തൃശൂര്‍: സീറോ മലബാര്‍ സഭയിലെ കുര്‍ബാന പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഇന്നലെ പളളികളില്‍ വായിച്ചു. തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് നടന്ന കുര്‍ബാനയ്ക്കിടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ഇടയലേഖനം വായിച്ചത്.
തൃശൂര്‍ അതിരൂപതയ്ക്ക് കീഴിലുള്ള 216 പള്ളികളില്‍ ഭൂരിഭാഗം ദേവാലയങ്ങളിലും ഇടയലേഖനം വായിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു. വിയോജിപ്പുമായി രംഗത്തെത്തിയ ഇരിങ്ങാലക്കുട രൂപതയ്ക്കും എറണാകുളം- അങ്കമാലി അതിരൂപതയ്യ്ക്കും കീഴിലുള്ള പള്ളികളിലും ഇടയലേഖനം വായിച്ചു.
ഇരിങ്ങാലക്കുട കത്തീഡ്രലില്‍ നടന്ന കുര്‍ബാനയില്‍ മാര്‍ പോളി കണ്ണൂക്കാടനാണ് ഇടയലേഖനം വായിച്ചത്. സിനഡ് വിഷയം ചര്‍ച്ച ചെയ്തെന്ന് ഇടയലേഖനം പറയുന്നു. ആരാധനക്രമത്തിലെ മാറ്റത്തില്‍ അന്തിമ തീരുമാനം മാര്‍പാപ്പയാണ് എടുക്കേണ്ടത്. ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് അധികാരമില്ല. വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
വിയോജിപ്പുമായി രംഗത്തെത്തിയ തൃശൂര്‍ അതിരൂപതയിലെ ആറോളം വൈദികര്‍ അവരുടെ പള്ളികളില്‍ ഇടയലേഖനം ഇന്നലെ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും ഇടയലേഖലനം വായിച്ചില്ലെന്നാണ്വിവരം.
കുര്‍ബാനക്രമം പരിഷ്കരിക്കാനുളള സിനഡ് തീരുമാനത്തിനെതിരെ ഔദ്യോഗികമായി സിനഡിന് പരാതി നല്കിയ സാഹചര്യത്തിലാണ് ഇടയലേഖനം വായിക്കേണ്ടെന്ന് വിമത വിഭാഗം തീരുമാനിച്ചതെന്ന് പറയുന്നു.
കുര്‍ബാന ഏകീകരണത്തില്‍ വൈദികര്‍ക്കിടയിലുള്ള എതിര്‍പ്പിനെതിരെ തൃശൂര്‍ അതിരൂപത കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സീറോ മലബാര്‍ സഭ പരിഷ്കരിച്ച കുര്‍ബാനക്രമം നവം. 28 മുതല്‍ നടപ്പാക്കണമെന്നാണ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കുര്‍ബാന ക്രമം പരിഷ്കരിക്കുന്നതിന് എതിര്‍പ്പുള്ള ഒരു വിഭാഗം പുരോഹിതര്‍ അതിരൂപതയുടെ മുന്നറിയിപ്പ് അവഗണിച്ച് ഓണ്‍ലൈന്‍ യോഗം നടത്തിയിരുന്നു.
വിയോജിപ്പുമായി രംഗത്തെത്തിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദീകരും അവരുടെ പളളികളില്‍ ഇന്നലെ ഇടയലേഖനം വായിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇടയലേഖന വായന വിശ്വാസികള്‍ തടസപ്പെടുത്തി. വൈദികനെ ഇടയലേഖനം വായിക്കാന്‍ ഇവര്‍ അനുവദിച്ചില്ല. ഇടയലേഖനം വായിക്കുന്നത് തടഞ്ഞ നടപടിയില്‍ എതിര്‍പ്പുമായി മറ്റൊരു വിഭാഗവും രംഗത്തത്തിയതോടെ പള്ളിക്കുള്ളില്‍ വിശ്വാസികള്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. മാര്‍ ആലഞ്ചേരിയുടെ ലേഖനം വായിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിഷേധക്കാര്‍ ഇടയലേഖനം പള്ളിയ്ക്ക് മുന്നില്‍ കത്തിച്ചു. നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: