Categories: Article

കാറ്റ് പറഞ്ഞ കഥ

Published by

രതിനാരായണന്‍

നാടുപോലെ തന്നെ കാടും പലതിനും സാക്ഷിയാണ്. നിത്യവൃത്തിക്ക് വകതേടി മാത്രമല്ല മനുഷ്യന്‍ കാടു കയറിയിട്ടുള്ളത്. അഭയത്തിനും ആസ്വാദനത്തിനും സുരക്ഷയ്‌ക്കുമെല്ലാം അവന്‍ കാട്ടിലേക്ക് നടക്കാറുണ്ട്. അങ്ങനെ കയറിവരുന്നവരെല്ലാം കാണുന്നത് ഒരേ കാടല്ല . കാടിന് അവരും ഒരേപോലല്ല. വെട്ടിനിരത്തിയും ചുട്ടെരിച്ചും തങ്ങളെ  കൊല്ലുന്നവര്‍ മാത്രമായി പലരും മാറിയെന്ന് കാട് സങ്കടം പറയുന്നു. കൂട്ടത്തിലുള്ളവര്‍ മിക്കവാറും മരിച്ചൊടുങ്ങിയതോര്‍ത്ത് കണ്ണ് നിറയ്‌ക്കുന്നു, ഇനിയെത്ര ആയുസെന്ന് ആകുലപ്പെടുന്നു. ആ സങ്കടത്തിനിടയിലും പ്രേമപൂര്‍വ്വം സാഭിമാനം അവര്‍ ഒരുവളെയോര്‍ക്കുന്നു. പുല്‍ക്കൊടിക്ക് പോലും നോവാതെ കാലടികള്‍ വച്ച് തങ്ങളിലേക്ക് കടന്നുവന്ന അവളെക്കുറിച്ചുള്ള കഥ പറയുന്നു.

അനാദികാലമായി കാടിന് കൂട്ട് കാറ്റാണ്. കാറ്റിനോളം തന്നെ അറിഞ്ഞൊരാള്‍ വേറെയില്ലെന്നാണ് കാട് പറയുന്നത്.  കഥ ഞാന്‍ പറഞ്ഞുതുടങ്ങാം, ബാക്കി പറയാന്‍ കാറ്റിനെ ചുമതലപ്പെടുത്തി കാട് അവളുടെ കഥ പറഞ്ഞുതുടങ്ങി.

കാട് പറയുന്നു  

പതിവില്ലാത്ത ചിലതൊക്കെ അന്നുണ്ടായി. ഞങ്ങളില്‍ പതിച്ച സൂര്യകിരണങ്ങള്‍ക്ക് വല്ലാത്തൊരു ആര്‍ദ്രത, പുല്‍നാമ്പുമുതല്‍ വടവൃക്ഷം വരെ അസാധാരണമായ ഒരു ധ്യാനത്തിലമര്‍ന്നുപോയ പുലരി. മുമ്പില്‍ ചാടിവീണ ഇരയെ ശാന്തമായി നോക്കി എന്തോ ഓര്‍ത്തുനിന്നു വിശന്നുവലഞ്ഞ പുള്ളിപ്പുലി. മദപ്പാടില്‍ മുളംകാടുകള്‍ തകര്‍ത്ത് തുമ്പിക്കൈ ചുഴറ്റി ഉഴറിനടന്നിരുന്ന ഒറ്റക്കൊമ്പന്‍ ഒതുങ്ങിമാറി ശാന്തതയോടെ  ആരയോ കാത്തുനില്‍ക്കുന്നു. അന്ന് പേടമാനുകളുടെ കണ്ണിണകള്‍ പതിവിലും കവിഞ്ഞ് ഇളകിമറിഞ്ഞുകൊണ്ടിരുന്നു.

‘അതേ.. അതേ.. ഞാനും കൃത്യമായി ആ ദിവസം ഓര്‍ക്കുന്നുണ്ട’  കാറ്റ് കഥ ഏറ്റെടുത്തു

അന്ന് പക്ഷേ ആ നഗരം അങ്ങനെയായിരുന്നില്ല. മഞ്ഞിന്‍കുന്നുകളില്‍ ചുറ്റിക്കറങ്ങി  മടുത്തപ്പോഴാണ് ഞാന്‍  ആ വഴി വന്നത്. ഉയരങ്ങളില്‍ നിന്നിറങ്ങി വഴികളലഞ്ഞ് മഞ്ഞുമലകള്‍ സ്‌നേഹപൂര്‍വ്വം സമ്മാനിച്ച കുളിരുമായി  നഗരത്തിലേക്ക് കടക്കുമ്പോള്‍ ഉഷ്ണം തിളയ്‌ക്കാനൊരുങ്ങുന്ന പുലരിച്ചൂടില്‍  ആരും എന്നെ എതിരേറ്റില്ല. പകരം നിരാശയും പ്രതിഷേധവും നിഴലിച്ചുനിന്ന കണ്ണുകളുമായി അവര്‍ ആരെയോ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. നഗരം മൂടി നിന്ന മൗനമെന്തിനെന്ന്  പറഞ്ഞു തന്നത്  ദേവിമന്ദിരത്തിന് മുന്നില്‍  പടര്‍ന്ന് പന്തലിച്ചുനിന്നിരുന്ന ആല്‍മരമാണ് . അവരുടെ  രാജകുമാരന്‍ കാടു കയറുന്നുപോലും.. പലവട്ടം കടന്നുപോയ വഴികളാണെങ്കിലും അന്നാണ് ഞാന്‍ സമൃദ്ധവും സുന്ദരവുമായ  ആ നഗരത്തിന് അയോധ്യയെന്നാണ്  പേരെന്ന് അറിഞ്ഞത്.

‘അതേ അയോധ്യ.. അവിടെനിന്നാണ് ഞങ്ങളുടെ ഹൃദയത്തില്‍ നിലാവ് തെളിയിച്ച് രാമന്‍  കടന്നു വന്നത്’

കഥ പറയാന്‍ മടി പറഞ്ഞെങ്കിലും കാടിന് ആവേശമായി. രാമനൊപ്പം  സീതയും അനുജന്‍ ലക്ഷ്മണനുമുണ്ടായിരുന്നു. അവര്‍   കാലുകുത്തിയപ്പോള്‍ ഞങ്ങളുടെ ഇരുളാര്‍ന്ന അകക്കാടുകളില്‍പ്പോലും  ഒരിക്കലും പൂക്കാത്ത മരങ്ങള്‍ പൂത്തുലഞ്ഞു. അതുകണ്ട കുയിലുകള്‍  മദിച്ചുപാടി. മഴവില്ല് കാണാത്ത മാനം നോക്കി മടിയില്ലാതെ മയിലുകള്‍ പീലിവിരിച്ചു. ഒന്നല്ല പതിന്നാല്  സംവത്സരം വസന്തം നിറയ്‌ക്കാന്‍ പോകുന്നൊരാള്‍ വരുന്നു എന്ന് ഞങ്ങള്‍ പുളകത്തോടെ മന്ത്രിച്ചു.

ദീര്‍ഘമായൊന്ന് നിശ്വസിച്ചു കൊണ്ട് കാടു തുടര്‍ന്നു,  ‘എത്ര സുന്ദരമായിരുന്നു അന്നത്തെ ദിനരാത്രങ്ങള്‍. കാറ്റേ.. നീ പറയുക,  നിറവുകളുടെ അന്നത്തെ ദിനരാത്രങ്ങളെക്കുറിച്ച് ‘

സമ്മതഭാവത്തില്‍ കാറ്റൊന്നുലഞ്ഞു;  

രാമനോട് ഭക്തിയും വിധേയത്വവുമായിരുന്നു കാടിനെങ്കില്‍ സീതയോടവര്‍ക്ക് സ്‌നേഹം  മാത്രമായിയിരുന്നു. രാമനൊപ്പം സീത കാട്ടില്‍ പ്രവേശിക്കുകയായിരുന്നില്ല, കാട് ഒന്നാകെ സീതയിലേക്ക്  ഇറങ്ങിച്ചെല്ലുകയായിരുന്നു. ഉഴവുചാലില്‍ ജനിച്ചുവീണ് കൊട്ടാരക്കെട്ടില്‍ വളര്‍ന്ന രാജകുമാരിയുടെ  വിടര്‍ന്ന കണ്ണില്‍  നിറഞ്ഞുതുളുമ്പുകയായിരുന്നല്ലോ കാടേ നീ നല്‍കിയ വിസ്മയം. വള്ളിച്ചെടികളില്‍  ഊഞ്ഞാലാടിയും കാട്ടുപൂക്കളില്‍ മാലതീര്‍ത്ത് സ്വയം അണിഞ്ഞും  പ്രിയനെ അലങ്കരിച്ചും കണ്‍മുന്നിലെ  സകല ജീവികള്‍ക്കും സ്‌നേഹം വിളമ്പിയും ആ കുമാരി കാട്ടില്‍ വെളിച്ചം വിതറിയെറിഞ്ഞുകൊണ്ടേയിരുന്നു. വേനല്‍മഴനനവില്‍ കുതിര്‍ന്ന വനഭൂമിയില്‍ നിന്നുയരുന്ന ഉന്മത്ത ഗന്ധം മതിവരാതെ അവള്‍ ആഞ്ഞുശ്വസിച്ചു. സായാഹ്നസൂര്യന്റെ സ്വര്‍ണപ്രഭയില്‍ തിളങ്ങിപ്പരക്കുന്ന കാട്ടുപൂക്കളുടെ വര്‍ണപ്രപഞ്ചം ശ്വാസമെടുക്കാതെ നോക്കിനിന്നു.

കാട്ടുചെടികള്‍ വകഞ്ഞുമാറ്റി വഴിതീര്‍ത്ത് മുന്നില്‍ രാമനും  പിന്നില്‍  ലക്ഷ്മണനുമായി യാത്ര തുടരുമ്പോഴൊക്കെ സീത  ധ്യാനത്തിലായിരുന്നു. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും അവള്‍ കാടിനെ അറിയുകയായിരുന്നു. ചിലപ്പോഴൊക്കെ കണ്ണുകളടച്ച് കാഴ്‌ച്ചകളെ പുറത്തുനിര്‍ത്തി ശബ്ദം  കൊണ്ടും ഗന്ധം  കൊണ്ടും സ്പര്‍ശം കൊണ്ടും രസം കൊണ്ടും  ഓരോ മരവും വള്ളികളും ഫലങ്ങളും അവള്‍ തിരിച്ചറിഞ്ഞു.

ഇടയ്‌ക്കെപ്പോഴോ രാമന്റെ അമ്മമാര്‍ പറഞ്ഞുകൊടുത്ത കഥ സീതയോര്‍ത്തു, രഘുവംശത്തിന്റെ  നിലനില്‍പ്പിനായി പശുവിനെ മേയ്‌ക്കാനിറങ്ങിയ പൂര്‍വ്വികന്‍ ദിലീപന്റെ കഥ. ഇതുപോലൊരു കാട്ടിലാണല്ലോ അന്ന് ദിലീപന്‍ നന്ദിനിയെ മേയ്‌ക്കാനെത്തിയതെന്ന ഓര്‍മ അവളില്‍ ഉത്സാഹമേറ്റി. പൂത്തുലഞ്ഞുനില്‍ക്കുന്ന കാട്ടുപാച്ചോറ്റികണ്ടപ്പോള്‍ അവളൊന്നു മന്ദഹസിച്ചു, പാടലവര്‍ണിനിയായ നന്ദിനിയുടെ മുകളില്‍ മുന്‍കാലുകള്‍ ചവിട്ടിനില്‍ക്കുന്ന സിംഹത്തെ  കുന്നിന്‍മുകളില്‍ നിറയെപൂത്തുനില്‍ക്കുന്ന പാച്ചോറ്റിമരമായി ദിലീപന് തോന്നിയതില്‍ അവള്‍ അതിശയിച്ചില്ല. ഈ ഇലപ്പെരുക്കങ്ങള്‍ക്കിടയില്‍, പൂവള്ളികള്‍ക്കിടയില്‍,  പരസ്പരം പുണര്‍ന്നുനില്‍ക്കുന്ന കാട്ടുമരങ്ങള്‍ക്കിടയില്‍, മനസിലേക്കരിച്ചുവീഴുന്ന കുളിരിനും ശാന്തതയ്‌ക്കുമിടയില്‍ ആക്രമിക്കാനൊരുങ്ങുന്ന ഒരു മൃഗത്തെ സങ്കല്‍പ്പിക്കാനേ സീതയ്‌ക്കായില്ല.

സീത കാടിനെ കാടായി കാണുകയായിരുന്നു, അറിയുകയായിരുന്നു. ഇലക്കീറുകള്‍ക്കിടയിലൂടെ അടര്‍ന്നുവീഴുന്ന പകല്‍വെളിച്ചം പൗര്‍ണമിരാത്രിയിലെ  നിലാവായി അവള്‍ക്ക് തോന്നി.  കാട്ടരുവിയിലെ കുളിരില്‍ മുങ്ങിനിവരുമ്പോള്‍ ആദ്യസ്‌നാനം പോലെയും.. മഴയേല്‍ക്കാതെ പാറക്കെട്ടുകള്‍ക്കിടയില്‍ തനിക്ക് വീടൊരുക്കുന്ന രാമന്റെ മടിയില്‍ തലവച്ചുകിടക്കുമ്പോള്‍ കാട്ടുമുളകള്‍ അവള്‍ക്ക് വേണ്ടി പ്രണയഗാനം പാടി. ഉറങ്ങണമെന്ന് തോന്നിയപ്പോള്‍ രാക്കിളികള്‍ താളാത്മകമായി ഉറക്കുപാട്ടും.  

സീതയെ ഭയപ്പെടുത്തുന്നതൊന്നും കാട്ടിലുണ്ടായിരുന്നില്ല. പഞ്ചഭൂതങ്ങളെ അകത്തും പുറത്തും  തിരിച്ചറിഞ്ഞവളായിരുന്നു സീത. അതുകൊണ്ടുതന്നെ  കൊടുംകാട്ടിലെ  കരിങ്കല്‍ത്തറ, അന്തപ്പുരത്തിലെ പട്ടുമെത്തയെപ്പോലെ  അവള്‍ ശയ്യയാക്കി. കാട്ടുകല്ലുകള്‍ കൂട്ടിവച്ച്  കല്‍ക്കഷ്ണങ്ങള്‍  കൂട്ടിയുരസി  തീയുണ്ടാക്കി പാകം ചെയ്യുമ്പോള്‍ അകാരണമായ ഒരു ആനന്ദത്തില്‍ അവള്‍ നിറഞ്ഞുതൂകി. ശാന്തനായിരുന്നു രാമന്‍. രാജകീരിടത്തിന്റെ കനമില്ലാത്ത ശിരസും ചിന്തകളറ്റ  മനസുമായി  രാമന്‍ നിശബ്ദനായിരിക്കുമ്പോള്‍  രാമനെയോര്‍ത്ത് ദു:ഖിച്ചും സീതയോട് സഹതാപപ്പെട്ടും ലക്ഷ്മണന്‍ കൂടുതല്‍ സേവനനിരതനായി.

കഥ നിര്‍ത്തി കാറ്റ്  നിശബ്ദനായി, പിന്നെ പതിയേ കാടിനെയൊന്നു നോക്കി. എന്നിട്ടും സീതയെ രക്ഷിക്കാന്‍ കഴിയാഞ്ഞതെന്താ  എന്ന പരിഭവമായിരുന്നു  ആ നോട്ടത്തില്‍, ചോദ്യം മനസിലായ കാട് പുഞ്ചിരിച്ചു. പതിയെ പറഞ്ഞു;

‘അതേ ആ ദിവസവും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു, അന്നായിരുന്നു ആ പേടമാനില്‍ സീത ഭ്രമിച്ചതും രാമനും ലക്ഷ്മണനും അവളില്‍ നിന്ന് ദൂരത്തായതും. ഉയരങ്ങളില്‍ വട്ടമിട്ട്  പറക്കുന്നതിനിടെ ചെമ്പരുന്താണ് രാവണന്റെ വരവ് ആദ്യം കണ്ടത്. അപ്പോള്‍തന്നെ ആകാശത്തേക്ക് ശിരസുയര്‍ത്തി നിന്ന മരച്ചില്ലകളിലൊന്നിനോട് വിളിച്ചു പറയകയും ചെയ്തു. അതുകേട്ട കാറ്റേ നീയല്ലേ നിമിഷം കൊണ്ട്  ആ വാര്‍ത്ത എല്ലാവരെയുമറിയിച്ചത്.  സ്തംഭിച്ചുപോയല്ലോ അന്ന് ഞങ്ങള്‍.’

വിഷാദം നിറഞ്ഞ സ്വരത്തില്‍ കാറ്റ് കഥ തുടര്‍ന്നു;

വിറക് തേടിയിറങ്ങിയ സീതയ്‌ക്ക് അരുതാത്തതെന്തോ  സംഭവിക്കുന്നതുപോലെ തോന്നി. ചൈതന്യമില്ലാതെ മങ്ങിനില്‍ക്കുന്ന കാടിനെ സങ്കടത്തോടെ  നോക്കി നിന്നപ്പോള്‍ ഉള്‍ക്കാഴ്‌ച്ച തെളിഞ്ഞു. അടുത്ത മരക്കൊമ്പില്‍ സീതയെ നോക്കി ആകുലപ്പെട്ടിരുന്ന പക്ഷിക്കൂട്ടത്തിനെ അമ്പരപ്പിച്ച് സീത മന്ദഹസിച്ചു.

ആ കാടുജീവിതത്തിന്റെ നിയോഗം രാമനെക്കാള്‍ നന്നായി സീതയ്‌ക്കറിയാമായിരുന്നു. നിമിത്തജീവിതമാകാന്‍ എന്നേ മനസുകൊണ്ടൊരുങ്ങിയവളാണ് സീത. അതുകൊണ്ടുതന്നെ മനസില്‍ സീത തയ്യാറെടുപ്പു തുടങ്ങി.  മുന്നില്‍ തുള്ളിക്കളിച്ചെത്തിയ പുള്ളിമാനിന്റെ  കണ്ണിലെ ക്രൗര്യമാണ് സീത ആദ്യം കണ്ടത്. പക്ഷേ  പുഞ്ചിരിച്ചുകൊണ്ട് അവള്‍ അതിനായി കൈകള്‍ നീട്ടി. കബളിപ്പിച്ച് ഓടിയകലുന്ന മാനിനോട് മത്സരിച്ച് ക്ഷീണിച്ചു. കൗതകത്തോടെ നോക്കിയിരുന്ന പതിയോട് അവള്‍ പരുഷമായി പരിഭവിച്ചു.

‘ലോകരക്ഷകനായ രാമന് വെറുമൊരു പുള്ളിമാനിനെ സമ്മാനിക്കാന്‍ കഴിയാത്തതെന്ത്’ എന്ന് പിണങ്ങി. പ്രിയയുടെ പരിഭവത്തിന് മുന്നില്‍ തോറ്റുപോയ രാമനുടനെഴുന്നേറ്റു. സീത കാത്തിരിക്കുകയായിരുന്നു കാടിനുള്ളില്‍ നിന്നൊരു നിലവിളിക്കായി, അതുയര്‍ന്നപ്പോള്‍ ലക്ഷ്മണന് സൈ്വര്യം കിട്ടാതെയായി. അകാരണമായി ക്ഷുഭിതയാകുന്ന, അസാധാരണ നിന്ദാവാക്കുകള്‍ പറയുന്ന ജ്യേഷ്ടത്തിയെ അവിശ്വാസത്തോടെ നോക്കിയാണ്  ലക്ഷ്മണന്‍ രാമനെ അന്വേഷിച്ചിറങ്ങിയത്.

കാട്  അസ്വസ്ഥമായി എന്തോ പിറുപിറുത്തപ്പോള്‍ കാറ്റ് കഥ നിര്‍ത്തി, പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി; 

‘അന്ന് രാമനും ലക്ഷ്മണനും പോയ വഴിയിലേക്ക് നിര്‍ന്നിമേഷയായി നോക്കിനിന്ന സീതയുടെ കണ്‍കോണുകളില്‍ ഞാന്‍ നീര്‍ത്തുള്ളികള്‍ കണ്ടിരുന്നു. നിയോഗപൂര്‍ത്തിക്കാണെങ്കിലും പതിയോടും അനുജനോടും പറഞ്ഞതൊക്കെ  അവളെ വേദനിപ്പിച്ചിരുന്നു. രാവണനെത്തിയപ്പോള്‍ ഇറങ്ങി ചെല്ലുകയായിരുന്നു സീത. ഭര്‍ത്താവിന്റെ ജന്മോദ്ദേശ്യം സഫലമാക്കാനായിരുന്നു ആ അന്യപുരുഷനൊപ്പം സീത പോയതും ലങ്കയില്‍ വസിച്ചതും. അതിന്റെ പേരില്‍ തന്റെ പരിശുദ്ധി തെളിയിക്കേണ്ടി വന്നതില്‍ രാമനോടവള്‍ക്ക് പരിഭവമില്ലായിരുന്നു. അത് തന്റെ  ഭര്‍ത്താവ് രാമന്റെ ആവശ്യമായിരുന്നില്ലെന്ന് അറിയുന്നവളായിരുന്നു സീത. പക്ഷേ സ്ത്രീ എന്ന നിലയില്‍ അന്ന് ആ പരീക്ഷണത്തിന് വിധേയാകുമ്പോള്‍  സീതയ്‌ക്ക് വല്ലാതെ നൊന്തു.

കുട്ടിക്കാലം ചെലവഴിച്ച മിഥിലയും രാമപത്‌നിയായി വാണ അയോധ്യയുമായിരുന്നില്ല സീതയെ പിന്നീട് മോഹിപ്പിച്ചത്. കണ്ടുതീരാത്ത കാഴ്‌ച്ചകള്‍, കേട്ടുമതിവരാത്ത ശബ്ദങ്ങള്‍, കാട് നല്‍കിയ ആ അലൗകികതയോര്‍ത്ത് എപ്പോഴൊക്കെയോ സീത കൊട്ടാരക്കെട്ടുകളുടെ പടിയിറങ്ങാന്‍ മോഹിച്ചു. അത്രമേല്‍ തീക്ഷ്ണമായ ആ ആഗ്രഹസാഫല്യത്തിന് അവള്‍ കൊതിക്കുമ്പോള്‍ അതിന് വേണ്ടതൊക്കെ അയോധ്യയില്‍ നടന്നു.

ലക്ഷ്മണനൊപ്പം വീണ്ടും കാട്ടിലേക്ക് പുറപ്പെടുമ്പോള്‍ സീത രാമനെ തിരിഞ്ഞുനോക്കിയതേയില്ല. പൂര്‍ണഗര്‍ഭിണിയായി പടിയിറങ്ങിയ  ഭാര്യയെ രാമനും നോക്കിയില്ല. സീതയെപ്പോലെ ആ വിയോഗത്തിന്റെ നിയോഗം എന്നേ അറിഞ്ഞിരിക്കുന്നു രാമനും.

കാറ്റ് മന്ത്രിച്ചുകൊണ്ട് തുടര്‍ന്നു, സീത സത്യമായിരുന്നു, ആ സത്യത്തിന്റെ പൂര്‍ണത അവള്‍ അനുഭവിച്ചത് കാട്ടിലായിരുന്നു, അവിടെ ജീവശ്വാസം മറന്നുവച്ച് പോയ ഒരുവള്‍ക്കായി  വാല്‍മീകി മഹര്‍ഷി  ആശ്രമമൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. പറഞ്ഞുതീര്‍ന്ന് കാറ്റ് തലയുയര്‍ത്തിയപ്പോള്‍ കഥ കേട്ട് കാടുറങ്ങിക്കഴിഞ്ഞിരുന്നു. സീത രാമനൊപ്പം ചാഞ്ഞുറങ്ങിയ കല്ലുകള്‍ തിളക്കുന്ന വെയിലില്‍ ഇലത്തണലില്ലാതെ ചുട്ടുപൊള്ളിക്കൊണ്ടിരുന്നു….

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by