ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സിന് സമാപനമായപ്പോള്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍. മേളയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍വേട്ടയുമായാണ് ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ പുതുചരിത്രം രചിച്ചത്. അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ സ്വന്തമാക്കിയത്. പാരാലിമ്പിക്സിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ വേട്ടയാണ് ഇത്തവണത്തേത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ അവാനി ലേഖര ഇന്ത്യന്‍ പതാകയേന്തി.
1968-ലാണ് ഇന്ത്യ ആദ്യമായി പാരാലിമ്പിക്സില്‍ മത്സരിക്കുന്നത്. 2016 റിയോ പാരാലിമ്പിക്സ് വരെ ഇന്ത്യക്ക് ആകെ നേടാനായത് 12 മെഡലുകള്‍ മാത്രമായിരുന്നു. ടോക്കിയോയ്ക്ക് മുന്‍പ് നടന്ന പതിനൊന്ന് പാരാലിമ്പിക്സുകളില്‍ നിന്നായി നാല് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 12 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ഇതില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്സിലേതായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.
മെഡല്‍ വേട്ടയില്‍ സ്വന്തമായ നേട്ടം ഇന്ത്യയുടെ മെഡല്‍പട്ടികയിലെ സ്ഥാനത്തിനും നേട്ടമുണ്ടാക്കി. 19 മെഡലുകള്‍ നേടിയ ഇന്ത്യന്‍ സംഘം മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനത്തെത്തി. 96 സ്വര്‍ണവും 60 വെള്ളിയും 51 വെങ്കലവുമടക്കം 207 മെഡലുകളുമായി ചൈനയാണ് മെഡല്‍പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 41 സ്വര്‍ണവും 38 വെള്ളിയും 45 വെങ്കലവുമടക്കം 124 മെഡലുകളുമായി ബ്രിട്ടണ് രണ്ടാമതും 37 സ്വര്‍ണവും 36 വെള്ളിയും 31 വെങ്കലവുമടക്കം 104 മെഡലുമായി അമേരിക്ക മൂന്നാമതുമെത്തി.
ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചതെങ്കില്‍ പാരാലിമ്പിക്സില്‍ 19 മെഡലുകള്‍ നേടിയാണ് ഇന്ത്യയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക്സില് എട്ട്, ഷൂട്ടിങ്ങില്‍ അഞ്ച്, ബാഡ്മിന്റണില്‍ നാല്, അമ്പെയ്ത്തില്‍ ഒന്ന്, ടേബിള്‍ ടെന്നിസില്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇത്തവണത്തെ മെഡല്‍ കണക്ക്
ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍
സ്വര്‍ണം:
അവാനി ലേഖര (ഷൂട്ടിങ്, 10 മീ. എയര്‍ റൈഫിള്‍ എസ്എച്ച് 1), സുമിത് ആന്റില്‍ (പുരുഷ ജാവലിന്‍ എഫ് 64), മനിഷ് നര്‍വാള്‍ (ഷൂട്ടിങ്, മിക്സഡ് പി 4 50മീ. പിസ്റ്റള്‍ എസ്എച്ച് 1), പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എല്‍ 3), കൃഷ്ണ നാഗര്‍ (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എച്ച് 6).
വെള്ളി:
ഭവിന പട്ടേല്‍ (ടേബിള്‍ ടെന്നീസ്, വനിതാ വ്യക്തിഗത ക്ലാസ് 4), നിഷാദ് കുമാര്‍ (പുരുഷ ഹൈജമ്പ് ടി 47), യോഗേഷ് കതുനിയ (പുരുഷ ഡിസ്കസ് ത്രോ എഫ് 56), ദേവേന്ദ്ര ജജാരിയ (ജാവലിന്‍ ത്രോ എഫ് 46), മാരിയപ്പന് തങ്കവേലു (ഹൈജമ്പ് ടി 63), പ്രവീണ്‍കുമാര്‍ (ഹൈജമ്പ് ടി 64), സിങ്രാജ് അധാന (മിക്സഡ് പി 4 50 മീ. പിസ്റ്റള്‍ എസ്എച്ച് 1), സുഹാസ് യതിരാജ് (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 4).
വെങ്കലം:
സുന്ദര്‍ സിങ് ഗുര്‍ജാര്‍ (ജാവലിന്‍ ത്രോ എഫ് 46), സിങ്രാജ് അധാന (പി 1 10 മീ. എയര്‍ പിസ്റ്റള്‍ എസ്എച്ച് 1), ശരദ്കുമാര്‍ (ഹൈജമ്പ് ടി 63), അവാനി ലേഖര (ഷൂട്ടിങ്, ആര്8 50 മീ. റൈഫിള്‍ 3 പൊസിഷന്‍ എസ്എച്ച് 1), ഹര്‍വിന്ദര്‍ സിങ് (ആര്‍ച്ചറി, വ്യക്തിഗത റീകര്‍വ് ഓപ്പണ്‍), മനോജ് സര്‍കാര്‍ (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 3).
പ്രതികരിക്കാൻ ഇവിടെ എഴുതുക: