ഇടുക്കി: പണിക്കന്‍ക്കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അടുപ്പിനടിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതി നടത്തിയത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. പലതലണ വീട്ടില്‍ പരിശോധന നടത്തിയിട്ടും പോലീസിന് പോലും ഇത് കണ്ടെത്താനായില്ല. പ്രതി കൊല നടത്തുകയും ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഈ മൃതദേഹം ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ മറവ് ചെയ്യുകയും ആയിരുന്നു. വീട്ടമ്മ മരിച്ച് കിടക്കുമ്പോഴും സ്ഥലത്ത് ചാണകം മെഴുകി ഇതിന് മുകളിലുള്ള അടുപ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചു.
ദൃശ്യം സിനിമ ഇറങ്ങിയതിന് ശേഷം സമാനമായ രീതിയില്‍ കൊലപാതകം നടത്തി മൃതദേഹം പുറംലോകം എളുപ്പം കണ്ടെത്താതെ മറവ് ചെയ്യുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പണിക്കന്‍ക്കുടിയില്‍ ബിജോയ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
11ന് മുന്‍ ഭര്‍ത്താവിനെ ചൊല്ലി ബിയോയിയും സിന്ധുവും തമ്മില്‍ വഴക്കുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ഇളയ മകനെ ഇവര്‍ സ്ഥലത്തുനിന്ന് മാറ്റുകയും ആയിരുന്നു. വൈകിട്ടാണ് 12കാരനെ വീടുമാറ്റിയത്. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് മനസിലായത്. അതേ സമയം ഈ ദിവസം ബിനോയിയുടെ വീട്ടില്‍ അടുക്കളയുടെ പണി നടന്നിരുന്നു.
ഏലത്തോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ട വീട്, അതും പഴയക്കാലത്ത് മണ്ണുകൊണ്ട് നിര്‍മിച്ചത്. അടുക്കളയാണെങ്കില്‍ ഇടുങ്ങിയതും വളരെ ചെറുതുമാണ്. അടുപ്പിനടിയില്‍ മൃതദേഹം ഇറക്കി കുഴിച്ചിടുക അത്ര എളുപ്പമല്ലാത്തതിനാലും മറ്റ് സംശയം തോന്നാത്തതിനാലും പോലീസും ഇവിടെ പരിശോധിച്ചില്ല.
പ്രതി ഇക്കാര്യം പുറലോകം അറിയാതിരിക്കാന്‍ ഇവിടമാകെ ചാണകം മെഴുകി അടുപ്പില്‍ 4 ദിവസത്തോളം ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു. ഇതിനൊപ്പം വിറക് വെയ്‌ക്കുന്ന ഭാഗത്ത് ചാരവും ചാക്ക് വിരിച്ച് എലക്കയും ഉണങ്ങാന്‍ ഇട്ടിരുന്നു. വാ വട്ടം കുറവുള്ള രീതിയിലാണ് കുഴി തയ്യാറാക്കിയത്. അകത്തേക്ക് വീതി കൂടി വരുന്ന തരത്തിലായിരുന്നു 2.5 അടി ആഴമുള്ള കുഴി. മണ്ണ് നീക്കിയ ശേഷം കാലുകള്‍ മടക്കി കിടക്കുന്ന തരത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. തുണി നീക്കി, ഷാള്‍ പോലുള്ള എന്തോ പുതച്ചിരുന്നു. മുഖം പ്ലാസ്റ്റിക് കവറിന് മൂടിയിട്ടുണ്ട്. കുഴിയിലാകെ കാന്താരി മുളക് വിതറുകയും ചെയ്തു. പോലീസ് നായക്ക് മണം കിട്ടാതിരിക്കാനും തുണിയുടെ അടയാളം അവശേഷിക്കാതിരിക്കാനുമാണ് ഇതെന്നാണ് പോലീസ് നിഗമനം.
പിന്നീട് കുറച്ച് വീതം മണ്ണിട്ട് ഇതുറപ്പിച്ച ശേഷമാണ് അടുത്ത മണ്ണിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മണ്ണിന് ഇളക്കം തട്ടിയതായും പുറമേ നിന്ന് തോന്നില്ല. കുഴിയുടെ പുറത്തെ വ്യാസം കുറവായതും മണ്‍വീടായതും പ്രതിയുടെ ആസൂത്രണത്തിന് തുണയായി. അതേ സമയം 12കാരന്‍ ഇവിടെ പണി നടന്നതായി കുറച്ചു ദിവസം മുന്‍പ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇവരാണ് സംശയം തീര്‍ക്കാനായി ഇവിടം കുഴിച്ച് നോക്കിയത്. ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും പിന്നീട് കൈ കാണുകയായിരുന്നു.
അതേസമയം കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സിന്ധുവിന്റെ ബന്ധുക്കള്‍. നേരത്തെ തന്നെ ഇളയമകന്‍ അടുക്കളയില്‍ തങ്ങളെ മാറ്റി നിര്‍ത്തി പണി നടത്തിയതായി പറഞ്ഞിരുന്നതായും ഇത് പരിശോധിക്കാത്തതാണ് മൃതദേഹം കണ്ടെത്താന്‍ 25 ദിവസത്തോളം വൈകുവാനും പ്രതി രക്ഷപ്പെടുവാനും ഇടയാക്കിയെന്നും ഇവര്‍ പറയുന്നു.
അതേ സമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും അടുപ്പിനടിയില്‍ മൃതദേഹം കുഴിച്ചിട്ടതായി സംശയം തോന്നിരുന്നില്ലെന്നും വെള്ളത്തൂവല്‍ സിഐ ജന്മഭൂമിയോട് പറഞ്ഞു. അടുപ്പിരിക്കുന്ന ഭാഗം വലിപ്പും വളരെ കുറഞ്ഞ സ്ഥലമാണ്. ആദ്യം മുതല്‍ ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം വീടിന് സമീപത്തെ തെങ്ങിന്‍ കുഴി, ആട്ടിന്‍കൂടിരിക്കുന്ന ഭാഗം, സമീപ പ്രദേശങ്ങളെല്ലാം പരിശോധന നടത്തിയിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണ്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലടക്കം അന്വേഷണം സംഘം എത്തിയിരുന്നു. 29ന് തൃശൂരില്‍ എത്തിയ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തിട്ടുണ്ട്. പിന്നീട് പാലക്കാടും എത്തിയതായി വിവരമുണ്ട്. ക്രിമിനില്‍ പഞ്ചാത്തലമുള്ള ആളാണ് ബിനോയി എന്നും നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ വിളിച്ചിരുന്നു. ഇത് ബിനോയിയെ അസ്വസ്ഥനാക്കി. ഫോണ്‍ എടുക്കരുതെന്ന സിന്ധുവിനോട് ഇയാള്‍ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സിന്ധു തീരുമാനിച്ചതോടെ ബിനോയി ഇവരെ വകവരുത്തിയെന്നാണ് പോലീസിന്റെ സംശയം.
പ്രതിക്കായി സമഗ്രമായ അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി അറിയിച്ചു. അന്വേഷണത്തിനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: