കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഹൈറിസ്ക് വിഭാഗത്തില്‍ പെടുത്തിയ 20പേര് ഉള്‍പെടെ 188പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിപയുടെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടി കഴിച്ച റംബുട്ടാനില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്.
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴുപേരുടെ സാംപിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് അയച്ചതായും മന്ത്രി അറയിച്ചു. ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: