കെ.സി. വേണുഗോപാല്‍ പറയുന്നത് കോണ്‍ഗ്രസ്സില്‍ അച്ചടക്കത്തിന്റെ ലക്ഷമണരേഖ വരയ്ക്കാന്‍ പോകുന്നുവെന്നാണ്. നല്ലത്! പക്ഷേ ഒരു പ്രശ്നമുണ്ട്. ലക്ഷമണന് രേഖ വരച്ചത് സീതാദേവിയുടെ സുരക്ഷ ലക്ഷ്യമാക്കിയായിരുന്നു. പക്ഷേ രാഹുലിന്റെയും വേണുവിന്റെയും മട്ടു കണ്ടിട്ട് അത് ദശരഥനെ പിടിച്ചുകെട്ടാന്‍ ലക്ഷമണന് കണ്ടുപിടിച്ച വിദ്യയാണെന്നാണ് അവര്‍ മനസ്സിലാക്കിയതെന്നാണ്! എന്തായാലും രാഹുലിന്റെ സ്വാഭാവിക മാതൃകയായ ഔറംഗസേബിനെ പിന്തുടരുന്ന ഭാഷയിലല്ല വേണുഗോപാല്‍ സംസാരിക്കുന്നതെന്നതില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും സമാധാനിക്കാം. ദേശീയതലത്തില്‍ രാമപക്ഷത്തിന് മറുതലയ്ക്കു നില്ക്കുന്ന രാഹുലിന്റെ സേനാധിപതി രാമായണം ഉദ്ധരിക്കുമ്പോള്‍ ശൂര്‍പ്പണഖ സര്‍വാംഗസുന്ദരിയായി രാമനെയും ലക്ഷ്മണനെയൂം സമീപിച്ചപ്പോള്‍ സ്വയം വരച്ച വരകള്‍ കടക്കാതെയും അതിര് വിട്ട് വെട്ടില്‍ വീഴാതെയും അവര്‍ നടന്ന വഴികളോര്‍ക്കണം. സമാനമായ സന്ദര്‍ഭം കേരളത്തില്‍ രൂപപ്പെട്ടപ്പോള്‍ സ്വയം ഒരു ലക്ഷമണരേഖ വരച്ച് അതിനുള്ളില്‍ നിന്നിരുന്നെങ്കില്‍ ലോക്സഭയില്‍ പോയി അന്തസ്സായി ഇരിക്കാമായിരുന്നെന്നും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് പുറംവാതില്‍ പ്രവേശനം വേണ്ടിവരില്ലായിരുന്നെന്നും ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ ഒപ്പമുള്ളവര്‍ക്കും ഒട്ടോക്കെ നന്നാകാന്‍ മാതൃക ലഭിക്കും.
നെഹ്രുകുടുംബാധിപത്യത്തില് നിന്ന് സോണിയയുടെ സര്‍വ്വാധിപത്യത്തിലേക്ക് വഴുതിവീണ ഹൈക്കമാന്‍ഡ് മാഫിയയുടെ കാവലാളായതോടെ തന്റേതാണ് വരുംകാലമെന്ന് കരുതുന്നതില്‍ അപകടം പതിയിരിക്കുന്നെന്നു കൂടി കെ സി വേണുഗോപാല്‍ തിരിച്ചറിയണം. നെഹ്രുവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഇന്ദിരയുടെ സ്വന്തവുമായിരുന്ന മത്തായി കളത്തിനു പുറത്തായത് മറക്കേണ്ട. ഇന്ദിരയെ കസേരയിലിരുത്തിയ കാമരാജിനെ കൈക്കലയില്ലാതെ പിടിച്ചെറിഞ്ഞ കുരുത്തക്കേട് മറക്കരുത്. സഞ്ജയന്റെ കൂട്ടുകാരെയും പ്രിയതമ മേനകാ ഗാന്ധിയെയും രാജീവിനുവേണ്ടി അധികാരം പിടിച്ചെടുത്ത അരുണ്നെഹ്രുവിനെയും പടിക്ക് പുറത്തേക്ക് പറിച്ചെറിഞ്ഞത് മറക്കേണ്ട. ഇന്ദിരയുടെയും കുടുംബത്തിന്റെയും വിശ്വസ്തനായിരുന്ന കരുണാകരനോട് കരുണ കാട്ടാതിരുന്ന സോണിയയുടെ കയ്യിലിരിപ്പ് മറക്കണ്ട. ഇന്ദിരയുടെ മറ്റൊരു വിശ്വസ്തനായിരുന്ന പി.സി. അലക്സാണ്ടര്‍ക്ക് ഭാരത രാഷ്ട്രപതിയാകുന്നതിന് അടല്‍ബിഹാരിവാജ്പേയ് തുറന്ന വഴിയടച്ച സോണിയയുടെ നെറികേടും മറക്കണ്ട. രാഹുലിനെ വലിച്ചെറിഞ്ഞ് പ്രിയങ്കയും റോബര്‍ട്ട് വധേരയും കയറിയിരിക്കാന്‍ തക്കം പാത്തിരിക്കുന്ന ‘ഹൈക്കമാന്‍ഡില്‍’ തുടര്‍സേവനത്തിന് ഇപ്പോഴുള്ള കൈക്കാര്‍ക്കും കാവല്ക്കാര്ക്കും ഇടം തുടരുമെന്ന് വെറുതെ മോഹിക്കുന്നതിന് വകയൊന്നുമില്ലെന്നു ചുരുക്കം! ആന പുതിയതാകുമ്പോള്‍ പിണ്ഡം വാരാനും കുളിപ്പിക്കാനും കൂട് വൃത്തിയാക്കാനും പുതിയ മിടുക്കന്മാരെ കണ്ടെത്തുന്നതായിരുന്നു നെഹ്രുകുടുംബ രീതിയെന്നത് അറിഞ്ഞും കണ്ടും നിന്ന് തത്കാലം അഷ്ടിക്കുള്ളത് തേടുന്നതിനപ്പുറം വലിയ പ്രതീക്ഷയൊന്നും ബാക്കി വെക്കാതിരിക്കുന്നതാകും ബുദ്ധി.
കോണ്‍ഗ്രസ്സ്മുക്ത ഭാരതത്തിലേക്ക് അതിവേഗം ബഹുദൂരം യാത്ര തുടരുകയാണ്. അവിടെയാണ് തൂങ്ങിച്ചാകുന്നവന്റെ കാലേല് തൂങ്ങി കേരളത്തില്‍ രാഷ്ട്രീയഉയരങ്ങളിലേക്ക് കയറാമെന്ന് കരുതുന്നവര്‍ പ്രാണന് പോകുന്ന കളിയാണ് കളിക്കുന്നതെന്ന് പറയേണ്ടിവരുന്നത്. കേരളവും കോണ്‍ഗ്രസ്സ്മുക്ത നാളുകളിലേക്ക് ഉണര്‍ന്നെണീക്കാന്‍ വഴികള്‍ ഒരുങ്ങുന്നു. അതുകൊണ്ട് കോണ്ഗ്രസ്സിനുള്ളിലുള്ളവര് തമ്മില്‍ തല്ലി തല കീറിയാലും പൊതുസമൂഹം നിസ്സംഗതയോടെ നോക്കി നില്ക്കും.
ചാണ്ടിഉമ്മന് കസേര കണ്ടെത്തുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കും സ്വന്തമായി ഒരവസരം തേടുന്നതില്‍ രമേശിനും മുന്നോട്ടുള്ള വഴി കോണ്‍ഗ്രസ്സിനുള്ളില്‍ അടഞ്ഞിരിക്കുന്നുവെന്ന, അവരെ രണ്ടു പേരെ മാത്രം ബാധിക്കുന്ന, വിഷയമാണിപ്പോള്‍ പ്രശ്നം. 2016ലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്‍പ്പടെ പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളികളുയര്‍ത്തിയ ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് അനഭിമതനായി. അമേഠിയില്‍ നിന്ന് ഓടേണ്ടിവന്ന രാഹുലിന് വയനാട്ടിലൂടെ ലോകസഭയിലേക്ക് വഴിയൊരുക്കിയത് മുസ്ലിംലീഗാണ്.
ഉമ്മന്‍ ചാണ്ടിയെയും രമേശിനെയും വൃദ്ധസദനങ്ങളിലേക്ക് ‘നടതള്ളാന്‍’ കെ.സി. വേണുഗോപാല്‍ കൗശലം തുടങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശിനെ പിന്നോട്ടു മാറ്റി ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി അവര്‍ തമ്മില്‍തല്ലാന്‍ വഴിയൊരുക്കി. രണ്ടു പേരെയും നേമത്ത് കുരുതി കൊടുക്കാന്‍ കുളിപ്പിച്ചു നിര്‍ത്തി. അവിടെ നിന്നൊക്ക ഉമ്മന്‍ചാണ്ടി ഊരിമാറി; ചെന്നിത്തല തെന്നിമാറി. തിരഞ്ഞെടുപ്പില്‍ കിട്ടിയ തോല്‍വി പോലും വേറിട്ട കുതന്ത്രങ്ങള്‍ക്ക് ഇടമൊരുക്കി. പുതിയൊരു പ്രതിപക്ഷനേതാവിനെ കുടിയിരുത്തിയതോടെ അവര്‍ രണ്ടും കോണ്‍ഗ്രസ്സിലിനി ചുക്കുമല്ല, ചുണ്ണാമ്പുല്ലെന്ന് വിളിച്ചുറിയിച്ചു.
ക്രിമിനല്‍ കേസിലെ വാദിക്കും പ്രതിക്കും ഒരു പോലെ പോലീസ് സ്റ്റേഷനില്‍ ശുപാര്‍ശ നല്കുന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രം, കാലം മാറിയതറിയാതെ, ജില്ലാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്മാരെ നിര്‍ദ്ദേശിക്കുന്നതിലും ആവര്‍ത്തിച്ചുകൊണ്ട് കണ്ടവരുടെയൊക്ക പേരുകള്‍ നല്കിയതും മറുപക്ഷം ആയുധമാക്കി. ഫലമോ ഉമ്മന്‍ചാണ്ടി തല ഉയര്‍ത്തിയ ശേഷം സ്വന്തം മതത്തിലും ആശ്രിതരായവര്‍ക്കും വേണ്ടി സംവരണം ചെയ്തിരുന്ന കോട്ടയം ഡിസിസി അദ്ധ്യക്ഷ സ്ഥാനം പോലും കൈവിട്ടു പോയി. ആന്റണിപക്ഷം കേരളത്തില്‍ അധികാരത്തില്‍ എത്തിയപ്പോഴൊക്കെ വയലാര്‍ രവിയെയും സുധീരനെയും ആര്യാടന് മുഹമ്മദിനെയുമൊക്കെ ഒഴിവാക്കിയും ഒതുക്കി നിര്‍ത്തിയും താക്കോല്‍ സ്ഥാനം സ്വന്തമാക്കിവെച്ച വര്‍ഗീയതയുടെ കൈമിടുക്കുകൊണ്ടിനി കാര്യമില്ലെന്ന സൂചനകള്‍ ലഭിച്ചു.
ടി.പി. ചന്ദ്രശേഖരന് കൊലപാതകക്കേസിലുള്പ്പടെ ധീരവും നീതിയുക്തവുമായ നിലപാടെടുത്ത ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആന്റണി കോണ്‍ഗ്രസ്സിലെ രണ്ടാമനായി വളരുന്നത് നാളെ തന്റെ മകന്റെ വഴിമുടക്കുമോയെന്ന് ഭയന്ന് നടത്തിയ രാഷ്ട്രീയ കൗശലത്തിന്റെ കാലം കഴിഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കുന്നതാണിനി വിവേകം. ആഭ്യന്തരമന്ത്രിയെന്ന താക്കോല്‍ സ്ഥാനം കയ്യടക്കിയ രമേശ് ചെന്നിത്തലയും ചിലതു മനസ്സിലാക്കേണ്ടതുണ്ട്.
ഉമ്മന്‍ ചാണ്ടി പക്ഷം ഇനി കൂടെ കൂടാന്‍ പോകുന്നെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് അത്തരം സുഹൃത്തുക്കളുള്ളപ്പോള്‍ ഇനി ശത്രുക്കളുടെ ആവശ്യമില്ലെന്നതാണ് അതില്‍ പ്രധാനം. പോരാട്ടത്തിന്റെ രാഷ്ട്രീയ യൗവ്വനവും വൈകിവന്ന ഭരണപങ്കാളിത്തത്തില്‍ പ്രകടിപ്പിച്ച ഇളക്കം തട്ടാത്ത ആദര്ശമികവും നിറഞ്ഞ തന്റെ രാഷ്ട്രീയജീവിതത്തിന്റെ അമ്പതു വര്‍ഷങ്ങളിലധികം ഉമ്മന്‍ ചാണ്ടിയോടൊപ്പം നിന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അനുഭവവും രമേശ് മറക്കാതിരിക്കയാകും ബുദ്ധി. അനില്‍ ആന്റണിയും ചാണ്ടിഉമ്മനും വന്ന വഴിയിലൂടെ അര്ജുന് രാധാകൃഷ്ണനും കടന്നുവരാന്‍ ശ്രമിക്കുമ്പോള്‍ കൂടെയുള്ള കുട്ടിപട്ടാളത്തിന്റെ കയ്യില്‍ കുന്തങ്ങളും കൊടുത്ത് പടയ്ക്കിറക്കുന്നതിന്റെ പിന്നിലെ കുതന്ത്രം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഊഴം കാത്തിരിക്കുന്ന രമേശിന്റെ മക്കള്‍ നാളെ അച്ഛനെ കുറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാകും
അങ്ങനെ താങ്ങും തണലും നല്കിയ അവസരങ്ങള്‍ മുതലെടുത്താണ് തങ്ങളുടെ രാഷ്ട്രീയ ഇടം കണ്ടെത്തിയതെങ്കിലും ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇന്നുള്ള ജനകീയ അടിത്തറ അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെയാണ് അവരുടെ മുന്നില്‍ രാഹുലോ വേണുഗോപാലോ വരയ്ക്കാനാഗ്രഹിക്കുന്ന ‘ലക്ഷമണരേഖ’ സീതാദേവിയെ സംരക്ഷിക്കുന്നതിന് ഉദ്ദേശിച്ചു വരച്ചതിനു സമാനമല്ലെന്നും ദശരഥനെയോ രാമനെയോ പിടിച്ചു കെട്ടാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും പറയേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: