കോഴിക്കോട്: ഒമ്പത് വര്‍ഷത്തിന് ശേഷം മോഷ്ടാവ് പശ്ചാതപിച്ചപ്പോള്‍ ഉടമക്ക് നഷ്ടപ്പെട്ട മുതല്‍ തിരിച്ച് കിട്ടി. ‘കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ നിങ്ങളുടെ വീട്ടില്‍നിന്ന് ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തുപോയി. അതിന് പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം…’ ഇങ്ങനെ എഴുതിയ കത്തിനൊപ്പം ഏഴരപ്പവന്റെ മാലയും വെച്ചാണ് മേഷ്ടാവ് പശ്ചാതപിച്ചത്.
കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടിലാണ് കള്ളന്റെ മനമുരുകിയുള്ള കത്തും ഏഴരപ്പവന്റെ മാലയും ലഭിച്ചത്. റസാഖിന്റെ ഭാര്യ ബുഷ്റയുടെ മാല കാണാതാവുന്നത് 2012 ലാണ്. വിശേഷദിവസങ്ങളില്‍ അണിയുന്ന മാലയാണ് അലമാരയില്‍ നിന്ന് നഷ്ടപ്പെട്ടത്. ഒരിക്കല്‍ മാലയിട്ട് പുറത്തുപോകാന്‍ നോക്കിയപ്പോഴാണ് അത് അലമാരയില്‍ ഇല്ലെന്നറിയുന്നത്. എല്ലായിടത്തും തപ്പിയെങ്കിലും കിട്ടിയില്ല. വീട്ടില്‍ കള്ളന്‍കയറിയ സൂചനയും ഉണ്ടായിരുന്നില്ല. മാല വീണുപോയതായിരിക്കുമെന്ന് ബുഷ്റ സംശയിച്ചു. പതിയെ സംഭവം മറന്നുപോകുകയും ചെയ്തു.
കഴിഞ്ഞദിവസം രാവിലെയാണ് ജനാലയ്ക്കരികില്‍ ഒരു കടലാസുപൊതി പ്രത്യക്ഷപ്പെട്ടത്. പൊതികണ്ട് ഭയം തോന്നിയ ബുഷ്റ വടി കൊണ്ട് അത് തട്ടിത്താഴെയിട്ടു. അപകടമില്ലെന്ന് മനസിലാക്കി തുറന്ന് നോക്കിയപ്പോഴാണ് അമ്പരന്നത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ തന്റെ മാല, ഒപ്പം കത്തും. എട്ട് പവനായിരുന്നു നഷ്ടപ്പെട്ട മാല. ഇപ്പോഴത്തെ വില കണക്കിലെടുത്ത് കള്ളന് ഏഴരപ്പവന്റെ മാലയാണ് പകരം നല്‍കിയതെന്നു മാത്രം!. ഏതായാലും മോഷ്ടാവിനോട് പൊറുക്കാന്‍ തന്നെയാണ് വീട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: