ന ചൂഷണത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാകും. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു നല്കുന്ന സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയില്പ്പോലും ഈ അന്തരം വളരെ വലുതാണ്. ഭവനനിര്‍മ്മാണ വായ്പക്കും,വാഹന വായ്പക്കും കേരള ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ 25% മുതല്‍ 50% വരെ കൂടുതലാണ്. കൊമേഴസ്യല്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന്മേല് നിക്ഷേപനിരക്കിനേക്കാള് 1% അധിക പലിശ ഈടാക്കി നിക്ഷേപബന്ധിത വായ്പ അനുവദിക്കുമ്പോള്‍ കേരളാ ബാങ്കായി മാറിയ മലപ്പുറം ജില്ലാ ബാങ്കടക്കമുളള സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന മാര്‍ജിന്‍ 2% ആണ്.
കേരളത്തിലെ സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന കുത്തകവല്‍ക്കരണമാണ് അന്യായ പലിശയും അമിത സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യാന്‍ സഹകരണ സംഘങ്ങള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും അവസരം നല്‍കുന്നത്. ഈ കുത്തകവല്‍ക്കരണത്തിന് വഴിയൊരുക്കുന്നത് കേരള സഹകരണ നിയമത്തിലെ 7(സി) വകുപ്പാണ്. ഒരേ തരത്തിലുളള സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനപരിധി അതിലംഘിക്കാന്‍ പാടില്ലെന്നാണ് മേല്‍പ്പറഞ്ഞ വകുപ്പ് അനുശാസിക്കുന്നത് . ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നു കണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഇതിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. ഇടതു സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ നിയമപരമായോ, രാഷ്ട്രീയമായോ പ്രതികരിക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടിെല്ലന്നതും ശ്രദ്ധേയമാണ്.
സഹകരണ സംഘം രൂപീകരിക്കാനുളള അവകാശം മൗലിക അവകാശമാക്കിക്കൊണ്ടുളള 97ാം ഭരണഘടനാ ഭേദഗതി സഹകരണ മേഖലയിലെ കുത്തകവല്‍ക്കരണത്തിനും അതുവഴിയുളള ചൂഷണത്തിനും അന്ത്യം കുറിയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. കേരള സഹകരണ നിയമത്തിലെ 7(സി) വകുപ്പ് നിലനിര്‍ത്തിക്കൊണ്ട് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ സഹകരണ രജിസ്റ്റാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ സഹകരണ നിയമ ഭേദഗതിയിലൂടെ നല്കി ഭരണഘടനാ ഭേദഗതിയെ അട്ടിമറിയ്ക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. എല്‍.ഡി.എഫ് ആകട്ടെ ഒരു പടി കൂടി കടന്ന് സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന പരിധിയില്‍ കുത്തകയനുവദിക്കുന്ന കേരള സഹകരണ നിയമത്തിലെ 7(സി) വകുപ്പ് റദ്ദാക്കിയതിനെതിരെ അപ്പീല്‍ നല്കിയിരിക്കുകയുമാണ്.
കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ഉപമന്ത്രാലയമായി പ്രവര്‍ത്തിച്ചിരുന്ന സഹകരണ മേഖലയ്ക്കായി ഒരു പ്രത്യേക മന്ത്രാലയം ആരംഭിക്കുകയും , കേന്ദ്ര മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരന് എന്ന് വിശേഷിപ്പിക്കാവുന്ന അമിത്ഷായെ തന്നെ ആ മന്ത്രാലയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തുവെന്ന വാര്‍ത്ത ഈ സാഹചര്യത്തിലാണ് ആശ്വാസകരമാകുന്നത്. സംസ്ഥാന സഹകരണ സംഘങ്ങളെ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ റദ്ദാക്കിയ സുപ്രീം കോടതി മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ സംബന്ധിച്ച ഭേദഗതി നിലനിര്ത്തിയിരിക്കുന്നുവെന്നതാണ് ആശ്വാസകരമായ രണ്ടാമത്തെ വാര്‍ത്ത.
പുതിയ സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ ദക്ഷിണേന്ത്യയിലെ രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന പരിധിയായി ഏതാനും മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ കേരളത്തില്‍ ആരംഭിച്ച് മാത്യകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ അപചയത്തിന്റെ പടുകുഴിയില്‍ എത്തിയിട്ടുളള കേരളത്തിലെ സഹകരണ മേഖല സ്വയം നന്നാവുകയോ , മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കായി അരങ്ങ് ഒഴിയുകയോ ചെയ്യേണ്ടിവരും. ഇതിനുളള സമ്മര്‍ദ്ദം ജനങ്ങളില്‍ നിന്നാണുണ്ടാവേണ്ടത്.
സഹകരണ പ്രസ്ഥാനം ജനങ്ങളുടേതാണ്. അതു ജനങ്ങളില്‍ നിന്നും തട്ടിയെടുക്കാന്‍ ആരെയുമനുവദിച്ചുകൂടാ എന്ന് പറഞ്ഞിട്ടുളളത് ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആണ്. രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത സഹകരണ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ട് ഇറങ്ങേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: