കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച ഫയലുകള്‍ കൈമാറാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേസന്വേഷണത്തിന്റെ വിവരങ്ങള്‍, പ്രതിപ്പട്ടിക, കേസ് ഫയലുകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡി ഒരു മാസം മുന്‍പ് ക്രൈംബ്രാഞ്ചിന് നോട്ടീസയച്ചിട്ടും മറുപടി കിട്ടിയിരുന്നില്ല. 300 കോടിയുടെ തിരിമറി നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇരിങ്ങാലക്കുട പൊലീസ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇവരില്‍ നിന്നും ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസില്‍ കേസ് ഇഡി അന്വേഷിക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇഡി അന്വേഷണത്തോട് സര്‍ക്കാര്‍ വേണ്ട വിധം സഹകരിക്കുന്നില്ലെന്ന അനുഭവമാണ് ഇഡിക്കുള്ളത്. അതിനാലാണ് ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചിരിക്കുന്നത്. സിപിഎം ഭരിയ്ക്കുന്ന ബാങ്കായതിനാല്‍ പരമാവധി പേരെ രക്ഷിച്ചെടുക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും നിര്‍ണ്ണായക ഫയലുകള്‍ പലതും മാറ്റിയതായും ബിജെപിയും കോണ്‍ഗ്രസും ആരോപണമുയര്‍ത്തിയിരുന്നു. അതുപോലെ പ്രതികള്‍ ഒളിവില്‍ പോയി ആഴ്ചകള്‍ പിന്നിട്ടിട്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്ത ക്രൈംബ്രാഞ്ച് നടപടിയിലും വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: