ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി നിര്‍ദേശപ്രകാരം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തിനും, വാതുവെപ്പിനു നിരോധനം ഏര്‍പ്പെടുത്തിയതായി മന്ത്രിസഭ അറിയിച്ചു. ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് തീരുമാനം വ്യക്തമാക്കാന്‍ കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അടുത്തിടെ നിര്‍ദേശിച്ചിരുന്നു. എന്നിരുന്നാലും, ലോട്ടറി വില്‍പ്പന, കുതിരപ്പന്തയം എന്നിവയ്ക്ക് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിയമ മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു.
കൂടാതെ കര്‍ണാടക പോലീസ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. സംസ്ഥാനത്ത് നിന്നും ഓണ്‍ലൈന്‍ ചൂതാട്ടം തുടച്ചുനീക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി നിര്‍ദേശത്തെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഭേദഗതി അംഗീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും റേസ് കോഴ്സില്‍ നടത്തുന്ന ലോട്ടറി വില്പനയോ കുതിരപ്പന്തയമോ നിരോധനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് മധുസ്വാമി വ്യക്തമാക്കി. നേരിട്ടുള്ള വാതുവെപ്പും നിരോധിച്ചവയില്‍ ഉള്‍പ്പെടും. എല്ലാ തരത്തിലുമുള്ള വാതുവെപ്പ് ഉള്‍പ്പെടുന്ന ഗെയിമുകളും, ടോക്കണുകളുടെ രൂപത്തിലോ അല്ലെങ്കില്‍ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെയോ വെര്‍ച്വല്‍ കറന്‍സി വഴിയോ പണമടച്ചുള്ള ഗെയിമുകള്‍ എന്നിവ നിരോധിക്കുന്നതായി കരട് ബില്ലില്‍ നിര്‍വചിക്കുന്നതായി മന്ത്രി പറഞ്ഞു.
നിരോധനത്തിന്റെ കരട് ബില്ല് സെപ്തംബര്‍ 13നു ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മധുസ്വാമി പറഞ്ഞു. ഈ വര്‍ഷാരംഭത്തിലാണ് കേരളം ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിരോധിച്ചത്. കൂടാതെ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: